26 Mar 2013

ത്രീ ഡോട്ട്സ് - മൂന്ന് ഡോട്ടുകളില് ഒരെണ്ണം പോലും ചിരിപ്പിക്കുന്നുമില്ല ചിന്തിപ്പിക്കുന്നുമില്ല! 4.30/10

ജയില് ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുന്ന മൂന്നു സുഹൃത്തുക്കളുടെ ജീവിതത്തില് സംഭവിക്കുന്ന രസകരമായ കഥയാണ് ഓര്ഡിനറി എന്ന സിനിമയ്ക്ക് ശേഷം സുഗീത് സംവിധാനം നിര്വഹിച്ച ത്രീ ഡോട്ട്സ് എന്ന സിനിമ. വിഷ്ണു, പപ്പന്, ലൂയി എന്നീ മൂവര് സംഘം ജയില് ശിക്ഷക്കിടയിലാണ് സുഹൃത്തുക്കളാക്കുന്നത്. ചെറിയ തട്ടിപ്പുകളൊക്കെ ചെയ്തു ഉപജീവനമാര്ഗം കണ്ടിരുന്ന വിഷ്ണുവും, പണമിടപാടുകള്ക്കിടയില് തട്ടിപ്പ് കാണിച്ചു പിടിയിലായ ബാങ്ക് ജീവനക്കാരനായിരുന്ന പപ്പനും, ഗുണ്ടാ പ്രവര്ത്തനം കാരണം പോലീസ് പിടിയിലായ ലൂയിയും ജയില് ശിക്ഷ കഴിഞ്ഞു നല്ല രീതിയില് ജീവിക്കാന് തീരുമാനിക്കുന്നു. ഈ മൂവര് സംഘത്തെ  സഹായിക്കുന്നതിനായി ഡോക്ടര് ഐസക്ക് രംഗത്തെത്തുന്നു. അങ്ങനെ, വിഷ്ണു ആംബുലന്സ് ഡ്രൈവര് ആകുകയും, പപ്പന് ഡേകെയര് സ്കൂള് തുടങ്ങുകയും, ലൂയി ഡ്രൈവിംഗ് പഠിപ്പിക്കുന്ന തൊഴിലും സ്വീകരിക്കുന്നു. ഒരിക്കല്, സന്തോഷകരമായ ഇവരുടെ ജീവിതത്തില് ഡോക്ടര് ഐസക്ക് ഒരു പ്രത്യേക ദൗത്യം ഏല്പ്പിക്കുന്നു. തുടര്ന്ന് മൂവരുടെയും ജീവിതത്തില് ഉണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. വിഷ്ണുവായി കുഞ്ചാക്കോ ബോബനും, പപ്പനായി പ്രതാപ്‌ പോത്തനും, ലൂയിയായി ബിജു മേനോനും, ഐസക്കായി നരേനും അഭിനയിച്ചിരിക്കുന്നു. പുതുമുഖങ്ങളായ ജനനി അയ്യരും, അഞ്ജന മേനോനുമാണ് ഈ സിനിമയിലെ നായികമാര്.

ഓര്ഡിനറി ഫിലിംസിന്റെ ബാനറില് സുