21 Sept 2013

എഴാമത്തെ വരവ് - കാലം തെറ്റി വന്ന ക്ലാസ്സിക് സിനിമ! 5.80/10

എണ്‍പതുകളുടെ മധ്യത്തില്‍ തുടങ്ങി തൊണ്ണൂറുകളുടെ തുടക്കം വരെയുള്ള കാലഘട്ടമാണ് മലയാള സിനിമയിലെ സുവര്‍ണ്ണ കാലഘട്ടമായി അറിയപെടുന്നത്. അത്തരത്തിലുള്ളരു കാലഘട്ടം മലയാള സിനിമയ്ക്ക് സമ്മാനിച്ച പ്രഗല്‍ഭരായ ഒട്ടനേകം വ്യക്തികളുടെ സിനിമകള്‍ മലയാള സിനിമ പ്രേക്ഷകരുടെ ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കും. ഓളവും തീരവും എന്ന സിനിമയില്‍ തുടങ്ങി മമ്മൂട്ടിയുടെ പഴശ്ശിരാജ വരെയുള്ള എത്രയോ അത്യുഗ്രന്‍ സിനിമകള്‍ ജ്ഞാനപീഠം ജേതാവ് പത്മഭൂഷന്‍ മടത്തില്‍ തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം.ടി. വാസുദേവന്‍‌ നായര്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. എം.ടി.യുടെ തിരക്കഥകള്‍ കൂടുതലും സിനിമയാക്കിയിട്ടുള്ളത് ഐ.വി.ശശിയും ഹരിഹരനുമാണ്. എം.ടി.യുടെ രചനയില്‍ ഹരിഹരന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പഞ്ചാഗ്നിയും, അമൃതം ഗമയയും, നഖക്ഷതങ്ങളും, ആരണ്യകവും, ഒരു വടക്കന്‍ വീരഗാഥയും, എന്ന് സ്വന്തം ജാനകികുട്ടിയും, പഴശ്ശിരാജയുമൊക്കെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത സിനിമകളാണ്. ഒരു ചെറിയ ഇടവേളയ്ക്കു ശേഷം, എം.ടി.യുടെ രചനയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത സിനിമയാണ് എഴാമത്തെ വരവ്.

ഗായത്രി സിനിമയുടെ ബാനറില്‍ ഭവാനി ഹരിഹരന്‍ നിര്‍മ്മിച്ച എഴാമത്തെ വരവില്‍ ഇന്ദ്രജിത്ത്, വിനീത്, ഭാവന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 1983 ചിത്രീകരണം പൂര്‍ത്തിയാകാതെ പാതിവഴിയില്‍ ഉപേക്ഷിച്ച എവിടേയോ ഒരു ശത്രു എന്ന സിനിമയ്ക്ക് വേണ്ടി എഴുതിയ തിരക്കഥയുടെ പുനരാവിഷ്കരണമാണ് എഴാമത്തെ വരവിന്റെ തിരക്കഥ. എവിടേയോ ഒരു ശത്രുവില്‍ സുകുമാരാനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതെങ്കില്‍, എഴാമത്തെ വരവില്‍ സുകുമാരന്റെ മകന്‍ ഇന്ദ്രജിത്താണ് ആ കഥാപാത്രമായി അഭിനയിച്ചത്. എസ്.കുമാറാണ് ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. ഭവന്‍ ശ്രീകുമാര്‍ ചിത്രസന്നിവേശവും, ദീപക് ദേവ് പശ്ചാത്തല സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. സംവിധായകന്‍ ഹരിഹരന്‍ തന്നെയാണ് ഈ സിനിമയില്‍ പാട്ടുകളുടെ വരികള്‍ എഴുതിയതും സംഗീത സംവിധാനം നിര്‍വഹിച്ചതും. കാസ് കലാസംഘം ടീമാണ് ഈ സിനിമ വിതരണത്തിനെത്തിചിരിക്കുന്നത്.


