31 Jul 2013

101 ചോദ്യങ്ങള്‍ - കുട്ടികള്‍ കണ്ടിരിക്കേണ്ട നന്മയുള്ള കൊച്ചു ചിത്രം! 7.00/10

2013ലെ ദേശീയ/സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു മികച്ച ബാല നടനുള്ള പുരസ്കാരവും മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്കാരവും. മേല്പറഞ്ഞ രണ്ടു പുരസ്കാരങ്ങള്‍ക്കും അര്‍ഹാരായവരാണ് 101 ചോദ്യങ്ങള്‍ എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രമായ അനില്‍ കുമാര്‍ ബൊക്കാറോയെ അവതരിപ്പിച്ച മാസ്റ്റര്‍ മിനണും, നടനായി സിനിമയിലെത്തിയ സംവിധായകന്‍ സിദ്ധാര്‍ഥ് ശിവയും. കേരളത്തിലെ കവിയൂര്‍ എന്ന ഗ്രാമത്തിലെ ഫാക്ടറി തൊഴിലാളിയായ ശിവാനന്ദന്റെ മകനാണ് അനില്‍ കുമാര്‍ എന്ന 10 വയസ്സുകാരന്‍. തൊഴിലാളി പ്രശ്നം മൂലം ജോലി നഷ്ടപെട്ട ശിവാനന്ദന്റെ ജീവിത സാഹചര്യങ്ങള്‍ അയാളുടെ കുടുംബത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്ന അവസരത്തിലാണ് മകന്‍ അനില്‍ കുമാര്‍ ബൊക്കാറോ അവന്റെ അധ്യാപകന്റെ നിര്‍ദേശ പ്രകാരം 101 രൂപ പ്രതിഫലത്തിന് വേണ്ടി 101 ചോദ്യങ്ങള്‍ തയ്യാറാക്കി നല്ക്കാമെന്ന കരാറിലെത്തുന്നത്. അങ്ങനെ, അനില്‍ കുമാര്‍ അവന്റെ ജീവിത സാഹചര്യങ്ങളില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നും മനസ്സിലാക്കിയ ചില കാര്യങ്ങള്‍ ചോദ്യങ്ങളായി പുസ്തകത്തില്‍ കുറിച്ചിടുന്നു. തുടര്‍ന്ന് ഒട്ടും പ്രതീക്ഷിക്കാത്ത ചില സംഭവങ്ങള്‍ അവന്റെ ജീവിതത്തില്‍ സംഭവിക്കുന്നു. അതില്‍ നിന്ന് അവനും സമൂഹവും പലതും മനസ്സിലാക്കുന്നു. ഇതാണ് സിദ്ധാര്‍ഥ് ശിവയുടെ രചനയിലും സംവിധാനത്തിലും പുറത്തിറങ്ങിയ, നന്മ നിറഞ്ഞ സന്ദേശം കുട്ടികള്‍ക്ക് നല്‍ക്കുന്ന 101 ചോദ്യങ്ങള്‍ എന്ന സിനിമ.

കഥ, തിരക്കഥ: ഗുഡ്
മലയാള സിനിമയില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കുട്ടികള്‍ക്ക് വേണ്ടി നിര്‍മ്മിക്കപെട്ടിരിക്കുന്ന സിനിമകളായ ടി.ഡി.ദാസനും മഞ്ചാടിക്കുരുവും മികച്ച സന്ദേശങ്ങള്‍ നല്‍കിയ സിനിമകളായിരുന്നു. അതെ ശ്രേണിയിലേക്ക്, സിദ്ധാര്‍ഥ് ശിവയുടെ ചിന്തകളിലൂടെ എഴുതപെട്ട പ്രമേയവും കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളുമുള്ള നന്മയുള്ള ഒരു സിനിമ കൂടി നിര്‍മ്മിക്കപെട്ടു. മികച്ചൊരു പ്രമേയം ലളിതമായ കഥാസന്ദര്‍ഭങ്ങളിലൂടെ വികസിക്കുന്നതാണ് ഈ സിനിമയുടെ പ്രത്യേകത. 10 വയസ്സുകാരന്‍ കണ്ടെത്തുന്ന ചോദ്യങ്ങളും, ആ ചോദ്യങ്ങള്‍ക്ക് അവന്‍ തന്നെ കണ്ടെത്തുന്ന ഉത്തരങ്ങള്‍ ഒരു വശത്തും, അവന്റെ അച്ഛന്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ മറുവശത്തും വിശ്വസനീയതയോടെ കോര്‍ത്തിണക്കുവാന്‍ സിദ്ധാര്‍ഥ് ശിവയ്ക്ക് സാധിച്ചിട്ടുണ്ട്. അതോടൊപ്പം, ഒരു സമൂഹവും രാഷ്ട്രീയ ചുറ്റുപാടുകളും എങ്ങനെ ഒരു കുടുംബത്തെ ബാധിക്കുന്നു എന്നും ഈ സിനിമയിലൂടെ ചര്‍ച്ചചെയ്യപെടുന്നു. സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ ചരിത്രവും ശാസ്ത്രവും മറ്റും പഠിക്കുമ്പോള്‍, അവരുടെ ചുറ്റുപാടും നടക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കാതെ പോകുന്നുണ്ടെന്നും ഈ സിനിമയിലൂടെ സിദ്ധാര്‍ഥ് പറഞ്ഞുപോകുന്നു.

സംവിധാനം: ഗുഡ്
മലയാള സിനിമയ്ക്ക് ഏറെ പ്രതീക്ഷ നല്‍ക്കുന്ന സംവിധായകനാണ് താനെന്നു ആദ്യ സിനിമയിലൂടെ തെളിയിക്കുവാന്‍ സിദ്ധാര്‍ഥ് ശിവയ്ക്ക് സാധിച്ചു. അതിശയോക്തിയില്ലാതെ പറഞ്ഞുപോകുന്ന രംഗങ്ങളും, ഓരോ രംഗങ്ങള്‍ക്കും അനിവാര്യമായിട്ടുള്ള ലോക്കെഷനുകളും, രംഗങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ പറ്റുന്ന പശ്ചാത്തല സംഗീതവും, കഥാപാത്രങ്ങള്‍ക്ക് അനിയോജ്യരായ അഭിനേതാക്കളും, അവരുടെ മിതത്വമാര്‍ന്ന അഭിനയവുമെല്ലാം സിദ്ധാര്‍ഥ് ശിവയുടെ സംവിധാന മികവിന്റെ ഭാഗമാണ്. ഒരു അവാര്‍ഡ്‌ സിനിമ എന്ന് തോന്നിപ്പിക്കാത്ത വിധം രംഗങ്ങളെ കോര്‍ത്തിണക്കി, സാധാരണ സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകര്‍ക്ക്‌ വരെ കണ്ടിരിക്കുവാനും ആസ്വദിക്കുവാനും ഒരല്പം ചിന്തിക്കുവാനും വക നല്‍ക്കുന്ന രീതിയില്‍ ഈ സിനിമയെ സമീപിച്ചതാണ് കലാപരമായും സാമ്പത്തികമായും ഈ സിനിമയ്ക്ക് ഗുണം ചെയ്തത്. ഇതുപോലുള്ള സിനിമകള്‍ പ്രേക്ഷകര്‍ തിയറ്ററുകളില്‍ തന്നെ പോയി കണ്ടിരിന്നുവെങ്കില്‍, ഇനിയും നല്ല സിനിമകള്‍ നിര്‍മ്മിക്കപെടും. ഇത്തരത്തിലുള്ള ഒരു സിനിമയുണ്ടാക്കുവാന്‍ സിദ്ധാര്‍ഥ് ശിവയെ സഹായിച്ച തോമസ്‌ കൊട്ടക്കം എന്ന നിര്‍മ്മാതാവിനും അഭിനന്ദനങ്ങള്‍.

സാങ്കേതികം: ഗുഡ്
പുതുമുഖം പ്രബാതാണ് ഈ സിനിമയ്ക്ക് വേണ്ടി ദ്രിശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. കഥയ്ക്ക്‌ അനിയോജ്യമായ ലോക്കെഷനുകളും ചായാഗ്രഹണ മികവിന് കാരണമായിട്ടുണ്ട്. പ്രഭാത് പകര്‍ത്തിയ ദ്രിശ്യങ്ങള്‍ സന്നിവേശം ചെയ്തത് ബിബിന്‍ പോള്‍ സാമുവലാണ്. ഷോബിന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയത് എം.കെ.അര്‍ജുനന്‍ മാസ്റ്ററാണ്. ദൂരെ ദൂരെ എന്ന് തുടങ്ങുന്ന പാട്ട് കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്. ബിജിബലാണ് പശ്ചാത്തല സംഗീത സംവിധാനം നിര്‍വഹിച്ചത്. മേല്പറഞ്ഞവയെല്ലാം ഈ സിനിമയെ മികവുറ്റത്താക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച ഘടഗങ്ങളാണ്.

