9 Feb 2014

നയന്‍റ്റീന്‍ ഏയ്‌റ്റി ത്രീ - ഓരോ ക്രിക്കറ്റ് പ്രേമിയും കണ്ടിരിക്കേണ്ട സിനിമ! 7.30/10

ഓരോ മലയാളികളുടെയും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന ആവേശമാണ് ക്രിക്കറ്റ് കളിയും സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസ താരവും. മേല്പറഞ്ഞ രണ്ടു വസ്തുതകളെ ഗൃഹതുരത്വമുണര്‍ത്തുന്ന രംഗങ്ങളിലൂടെ ആവിഷ്കരിച്ചിരിക്കുന്ന സിനിമയാണ് നയന്‍റ്റീന്‍ ഏയ്‌റ്റി ത്രീ. നവാഗതനായ എബ്രിഡ്‌ ഷൈന്‍ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ഈ സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത് ബിപിന്‍ ചന്ദ്രനും എബ്രിഡ്‌ ഷൈനും ചേര്‍ന്നാണ്. ഷാംസ് ഫിലിംസിന്റെ ബാനറില്‍ ടി.ആര്‍.ഷംസുദീനാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ലാല്‍ ജോസിന്റെ വിതരണ കമ്പനി എല്‍.ജെ.ഫിലിംസാണ് 1983 വിതരണം ചെയ്തിരിക്കുന്നത്. പ്രദീഷ് എം. വര്‍മ്മ ചായാഗ്രഹണവും, മനോജ്‌ ചിത്രസന്നിവേശവും, ഗോപി സുന്ദര്‍ പശ്ചാത്തല സംഗീതവും പാട്ടുകളുടെ സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.

1983ല്‍ ക്രിക്കറ്റ് ലോകകപ്പ്‌ ഇന്ത്യ നേടിയതോടെ ഓരോ ഇന്ത്യക്കാരന്റെയും ജീവിതത്തിലെ ഒരു ഭാഗമായി ക്രിക്കറ്റ് എന്ന വിനോദം. കേരളത്തിലെ ചെറിയ ഗ്രാമങ്ങളില്‍ പോലും ക്രിക്കറ്റ് ഒരു ആവേശമായി മാറിയിരുന്ന 1983 കാലഘട്ടത്തില്‍ ആരംഭിക്കുന്ന കഥയാണ് 1983. സ്കൂള്‍ വിദ്യഭ്യാസ കാലഘട്ടം മുതല്‍ ക്രിക്കറ്റ് ലഹരിയായി മാറിയ ഒരു കൂട്ടം ചെറുപ്പക്കാരില്‍ പ്രധാനിയായിരുന്നു രമേശന്‍. വീട്ടില്‍ നിന്നുമുള്ള എതിര്‍പ്പുകളൊന്നും തന്നെ വകവെയ്ക്കാതെ ക്രിക്കറ്റ് കളിക്കുവാന്‍ ദിവസവും പോയിരുന്ന രമേശന്‍ പഠനം പോലും ഉപേക്ഷിച്ചു. കാലഘട്ടങ്ങള്‍ പലതും കടന്നു പോയിട്ടും, സ്നേഹിച്ചിരുന്ന പെണ്‍കുട്ടിയെ നഷ്ടപെട്ടിട്ടും രമേശന് ക്രിക്കറ്റിനോടുള്ള ആവേശം നഷ്ടമായില്ല. തുടര്‍ന്ന് രമേശന്റെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. രമേശനായി നിവിന്‍ പോളിയാണ് അഭിനയിച്ചിരിക്കുന്നത്. 

കഥ, തിരക്കഥ: ഗുഡ്
സംവിധായകന്‍ എബ്രിഡ്‌ ഷൈനിന്റെ കഥയ്ക്ക്‌ കഥാസന്ദര്‍ഭങ്ങള്‍ എഴുതിയിരിക്കുന്നത് ബിപിന്‍ ചന്ദ്രനും എബ്രിഡ്‌ ഷൈനും ചേര്‍ന്നാണ്. 1983 മുതല്‍ 2013 വരെ ക്രിക്കറ്റ് എന്ന വിനോദവും സച്ചിന്‍ രമേശ്‌ തെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസ താരവും രണ്ടു തലമുറകളെ സ്വാധീനിച്ചത്തിന്റെ കഥയാണ് ഈ സിനിമ. മേല്പറഞ്ഞ പ്രമേയം ഗൃഹാതുരത്വം ഉണര്‍ത്തുന്ന രംഗങ്ങളിലൂടെ തിരക്കഥയില്‍ എഴുതുവാനും രസിപ്പിക്കുന്ന സംഭാഷണങ്ങളിലൂടെ കഥ പറഞ്ഞുപോകുവാനും തിരക്കഥകൃത്തുക്കള്‍ നടത്തിയ ശ്രമം നൂറു ശതമാനം വിജയിച്ചു. ക്രിക്കറ്റ് കളി പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്ക്കുവാനും, തനിക്കാവാന്‍ പറ്റാത്ത ഉയരങ്ങളില്‍ മകനെ കൈപിടിച്ചുയര്‍ത്തണമെന്ന രമേശന്റെ ആഗ്രഹവും, അതിനായുള്ള അയാളുടെ പരിശ്രമങ്ങളും വിശ്വസനീയതയോടെ കഥാസന്ദര്‍ഭങ്ങളാക്കുവാന്‍ എബ്രിഡ്‌ ഷൈനിനും ബിപിന്‍ ചന്ദ്രനും സാധിച്ചു എന്നതാണ് സിനിമയുടെ വിജയം. അഭിനന്ദനങ്ങള്‍!