കഥ, തിരക്കഥ: ആവറേജ്
എം.ടി.വാസുദേവന്‍‌ നായരുടെ ഏറ്റവും മികച്ച രചനകളില്‍ ഒന്നല്ല എവിടയോ ഒരു ശത്രു എന്നത് പ്രേക്ഷകര്‍ക്കറിയാം. പക്ഷെ, ഏതു  പ്രമേയമായാലും അതിലുള്ള സാരാംശം പ്രേക്ഷകര്‍ക്ക്‌ ആസ്വദിക്കാനാവുന്ന രീതിയില്‍, മികച്ച കഥാസന്ദര്‍ഭങ്ങളിലൂടെ സംഭാഷണങ്ങളിലൂടെ അവരിലേക്ക്‌ എത്തിക്കുവാനുള്ള ആ മഹാപ്രതിഭയുടെ കഴിവിന് മുന്നില്‍ പ്രേക്ഷകര്‍ തലകുനിക്കുന്നു. അഹന്തയോടെ വീടും കാടും ആദിവാസികളെയും അടക്കി വാഴുന്ന ഗോപി മുതലാളിയും, അയാളുടെ അടിമയായി ജീവിക്കുന്ന ഭാര്യ ഭാനുവും, അവര്‍ക്കിടയിലേക്ക് വരുന്ന നിഷ്കളങ്കനായ ഗവേഷകന്‍ പ്രസാദും തമ്മിലുള്ള മാനസിക സംഘര്‍ഷങ്ങളാണ് സിനിമയുടെ പ്രമേയം. അതിനിടയില്‍, കാടിനെ വിറപ്പിച്ചുക്കൊണ്ട് മനുഷ്യരെ കടിച്ചുകീറുന്ന പുലിയുടെ ആക്രമണവും. വിനോദത്തിനായി വേട്ടയ്ക്കിറങ്ങുന്ന ഗോപി മുതലാളി പുലിയെ പിടിക്കുക എന്ന ദൗത്യം ഏറ്റെടുക്കുന്നു. തുടര്‍ന്ന് മൂവരുടെയും ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. വിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളിലൂടെ സംഭാഷണങ്ങളിലൂടെ മേല്പറഞ്ഞ കഥ പറയുവാന്‍ എം.ടി.യ്ക്ക് സാധിച്ചിട്ടുണ്ടെങ്കിലും, പ്രേക്ഷകരെ ഒരു രീതിയിലും രസിപ്പിക്കുന്നതോ ത്രസിപ്പിക്കുന്നതോ ആയിരുന്നില്ല. അതുകൂടാതെ, ഇന്നത്തെ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ തിരക്കഥയില്‍ വരുത്തുവാനും അദ്ദേഹത്തിനായില്ല.

സംവിധാനം: എബവ് ആവറേജ്
പഴശ്ശിരാജയ്ക്ക് ശേഷം ഹരിഹരന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന സിനിമയാണ് എഴാമത്തെ വരവ്. എണ്‍പതുകളില്‍ എഴുതപെട്ട ഒരു സിനിമയുടെ തിരക്കഥയെ ആസ്പദമാക്കിയാണ് ഈ സിനിമ ഹരിഹരന്‍ സംവിധാനം ചെയ്തിരിക്കുന്നത്. മലയാള സിനിമയില്‍ ആരുംതന്നെ ചിത്രീകരിക്കാന്‍ ധൈര്യപെടാത്ത ഒരു പ്രമേയമാണ് ഈ സിനിമയെ വ്യതസ്തമാക്കുന്നത്. എം.ടി.യുടെ ഭാവനയില്‍ എഴുതപെട്ട ഓരോ രംഗങ്ങളും അതിശയോക്തിയില്ലാത്തെ വിശ്വസനീയതയോടെ ദ്രിശ്യവല്‍ക്കരിക്കുവാന്‍ ഹരിഹരന് സാധിച്ചു. ആദ്യപകുതിയുടെ അവസാനവും രണ്ടാം പകുതിയിടെ തുടക്കവും ഒരല്പം ഇഴഞ്ഞുനീങ്ങുന്ന രീതിയിലായതു പ്രേക്ഷകരെ മുഷിപ്പിച്ചു. പ്രവചിക്കനാവുന്ന കഥാസന്ദര്‍ഭങ്ങളിലൂടെ വികസിക്കുന്ന കഥയ്ക്ക്, ചിത്രീകരണത്തിലൂടെ പുതുമ നല്‍ക്കുവാന്‍ ഹരിഹരന് സാധിച്ചില്ല. നായകന്മാര്‍ തമ്മിലുള്ള സംഘട്ടന രംഗങ്ങളും, പുലിയുടെ ആക്രമണം കാണിക്കുന്ന ക്ലൈമാക്സ് രംഗങ്ങളും സംവിധായകന്റെ കഴിവുകൊണ്ട് മികവുറ്റതായി. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടായ എം.ടി.-ഹരിഹരന്‍ ടീമില്‍ നിന്നും ഇതിലും മികച്ചത് പ്രതീകിഷിച്ചു തിയറ്ററുകളില്‍ എത്തുന്ന പ്രേക്ഷകര്‍ നിരാശരായി മടങ്ങുന്നതില്‍ തെറ്റുപറയാനാകില്ല. കാരണം, എത്രയോ മികച്ച സിനിമകള്‍ എം.ടി.യും ഹരിഹരനും പ്രേക്ഷകര്‍ക്ക്‌ സമ്മാനിച്ചിട്ടുണ്ട്.