അഭിനയം: ഗുഡ് 
മാസ്റ്റര്‍ മിനണ്‍ എന്ന 10 വയസ്സുകാരന്റെ അത്യുജ്വല അഭിനയമാണ് 101 ചോദ്യങ്ങള്‍ എന്ന സിനിമയെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമയാക്കുന്നത്. അതുപോലെ മറ്റൊരു മികച്ച അഭിനയം കാഴ്ചവെച്ചത് ലെനയാണ്. ലെനയുടെ ഭര്‍ത്താവായി മുരുകനും മികവു പുലര്‍ത്തി. തനതായ ശൈലിയില്‍ ഇന്ദ്രജിത്തും അധ്യാപകന്റെ കഥാപാത്രം ഭംഗിയാക്കി. ഇവരെ കൂടാതെ നിഷാന്ത് സാഗര്‍, സുധീഷ്‌, മണികണ്ടന്‍, കലാഭവന്‍ ഹനീഫ്, പ്രശാന്ത്‌, രചന നാരയണന്‍കുട്ടി എന്നിവരും അവരരുടെ കഥാപാത്രങ്ങള്‍ മികവുറ്റതാക്കി.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. കഥ, പ്രമേയം
2. കഥാസന്ദര്‍ഭങ്ങള്‍, കഥാപാത്രങ്ങള്‍
3. സംവിധാനം
4. അഭിനയം

101 ചോദ്യങ്ങള്‍ റിവ്യൂ: 10 വയസ്സുകാരന്റെ ചിന്തകളിലൂടെ കുട്ടികള്‍ക്കായി നന്മയുള്ള ഒരു സന്ദേശം നല്‍കുകയും, സമൂഹത്തിനു നേരെ ചില ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്ന ഒരു കൊച്ചു ചിത്രമാണ് 101 ചോദ്യങ്ങള്‍.

101 ചോദ്യങ്ങള്‍ റേറ്റിംഗ്: 7.00/10
കഥ, തിരക്കഥ: 7/10 [ഗുഡ്]
സംവിധാനം: 7/10 [ഗുഡ്]
സാങ്കേതികം: 3.5/5 [ഗുഡ്]
അഭിനയം: 3.5/5 [ഗുഡ്]
ടോട്ടല്‍ 21/30 [7/10]

രചന,സംവിധാനം: സിദ്ധാര്‍ഥ് ശിവ
ബാനര്‍: സെവന്‍ത്ത് പാരഡെയ്സ്
നിര്‍മ്മാണം: തോമസ്‌ കൊട്ടക്കകം
ചായാഗ്രഹണം: പ്രഭാത്
ചിത്രസന്നിവേശം: ബിബിന്‍ പോള്‍ സാമുവല്‍
ഗാനരചന: ഷോബിന്‍ കന്നങ്ങാട്
സംഗീതം: എം.കെ.അര്‍ജുനന്‍
പശ്ചാത്തല സംഗീതം: ബിജിബാല്‍

10 Jul 2013

ബഡി - കണ്ടിരിക്കാവുന്ന ന്യൂ ജനറേഷന്‍ ഫാമിലി എന്റര്‍റ്റെയിനര്‍ 4.80/10

ഗ്രീനി എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ അഗസ്റ്റിന്‍ ജാക്സണ്‍,ഗ്രീനി ജാക്സണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച്‌, പുതുമുഖം രാജ് പ്രഭാവതി മേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് ബഡി. പ്രശസ്ത സാഹിത്യകാരി മീനാക്ഷി, പ്രശസ്ത നര്‍ത്തകി പത്മ എന്നീ രണ്ടു അമ്മമാര്‍ ചേര്‍ന്ന് വളര്‍ത്തിയ വിഷ്ണു എന്ന 18 വയസ്സുകാരന്‍, അവന്റെ അച്ഛന്‍ ആരെണെന്ന് അന്വേഷിച്ചു കണ്ടെത്തുന്നതും,എന്തുകൊണ്ടാണ് തന്റെ ജന്മ രഹസ്യം പരസ്യമാക്കാത്തത് എന്ന് കണ്ടെത്തുകയും ചെയുന്നതാണ് ഈ സിനിമയുടെ പ്രമേയം. എല്ലാ ബന്ധങ്ങളില്‍ നിന്നും ബന്ധനങ്ങളില്‍ നിന്നും അകന്നു കൂട്ടുകാരോടൊപ്പം അലസമായൊരു ജീവിതം നയിക്കുന്ന മാണികുഞ്ഞു താടിക്കാരന്‍ എന്ന അച്ഛനും, രണ്ടു അമ്മമാര്‍ ചേര്‍ന്ന് ലാളിച്ചു വളര്‍ത്തിയ വിഷ്ണുവും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് ബഡി. മാണികുഞ്ഞു താടിക്കരനായി അനൂപ്‌ മേനോനും, മീനാക്ഷിയായി ആശാ ശരത്തും, പത്മയായി ഭൂമിക ചൌളയും, വിഷ്ണുവായി മിഥുന്‍ മുരളിയും അഭിനയിച്ചിരിക്കുന്നു.