സംവിധാനം: വെരി ഗുഡ്
ഒരു പുതുമുഖ സംവിധായകന്‍ എന്ന തോന്നലുളവാക്കാതെ ഓരോ രംഗങ്ങളും പ്രേക്ഷകരുടെ ഹൃദയത്തില്‍ തോടുവാനും, ക്രിക്കറ്റ് ഒരു ലഹിരിയായി പ്രേക്ഷകരിലേക്ക് പകരുവാനും സാധിച്ചതാണ് എബ്രിഡ്‌ ഷൈനിന്റെ വിജയം. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഇഷ്ടമാകുന്ന രണ്ടു ഘടഗങ്ങളായ ഗൃഹതുരത്വവും ക്രിക്കറ്റും ഒരുപോലെ ചേര്‍ത്തുവെക്കുന്ന രംഗങ്ങള്‍ ചിത്രീകരിക്കുവാന്‍ സംവിധായകന് സാധിച്ചു. അതുകൂടാതെ, പ്രദീപ്‌ എം. വര്‍മ്മയുടെ ചായാഗ്രഹണവും, മനോജിന്റെ സന്നിവേശവും, ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും, ജയചന്ദ്രനും വാണി ജയറാമും ചേര്‍ന്നാലപിച്ച ഓലഞ്ഞാലി കുരുവി എന്ന പാട്ടും, അഭിനേതാക്കളുടെ പ്രകടനവും മികച്ച രീതിയില്‍ ഒത്തുചേര്‍ന്നു വന്നപ്പോള്‍ മികച്ച സിനിമ അണിയിചൊരുക്കുവാന്‍ എബ്രിഡ്‌ ഷൈനിന് സാധിച്ചു. അഭിനന്ദനങ്ങള്‍!

സാങ്കേതികം: ഗുഡ്
ക്രിക്കറ്റ് കളി ഇത്രയും മികച്ച രീതിയില്‍ വിശ്വസനീയതയോടെ ചിത്രീകരിച്ചിരിക്കുന്ന ഒരു മലയാള സിനിമയും ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. സിനിമയിലെ ഓരോ രംഗങ്ങളും കഥയ്ക്ക് അനുസൃതമായ രീതിയില്‍ ചിത്രീകരിക്കുവാന്‍ പ്രദീപ്‌ എം. വര്‍മ്മയ്ക്ക് സാധിച്ചു. വിവിധ കാലഘട്ടങ്ങളിലൂടെ കഥപറയുന്ന ഈ സിനിമയ്ക്ക് അതായതു കാലഘട്ടങ്ങളിലുള്ള മാറ്റങ്ങള്‍ വരുത്തുവാനും അവയെല്ലാം ഫ്രെയിമില്‍ ഉള്പെടുത്തുവാനും പ്രദീപ്‌ ശ്രമിച്ചിട്ടുണ്ട്. പ്രദീപ്‌ പകര്‍ത്തിയ രംഗങ്ങള്‍ മികച്ച രീതിയില്‍ സന്നിവേശം ചെയ്തത് മനോജാണ്. ഹരി നാരായണന്‍, സന്തോഷ്‌ വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ഈണം പകര്‍ന്നത് ഗോപി സുന്ദറാണ്. മൂന്ന് പാട്ടുകളുള്ള ഈ സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ ഗാനം ഓലഞ്ഞാലി കുരുവി എന്ന ഗാനമാണ്. ഗോപി സുന്ദര്‍ പകര്‍ന്ന പശ്ചാത്തല സംഗീതവും ഓരോ രംഗങ്ങള്‍ക്കും മാറ്റുക്കൂട്ടുന്നവയായിരുന്നു. അജയന്‍ മാങ്ങാടിന്റെ കലാസംവിധാനവും, റോഷന്റെ മേക്കപ്പും, സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും, രാജകൃഷ്ണന്റെ ശബ്ദമിശ്രണവും മികവു പുലര്‍ത്തി.