സാങ്കേതികം: ഗുഡ്
ഐ.വി.ശശിയുടെ മൃഗയ എന്ന സിനിമയ്ക്ക് ശേഷം ഇതാദ്യമായാണ് മലയാള സിനിമയില്‍ ഒരു പുലി സിനിമയിലെ പ്രധാന കഥാപാത്രമായി വരുന്നത്. ഇത്രയും വീര്യമുള്ളതും ഗാംഭീര്യമുള്ളതുമായ പുലിയെ മറ്റൊരു സിനിമയിലും കണ്ടിട്ടില്ല. വിദേശ രാജ്യത്തെ കാടുകളിലാണ് പുലിയുള്ള രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. വിശ്വസനീയതയോടെ പുലിയെ അവതരിപ്പിക്കുവാന്‍ സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്തവര്‍ക്ക് സാധിച്ചിട്ടുണ്ട്. പുലിയുടെ ശബ്ദം മാത്രം കേള്‍പ്പിക്കുന്ന രംഗങ്ങളുള്ള ശബ്ദമിശ്രണവും മികവു പുലര്‍ത്തി. തപസ് നായക് ആണ് ഈ സിനിമയുടെ ശബ്ദമിശ്രണം നിര്‍വഹിച്ചത്. എഴാമത്തെ വരവിന്റെ സവിശേഷതകളില്‍ ഏറ്റവും മികച്ചതായത് എസ്.കുമാറിന്റെ ചായാഗ്രഹണമാണ്. കാടിന്റെ ദ്രിശ്യഭംഗി ഒപ്പിയെടുത്ത എസ്.കുമാറിന്റെ ദ്രിശ്യങ്ങള്‍ സിനിമയുടെ മാറ്റുകൂട്ടുന്നു. ഭവന്‍ ശ്രീകുമാറിന്റെ സന്നിവേശവും മികവു പുലര്‍ത്തി. മറ്റൊരു എടുത്തു പറയേണ്ട ഘടകം എന്നത് ദീപക് ദേവിന്റെ പശ്ചാത്തല സംഗീതമാണ്. അര്‍ത്ഥവത്തായ വരികളും ലളിതമായ സംഗീതവും ഉപയോഗിച്ച് ചിട്ടപെടുത്തിയ രണ്ടു പാട്ടുകളാണ് ഈ സിനിമയിലുള്ളത്. രണ്ടു പാട്ടുകളുടെയും വരികള്‍ എഴുതിയതും സംഗീതം നല്കിയതും സംവിധായകന്‍ ഹരിഹരനാണ്. ഏവര്‍ക്കും അഭിനന്ദനങ്ങള്‍!