സംവിധായകനെ കൂടാതെ ചായഗ്രാഹകനായ പ്രകാശ്‌ കുട്ടി, സന്നിവേശകന്‍ ദിലീപ് ഡെന്നിസ്, സംഗീത സംവിധായകന്‍ നവനീത് സുന്ദര്‍ എന്നിവരുടെയും ആദ്യ സിനിമയാണ് ബഡി. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ ബാലചന്ദ്ര മേനോനും പ്രധാനപെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഏറെ നാളുകള്‍ക്കു ശേഷം ബാബു ആന്റണിയ്ക്ക് ലഭിച്ച നല്ല കഥാപാത്രങ്ങളില്‍ ഒന്നാണ് ഈ സിനിമയിലെ സര്‍ദാര്‍ജി കഥാപാത്രം. ഇവരോടൊപ്പം അരുണും, അക്കരകാഴ്ച്ചകള്‍ ഫെയിം ജോസുകുട്ടിയും, തമിഴ് നടന്‍ ശ്രീകാന്തും, അതിഥി വേഷത്തില്‍ ലാലും ഹണി റോസും അഭിനയിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ആവറേജ്
മലയാള സിനിമയില്‍ അധികമൊന്നും ചര്‍ച്ചചെയ്യപെടാത്ത ഒരു പ്രമേയവും, പ്രമേയത്തോട് നീതിപുലര്‍ത്തുന്ന ഒരു കഥയും രൂപപെടുത്തിയെടുക്കുവാന്‍ സംവിധായകന് സാധിച്ചു. രാജ് പ്രഭാവതി മേനോന്റെ തിരകഥയ്ക്ക്‌ സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് ബിപിന്‍ ചന്ദ്രനാണ്. അമ്മമാരും മകനും തമിലുള്ള കൌതുകമുണര്‍ത്തുന്ന രംഗങ്ങളും, അച്ഛനും കൂട്ടുകാരും ഒരുമിച്ചുള്ള രസകരമായ രംഗങ്ങളും പ്രേക്ഷകരെ രസിപ്പിക്കുനുണ്ട്. ഇതോടൊപ്പം നര്‍മ്മമുള്ള ചില സംഭാഷണങ്ങളും, മികച്ച പാട്ടുകളും കൂടിയാകുമ്പോള്‍ സിനിമ മൊത്തത്തില്‍ രസിപ്പിക്കുന്നത് തന്നെ. പക്ഷെ, ലോജികില്ലാത്ത കുറെ കഥാസന്ദര്‍ഭങ്ങളും സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതിയുമൊക്കെ ഇടയ്ക്കിടെ രസംകൊല്ലികളായി വരുന്നുമുണ്ട്. അസഭ്യ സംഭാഷണങ്ങളും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും സംഭാഷണങ്ങളില്‍ നിന്ന് ഒഴിവാക്കാമായിരുന്നു ബിപിന്‍ ചന്ദ്രന്. എന്നിരുന്നാലും പുതുമയുള്ള ഒരു കഥയും പ്രമേയവും തിരഞ്ഞെടുത്തു ശരാശരി നിലവാരത്തിലുള്ള ഒരു തിരക്കഥ രൂപപെടുത്തിയെടുക്കാന്‍ രാജ് പ്രഭാവതി മേനോനു സാധിച്ചു എന്നതും അഭിമാനിക്കാവുന്ന കാര്യങ്ങളില്‍ ഒന്നാണ്.


