5 May 2013

ഹോട്ടല്‍ കാലിഫോര്‍ണിയ - അഡല്‍റ്റ്സ് ഒണ്‍ലി തമാശകളുള്ള ന്യൂ ജനറേഷന്‍ സിനിമ 4.60/10

തിരുവനന്തപുരം ലോഡ്ജില്‍ നിന്നും ഹോട്ടല്‍ കാലിഫോര്‍ണിയയിലെത്തിയ അനൂപ്‌ മേനോനും ജയസുര്യയും, അവരുടെ കൂട്ടിനു പരസ്യ ചിത്രങ്ങള്‍ സംവിധാനം ചെയ്തിരുന്ന അജി ജോണും നവാഗത നിര്‍മ്മാതാക്കള്‍ ജയരാജ് ഫിലിംസും. ഗുണ്ടായിസം മുതല്‍ കൂട്ടിക്കൊടുപ്പ് വരെ ചെയ്യുന്ന എയര്‍പോര്‍ട്ട് ജിമ്മി, രോഗിയായ അച്ഛന് വേണ്ടി പ്രത്യേക ലക്‌ഷ്യം മനസ്സില്‍ സൂക്ഷിക്കുന്ന സൂപ്പര്‍ സ്റ്റാര്‍ പ്രേം സാഗര്‍, പണം മാത്രം ലക്ഷ്യമാക്കി ജീവിക്കുന്ന കേന്ദ്രമന്ത്രി പുത്രന്‍ തരുണ്‍, മറ്റൊരാള്‍ നല്‍ക്കിയ ദൗത്യം പൂര്‍ത്തിയാക്കാന്‍ നിയോഗിക്കപെട്ട നിഷ്കളങ്കനായ റഫീക്ക്, കാമം തലയ്ക്കു പിടിച്ച പണക്കാരന്‍ എബി, പണമുണ്ടാക്കാന്‍ എന്ത് തരികിടയും കാണിക്കുന്ന ശശി പിള്ള, തീവ്രവാദികളാകാന്‍ ശ്രമിക്കുന്ന ഒരുകൂട്ടം മണ്ടന്മാര്‍, വിഡ്ഢിയായ പോലിസ് ഉദ്യോഗസ്ഥന്‍ ഭരത്ചന്ദ്രന്‍, പണത്തിനു വേണ്ടി ശരീരംവരെ വില്‍ക്കാന്‍ തയ്യാറാകുന്ന സിനിമ നടി സ്വപ്ന, കല്യാണം കഴിക്കാതെ തന്നെ കുട്ടികള്‍ ഉണ്ടാകുവാന്‍ കൃത്രിമ ഭീജം വിലയ്ക്കെടുക്കുന്ന കമലം എന്നിവരാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. ഈ കഥാപാത്രങ്ങളെല്ലാം അവര്‍ പോലുമറിയാതെ തമ്മില്‍ ഒരു ബന്ധം ഉണ്ടാകുന്നു, അതിനു എയര്‍പോര്‍ട്ട്‌ ജിമ്മി കാരണക്കരനാകുന്നു. ഇവരുടെ രസകരമായ കഥയാണ് ഹോട്ടല്‍ കാലിഫോര്‍ണിയ. 

ജയരാജ് ഫിലിംസിന് വേണ്ടി ജോസ്മോന്‍ സൈമണ്‍ നിര്‍മ്മിച്ച്‌, അനൂപ്‌ മേനോന്‍ രചന നിര്‍വഹിച്ചു, നമുക്ക് പാര്‍ക്കാന്‍ എന്ന സിനിമയ്ക്ക് ശേഷം അജി ജോണ്‍ സംവിധാനം ചെയ്ത ഈ സിനിമയില്‍ ജയസുര്യ, അനൂപ്‌ മേനോന്‍, സൈജു കുറുപ്പ്, ശങ്കര്‍, പി. ബാലചന്ദ്രന്‍, ജോജു ജോസഫ്‌, നന്ദു, മണിക്കുട്ടന്‍, ബാബു നമ്പൂതിരി, നാരായണന്‍കുട്ടി, സുധീഷ്‌, കൃഷ്ണ, സാദിക്ക്, സംവിധായകന്‍ അജി ജോണ്‍, ജോര്‍ജ്, അരുണ്‍, നിഖില്‍ മേനോന്‍, അപര്‍ണ നായര്‍, ഹണി റോസ്, മരിയ റോയ്, ശ്രുതി, കവിത നായര്‍, തെസ്നി ഖാന്‍, കൃഷ്ണപ്രഭ, സുകുമാരി എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.

കഥ, തിരക്കഥ: ആവറേജ്  
കോക്ക്ടെയ്ല്‍, ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് എന്നീ സിനിമകള്‍ക്ക്‌ ശേഷം അനൂപ്‌ മേനോന്റെ തിരക്കഥയില്‍ പുറത്തിറങ്ങുന്ന സിനിമയാണ് ഹോട്ടല്‍ കാലിഫോര്‍ണിയ. 1980-90 കാലഘട്ടങ്ങളില്‍ മലയാള സിനിമയില്‍ പുറത്തിറങ്ങിയ പ്രിയദര്‍ശന്‍-മോഹന്‍ലാല്‍-ശ്രീനിവാസന്‍ സിനിമകളില്‍ കണ്ടിട്ടുള്ള പോലെയുള്ള കഥയാണ് ഈ സിനിമയുടെത്. പലതരം ലക്ഷ്യങ്ങളുമായി ജീവിക്കുന്ന ഒട്ടനേകം കഥാപാത്രങ്ങള്‍ ഒരൊറ്റ സ്ഥലത്ത് വന്നു ചേരുന്നതും, പരസ്പരം അറിയാതെ അവര്‍ തമ്മില്‍ പല പ്രശ്നങ്ങലുണ്ടാകുകയും, അതിനിടയില്‍ സംഭവിക്കുന്ന നൂലാമാലകളും കണ്ഫ്യൂഷനുകളും പൊട്ടത്തരങ്ങളും രസകരമായി കോര്‍ത്തിണക്കിയ ഒരു തിരക്കഥയാണ് ഈ സിനിമയ്ക്ക് വേണ്ടി അനൂപ്‌ മേനോന്‍ എഴുതിയിരിക്കുന്നത്. അശ്ലീല സംഭാഷണങ്ങളും ചില വളിപ്പ് തമാശകളുമൊക്കെ യുക്തിയെ ചോദ്യം ചെയുന്നതാണെങ്കിലും, അവയില്‍ ചിലതൊക്കെ പ്രേക്ഷകരെ ചിരിപ്പിക്കുന്നവായാണ്. ജോജു ജോസഫ്‌ അവതരിപ്പിച്ച ഭരത്ചന്ദ്രന്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ചില സംഭാഷണങ്ങളും, തീവ്രവാദികലാകാന്‍ ശ്രമിക്കുന്ന ഒരുക്കൂട്ടം മണ്ടന്മാരും പ്രേക്ഷകരെ ശരിക്കും രസിപ്പിച്ചു. സിനിമയുടെ രണ്ടാം പകുതിയും ക്ലൈമാക്സും എത്തിയപ്പോള്‍, കഥ എങ്ങോട്ട് കൊണ്ടുപോകണം എന്നറിയാത്ത അവസ്ഥയിലായി അനൂപ്‌ മേനോന്‍ എന്നതില്‍ യാതൊരു തര്‍ക്കവുമില്ല. രസകരമായി തന്നെ അവസാനിപ്പിക്കേണ്ട കഥയെ, ബോറന്‍ രംഗങ്ങള്‍ കുത്തിനിറച്ചു പെട്ടന്ന് അവസനുപ്പചത് സിനിമയുടെ ആസ്വാദനത്തെ ദോഷകരമായി ബാധിചു. മറ്റൊരു ബ്യൂട്ടിഫുളിനായാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത് എന്ന്‍ അനൂപ്‌ മേനോന്‍-ജയസുര്യ സംഘ്യം മനസ്സിലാക്കുമെന്ന് കരുതാം.