അഭിനയം: ഗുഡ്
നിവിന്‍ പോളി, അനൂപ്‌ മേനോന്‍, ജേക്കബ്‌ ഗ്രിഗറി, ജോയ് മാത്യു, സൈജു കുറുപ്പ്, സഞ്ജു, ദിനേശ് നായര്‍, ജോജു, പ്രജോദ് കലാഭവന്‍, ജിയാദ്, രാജീവ്‌ പിള്ള, നീരജ് മാധവ്, നിക്കി ഗല്‍റാണി, ശ്രിന്ദ ആഷബ്, സീമ ജി. നായര്‍, അംബിക മോഹന്‍, ശാന്ത ദേവി എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കള്‍. നിവിന്‍ പോളിയുടെ അഭിനയ ജീവിതത്തിലെ നാഴികകല്ലായി മാറുവാന്‍ പോകുന്ന സിനിമയായിരിക്കും 1983. 20 വയസ്സ് മുതല്‍ 40 വയസ്സ് വരെയുള്ള രമേശന്റെ ജീവിതം മികച്ച രീതിയില്‍ അഭിനയിച്ചു ഫലിപ്പിക്കുവാന്‍ നിവിന് സാധിച്ചു എന്നത് ഒരു ചെറിയ കാര്യമല്ല. അതിഥി വേഷത്തിലെത്തിയ ഗ്രിഗറിയും, ക്രിക്കറ്റ് പരിശീലകന്റെ വേഷത്തിലെത്തിയ അനൂപ്‌ മേനോനും, രമേശന്റെ അച്ഛന്‍ വേഷത്തില്‍ അഭിനയിച്ച ജോയ് മാത്യുവും, രമേശന്റെ ഭാര്യയായി അഭിനയിച്ച ശ്രിന്ദയും മികച്ച രീതിയില്‍ അഭിനയിച്ചിട്ടുണ്ട്. ഏവര്‍ക്കും അഭിനന്ദനങ്ങള്‍!

സിനിമയില്‍ ഇഷ്ടപെട്ടവ:
1. കഥയും കഥാസന്ദര്‍ഭങ്ങളും 
2. എബ്രിഡ്‌ ഷൈനിന്റെ സംവിധാനം
3. ഗോപി സുന്ദറിന്റെ സംഗീതം 
4. ചായാഗ്രഹണം 
5. നടീനടന്മാരുടെ അഭിനയം 

നയന്‍റ്റീന്‍ ഏയ്‌റ്റി ത്രീ റിവ്യൂ: മലയാളികളുടെ ആവേശമായ ക്രിക്കറ്റ് കളിയും സച്ചിന്‍ തെണ്ടുല്‍ക്കറും, മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഗൃഹതുരത്വവും വിശ്വസനീയമായ രംഗങ്ങളിലൂടെ കോര്‍ത്തിണക്കിക്കൊണ്ട് ആവിഷ്കരിച്ചിരിക്കുന്ന സിനിമയായ 1983 എല്ലാ തലമുറയിലെ പ്രേക്ഷകരെയും രസിപ്പിക്കുമെന്നുറപ്പ്.

നയന്‍റ്റീന്‍ ഏയ്‌റ്റി ത്രീ റേറ്റിംഗ്: 7.30/10
കഥ, തിരക്കഥ: 7/10 [ഗുഡ്]
സംവിധാനം: 8/10 [വെരി ഗുഡ്]
സാങ്കേതികം: 3.5/5 [ഗുഡ്]
അഭിനയം: 3.5/5 [ഗുഡ്]
ടോട്ടല്‍ 22/30 [7.30/10]

കഥ, സംവിധാനം: എബ്രിഡ്‌ ഷൈന്‍ 
തിരക്കഥ, സംഭാഷണങ്ങള്‍: ബിപിന്‍ ചന്ദ്രന്‍, എബ്രിഡ്‌ ഷൈന്‍ 
നിര്‍മ്മാണം: ടി.ആര്‍. ഷംസുദ്ദീന്‍ 
ബാനര്‍: ഷാംസ് ഫിലിംസ് 
ചായാഗ്രഹണം: പ്രദീപ്‌ എം. വര്‍മ്മ
ചിത്രസന്നിവേശം: മനോജ്‌
ഗാനരചന: ഹരി നാരായണന്‍, സന്തോഷ്‌ വര്‍മ്മ 
സംഗീതം, പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
കലാസംവിധാനം: അജയന്‍ മാങ്ങാട് 
മേക്കപ്പ്: റോഷന്‍
വസ്ത്രാലങ്കാരം: സമീറ സനീഷ്
ശബ്ദമിശ്രണം: രാജകൃഷ്ണന്‍
വിതരണം: എല്‍. ജെ. ഫിലിംസ്

No comments:

Post a Comment