സംവിധാനം: ബിലോ ആവറേജ്
ഒരു പുതുമുഖ സംവിധായകന്റെ പരിചയക്കുറവ് വെളിവാകുന്ന രീതിയിലാണ് രാജ് പ്രഭവതി മേനോന്‍ ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. മികച്ചൊരു പ്രമേയം ലഭിച്ചിട്ടും, അതിശയോക്തി തോന്നിപ്പിക്കാത്ത കഥാസന്ദര്‍ഭങ്ങള്‍ തിരക്കഥയില്‍ ഉണ്ടായിരിന്നിട്ടും, മികച്ചൊരു സിനിമയാക്കുന്നതില്‍ രാജ് പരാജയപെട്ടു എന്ന് തന്നെ പറയേണ്ടി വരും. കേള്‍വിക്ക് ഇമ്പമുള്ളതാണെങ്കിലും, അനവസരത്തിലുള്ള പാട്ടുകളുടെ വരവ് അതിന്റെ രസം കളഞ്ഞു. മികച്ച ചിത്രീകരണവും ലോക്കെഷനുകളും ഏറെക്കുറെ രംഗങ്ങള്‍ മികവുറ്റതായി ചിത്രീകരിക്കുവാന്‍ സംവിധായകനെ തുണച്ചു. അതുപോലെ തന്നെ ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും ഓരോ രംഗങ്ങളെയും മികച്ചതക്കുന്നതില്‍ സംവിധായകനെ സഹായിച്ചിട്ടുണ്ട്. സിനിമയുടെ തുടക്കവും ഒടുക്കവും വളരെ മോശമായി തോന്നുകയും, അതിനിടയിലുള്ള രംഗങ്ങള്‍ മികവുറ്റതായി തോന്നുകയും ചെയ്തു. കുറേക്കൂടി പക്വതയോടെ ഈ സിനിമയെ സമീപിചിരുന്നുവെങ്കില്‍, പ്രേക്ഷകരുടെ കയ്യടി നേടുവാന്‍ സാധ്യതയുള്ള പ്രമേയവും കഥയുമാണ് ഈ സിനിമയുടെത്.

സാങ്കേതികം: എബവ് ആവറേജ്
പുതുമുഖം പ്രകാശ് കുട്ടിയുടെ ചായാഗ്രഹണം ഈ സിനിമയുടെ മുതല്‍ക്കൂട്ടുകളില്‍ ഒന്നാണ്. ഓരോ ഫ്രെയിമുകളും അതിമനോഹരമായി തന്നെ ചിത്രീകരിക്കുവാന്‍ പ്രകാശിന് സാധിച്ചു. അതുപോലെ, ദിലീപ് ഡെന്നിസിന്റെ ചിത്രസന്നിവേശവും സിനിമയ്ക്ക് ചേരുന്ന രീതിയില്‍ തന്നെയാണ്. പക്ഷെ, ഒന്നര മണിക്കൂര്‍ കൊണ്ട് പറഞ്ഞു തീര്‍ക്കേണ്ട ഒരു കഥ, രണ്ടേകാല്‍ മണിക്കൂര്‍ നീട്ടുമെന്നു കരുതിയില്ല. കുറെക്കൂടെ കൃത്യതയോടെ സന്നിവേശം നിര്‍വഹിച്ചുവെങ്കില്‍, പ്രേക്ഷകര്‍ക്ക്‌ ബോറടിക്കാതെ ആസ്വദിക്കാമായിരുന്നു ഈ സിനിമ. അനൂപ്‌ മേനോന്‍, സന്തോഷ്‌ വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് പുതുമുഖം നവനീത് സുന്ദരാണ്. മൂന്ന് പാട്ടുകളുള്ള ഈ സിനിമയില്‍ കടലില്‍ കണ്മഷി പോലെ...എന്ന് തുടങ്ങുന്ന പാട്ട് കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്. ഓരോ രംഗങ്ങള്‍ക്കും അനിയോജ്യമായ സംഗീതം നല്‍കിയ ഗോപി സുന്ദറും അഭിനന്ദനങ്ങള്‍. അര്‍ഹിക്കുന്നു. സിറില്‍ കുരുവിളയുടെ കലാസംവിധാനവും, സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും മികവു പുലര്‍ത്തി.