അഭിനയം: എബവ് ആവറേജ്
ഗോപിനാഥന്‍ മേനോനായി മികച്ച അഭിനയം കാഴ്ച്ചവെച്ചുക്കൊണ്ട്‌ ഇന്ദ്രജിത്ത് ഒരിക്കല്‍ക്കൂടി പ്രേക്ഷകരുടെ കയ്യടി നേടി. മികവുറ്റ ഭാവാഭിനയവും ശരീര ഭാഷയും സംഭാഷണ രീതിയും ഉപയോഗിച്ചുക്കൊണ്ട് ഗോപി മുതലാളിയെ വിശ്വസനീയതയോടെ അവതരിപ്പിക്കുവാന്‍ ഇന്ദ്രജിത്തിന് സാധിച്ചു. ശാന്ത സ്വഭാവക്കാരനായ ഗവേഷണ ഉദ്യോഗസ്ഥന്റെ വേഷത്തില്‍ വിനീതും മികവു പുലര്‍ത്തി. എല്ലാം സഹിച്ചുക്കൊണ്ട് ജീവിതം തള്ളിനീക്കുന്ന ഭാനുവായി മോശമല്ലാത്ത അഭിനയം കാഴ്ച്ചവെക്കുവാന്‍ ഭാവനയ്ക്ക് സാധിച്ചു. ആദിവാസി പെണ്‍കുട്ടിയുടെ വേഷത്തില്‍ പുതുമുഖം കവിത നായര്‍ അല്ഭുതപെടുത്തുന്ന അഭിനയ പ്രകടനം കാഴ്ച്ചവെചിരിക്കുന്നു. ഇവരെ കൂടാതെ മാമുക്കോയ, സുരേഷ് കൃഷ്ണ, നന്ദു, കുട്ടിക്കല്‍ ജയചന്ദ്രന്‍, ക്യാപ്റ്റന്‍ രാജു എന്നിവരും അഭിനയിച്ചിട്ടുണ്ട് ഈ സിനിമയില്‍.

സിനിമയില്‍ ഇഷ്ടപെട്ടവ:
1.എസ്.കുമാറിന്റെ ചായാഗ്രഹണം
2.ലൊക്കേഷന്‍സ്
3.ക്ലൈമാക്സ്
4.ഇന്ദ്രജിത്തിന്റെ അഭിനയം
5.ചിത്രസന്നിവേശം
6.ശബ്ദമിശ്രണം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1.കാലനുസൃതമാറ്റങ്ങള്‍ വരുത്താത തിരക്കഥ
2.പാട്ടുകള്‍

എഴാമത്തെ വരവ് റിവ്യൂ: കാലനുസൃത മാറ്റങ്ങള്‍ വരുത്താതെയുള്ള കഥയും കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും സിനിമയുടെ പ്രധാന പോരായ്മയാണെങ്കിലും, എസ്.കുമാര്‍ പകര്‍ത്തിയ കാടിന്റെ മനോഹാരിതയും,ക്ലൈമാക്സ് രംഗങ്ങളുടെ തീവ്രതയും, ഇന്ദ്രജിത്തിന്റെ അഭിനയവും, ഹരിഹരന്റെ അച്ചടക്കത്തോടെയുള്ള സംവിധാനവും എഴാമത്തെ വരവിനു കാലം തെറ്റി വന്ന ക്ലാസ്സിക് സിനിമ എന്ന വിശേഷണം നല്‍കുന്നു.

എഴാമത്തെ വരവ് റേറ്റിംഗ്: 5.80/10
കഥ, തിരക്കഥ: 5/10[ആവറേജ്]
സംവിധാനം: 6/10[എബവ് ആവറേജ്]
സാങ്കേതികം: 3.5/5[ഗുഡ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 17.5/30 [5.8/10]

സംവിധാനം:ഹരിഹരന്‍
രചന: എം.ടി.വാസുദേവന്‍‌ നായര്‍
നിര്‍മ്മാണം: ഭവാനി ഹരിഹരന്‍
ബാനര്‍: ഗായത്രി സിനിമ എന്റര്‍പ്രൈസസ്
ചായാഗ്രഹണം: എസ്.കുമാര്‍
ചിത്രസന്നിവേശം:ഭവന്‍ ശ്രീകുമാര്‍
ഗാനരചന,സംഗീതം: ഹരിഹരന്‍
പശ്ചാത്തല സംഗീതം: ദീപക് ദേവ്
ശബ്ദമിശ്രണം: തപസ് നായക്
വിതരണം: കാസ്, കലാസംഘം റിലീസ്

No comments:

Post a Comment