സംവിധാനം: ബിലോ ആവറേജ്

നല്ലവനും, നമുക്ക് പാര്‍ക്കാനും ശേഷം അജി ജോണ്‍ സംവിധാനം ചെയ്ത ഈ സിനിമ അജിയുടെ മുന്‍കാല സിനിമകളില്‍ നിന്നും ഏറെ വ്യതസ്ഥമാണ്. ലോജിക്കില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍ രസകരമായി കോര്‍ത്തിണക്കുക എന്ന കര്‍ത്തവ്യം ഒരുപരുധി വരെ അജി ജോണ്‍ ചെയ്തിട്ടുണ്ട്. സിനിമയുടെ ആദ്യപകുതി മികച്ച രീതിയില്‍ തന്നെ സംവിധാനം ചെയ്ത അജി, രണ്ടാം പകുതി കൈവിട്ടു കളഞ്ഞു. ഷാന്‍ റഹ്മാന്റെ പശ്ചാത്തല സംഗീതവും, ജിത്തു ദാമോദറിന്റെ ചായാഗ്രഹണവും അജി ജോണിനെ മികച്ച രീതിയില്‍ സഹായിച്ചിട്ടുണ്ട്. അതുപോലെ, സ്ഥിരം വില്ലന്‍ കഥാപാത്രങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ജോജുവിനെ വിഡ്ഢിയായ പോലീസ് കഥാപാത്രവും, ശങ്കര്‍ അവതരിപ്പിച്ച എബി എന്ന കഥാപാത്രവും രസകരമായി. സ്ലാപ്സ്റ്റിക് കോമഡി സിനിമകള്‍ ചെയ്യുമ്പോള്‍, തുടക്കം മുതല്‍ ഒടുക്കം വരെ സ്ലാപ്സ്റ്റിക് കോമഡി തന്നെ വേണം. പൂച്ചക്കൊരു മൂക്കുത്തി, ബോയിംഗ് ബോയിംഗ്, മഴ പെയുന്നു മദ്ദളം കൊട്ടുന്നു എന്നീ സിനിമകള്‍ പോലെ ഈ സിനിമയും അവസാനിക്കും എന്ന പ്രതീക്ഷിച്ച എല്ലാ പ്രേക്ഷകരെയും നിരാശപെടുത്തുന്നതായിരുന്നു ക്ലൈമാക്സ്. മുന്‍കാല സിനിമകളെ അപേക്ഷിച്ച് അജി ജോണ്‍ എന്ന സംവിധനയന്റെ സംവിധാന നിലവാരം ഉയര്‍ന്നിട്ടുണ്ട് ഈ സിനിമയില്‍.

സാങ്കേതികം: എബവ് ആവറേജ്
നാഗരികതയുടെ സമ്പന്നമായ മുഖം മികച്ച രീതിയില്‍ ചിത്രീകരിച്ചു സിനിമയ്ക്ക് ജീവന്‍ നല്‍ക്കുവാന്‍ ചായഗ്രഹകന്‍ ജിത്തു ദാമോദറിന് സാധിച്ചു. ജിത്തു പകര്‍ത്തിയ ദ്രിശ്യങ്ങള്‍ കൂട്ടിയോജിപ്പിച്ചത് സിയാനാണ്. ദ്രുതഗതിയില്‍ മുമ്പോട്ടു നീങ്ങുന്ന ആദ്യപകുതിയിലെ രംഗങ്ങള്‍ കൃത്യമായി കൂട്ടിയോജിപ്പിച്ച സിയാന്‍, നേരെ വിപരീതമായി ഇഴഞ്ഞു നീങ്ങുന്ന രണ്ടാംപകുതിയാണ് സമ്മാനിചത്. സിനിമയിലുടനീളം മികച്ച പശ്ചാത്തല സംഗീതം നല്‍കിയ ഷാന്‍ റഹ്മാന്‍ അഭിനന്ദനം അര്‍ഹിക്കുന്നു. അനൂപ്‌ മേനോന്‍ എഴുതിയ വരികള്‍ക്ക്, ഷാന്‍ സംഗീതം നല്‍കിയ "മഞ്ഞുതീരും" എന്ന ഗാനം സൂപ്പര്‍ ഹിറ്റാക്കുവാനും ഷാനിന്റെ സംഗീതത്തിന് കഴിഞ്ഞിട്ടുണ്ട്. അര്‍ക്കന്‍ കൊല്ലം നിര്‍വഹിച്ച കലാസംവിധാനവും മികവു പുലര്‍ത്തി. ഹസ്സന്‍ വണ്ടൂര്‍ നിര്‍വഹിച്ച മേക്കപ്പും, അസീസ്‌ നിര്‍വഹിച്ച വസ്ത്രാലങ്കാരവും സിനിമയോട് ചേര്‍ന്ന് പോകുന്നു.