അഭിനയം: ഗുഡ്
അനൂപ്‌ മേനോന്‍ എന്ന നടന്റെ അഭിനയ ജീവിതത്തില്‍ അദ്ദേഹം അവതരിപ്പിച്ചിട്ടുള്ള ഭൂരിഭാഗം കഥാപാത്രങ്ങളില്‍ നിന്നും വളരെ വ്യതസ്തമായ ഒന്നാണ് ഈ സിനിമയിലെ മാണികുഞ്ഞു താടിക്കാരന്‍. എന്ന അച്ചായന്‍. കഥാപാത്രം. ചില രംഗങ്ങളില്‍ ലാലിസം കയറിവരുന്നുണ്ടെങ്കിലും, സിനിമ ഒന്നാകെ നോക്കുമ്പോള്‍ മികച്ച അഭിനയമാണ് അനൂപ്‌ മേനോന്‍ കാഴ്ചവെച്ചത്. നായകതുല്യമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചത് മിഥുന്‍ മുരളിയാണ്. വിഷ്ണു എന്ന 18ക്കാരനെ മികച്ച രീതിയില്‍ തന്നെ മിഥുന്‍ അവതരിപ്പിച്ചിട്ടുണ്ട്. ശങ്കു ഭായ് എന്ന കഥാപാത്രമായി ബാലചന്ദ്ര മേനോനും, ചന്ദ്രന്‍ സിംഗായി ബാബു ആന്റണിയും വേറിട്ട വേഷങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിക്കുനുണ്ട്. വിഷ്ണുവിന്റെ അമ്മമാരായി ആശ ശരത്തും ഭൂമിക ചൌളയും മോശമല്ലാത്ത അഭിനയം കാഴവെചിട്ടുണ്ട്. ഇവരെ കൂടാതെ ലാല്‍, അരുണ്‍, ടി.ജി.രവി, ജോസുകുട്ടി, ശ്രീകാന്ത്, ഹണി റോസ്, ലക്ഷ്മി പ്രിയ, നീരജ് മാധവ്, തിരക്കഥകൃത്ത് ഗിരീഷ്‌ കുമാര്‍, സ്വര്‍ണ തോമസ്‌, മാസ്റ്റര്‍ ധനന്ജയ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. പ്രമേയം
2. പാട്ടുകളും ചിത്രീകരണവും
3. ചായാഗ്രഹണം
4. പശ്ചാത്തല സംഗീതം
5. അനൂപ്‌ മേനോന്റെ അഭിനയം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. സംവിധാനം
2. സിനിമയുടെ ദൈര്‍ഘ്യം
3. ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍
4. ഇഴഞ്ഞുനീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍

ബഡി റിവ്യൂ: പുതുമയുള്ള പ്രമേയം തിരഞ്ഞെടുത്തു, മികച്ച സാങ്കേതിക പ്രവര്‍ത്തകരെയും അഭിനേത്താക്കളെയും വേണ്ടവിധം പ്രയോജനപ്പെടുത്തിക്കൊണ്ട് ഒരു പ്രാവശ്യം കണ്ടിരിക്കാവുന്ന എന്റര്‍റ്റെയിനര്‍ ഒരുക്കുവാന്‍ രാജ് പ്രഭാവതി മേനോനും ബഡിസിനും സാധിച്ചു.

ബഡി റേറ്റിംഗ്: 4.80/10
കഥ, തിരക്കഥ: 5/10 [ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം: 3.5/5 [ഗുഡ്]
ടോട്ടല്‍ 14.5/30 [4.8/10]

കഥ,തിരക്കഥ,സംവിധാനം: രാജ് പ്രഭാവതി മേനോന്‍
സംഭാഷണങ്ങള്‍: ബിപിന്‍ ചന്ദ്രന്‍
നിര്‍മ്മാണം: അഗസ്റ്റിന്‍ ജാക്സണ്‍, ഗ്രീനി ജാക്സണ്‍
ബാനര്‍: ഗ്രീനി എന്റര്‍ടെയ്ന്‍മെന്റ്സ്
ചായാഗ്രഹണം: പ്രകാശ്‌ കുട്ടി
ചിത്രസന്നിവേശം: ദിലീപ് ഡെന്നിസ്
ഗാനരചന: അനൂപ്‌ മേനോന്‍, സന്തോഷ്‌വര്‍മ്മ
സംഗീതം: നവനീത് സുന്ദര്‍
പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
കലാസംവിധാനം: സിറില്‍ കുരുവിള
മേക്കപ്പ്: റോണക്സ്‌
വസ്ത്രാലങ്കാരം: സമീറ സനീഷ്
വിതരണം: യു.ടി.വി.മോഷന്‍ പിക്ചേഴ്സ്