അഭിനയം: എബവ് ആവറേജ്
ജിമ്മി എന്ന ഗുണ്ടയുടെ കഥാപാത്രം ജയസുര്യയുടെ രീതിയില്‍ അവതരിപ്പിക്കുവാന്‍ അദേഹത്തിന് സാധിച്ചു. അനൂപ്‌ മേനോന്‍ തന്റെ സ്ഥിരം ശൈലിയില്‍ പ്രേം ശങ്കറിനെ അവതരിപ്പിച്ചു. ഈ സിനിമയിലെ നായകന്മാര്‍ ജയസുര്യയും അനൂപ്‌ മേനോനും ആണെങ്കിലും, മികച്ച പ്രകടനം കാഴവെച്ചത് ശങ്കറും ജോജു ജോസെഫുമാണ്. ഒരുപാട് വര്‍ഷങ്ങളായി നല്ല കഥാപാത്രം ലഭിക്കാതെയിരുന്ന ശങ്കറിന് ലഭിച്ച ഉജ്ജ്വല കഥാപാത്രമാണ് എബി. അതുപോലെ, വില്ലന്‍ വേഷങ്ങള്‍ മാത്രം ചെയ്തിരുന്ന ജോജുവിനും നല്ലൊരു കഥാപാത്രം ലഭിച്ചു. അതുപോലെ നന്ദുവും സൈജു കുറുപ്പും അവരവരുടെ രംഗങ്ങള്‍ മികച്ച രീതിയില്‍ അഭിനയിച്ചു.

സിനിമയുടെ പ്ലസ് പോയിന്റ്സ്:
1. സഭ്യവും അസഭ്യവുമായ ചിരിപ്പിക്കുന്ന സംഭാഷണങ്ങള്‍
2. ഷാന്‍ റഹ്മാന്റെ പശ്ചാത്തല സംഗീതം
3. ജിത്തു ദാമോദറിന്റെ ചായാഗ്രഹണം
4. ജോജു ജോസഫിന്റെയും ശങ്കറിന്റെയും അഭിനയം

സിനിമയുടെ മൈനസ് പോയിന്റ്സ്:
1. ലോജിക്കില്ലാത്ത രംഗങ്ങള്‍
2. ക്ലൈമാക്സ്
3. കെട്ടുറപ്പില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍
4. ഇഴഞ്ഞുനീങ്ങുന്ന രണ്ടാം പകുതി

ഹോട്ടല്‍ കാലിഫോര്‍ണിയ റിവ്യൂ: രസകരങ്ങളായ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന കഥയും, ലോജിക്കില്ലാത്ത നല്ല തമാശകളും വളിപ്പുകളും, അശ്ലീല സംഭാഷണങ്ങളും രംഗങ്ങളും ഒക്കെയുള്ള "ന്യൂ ജനറേഷന്‍" എന്ന വിശേഷണം അര്‍ഹിക്കുന്ന സിനിമ.

ഹോട്ടല്‍ കാലിഫോര്‍ണിയ റേറ്റിംഗ്: 4.60/10
കഥ, തിരക്കഥ: 5/10[ആവറേജ്]  
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം:
3/5 [എബവ് ആവറേജ്]
ടോട്ടല്‍: 14/30 [4.6/10]

സംവിധാനം: അജി ജോണ്‍
ഗാനരചന,കഥ, തിരക്കഥ, സംഭാഷണങ്ങള്‍: അനൂപ്‌ മേനോന്‍
നിര്‍മ്മാണം: ജോസ്മോന്‍ സൈമണ്‍
ബാനര്‍: ജയരാജ്‌ ഫിലിംസ്
ചായാഗ്രഹണം: ജിത്തു ദാമോദര്‍
ചിത്രസന്നിവേശം:സിയന്‍
സംഗീതം, പശ്ചാത്തല സംഗീതം: ഷാന്‍ റഹ്മാന്‍
കലാസംവിധാനം: അര്‍ക്കന്‍ കൊല്ലം
മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍
വസ്ത്രാലങ്കാരം: അസീസ്‌ പാലക്കാടന്‍
വിതരണം: ജയരാജ്‌ ഫിലിംസ്

No comments:

Post a Comment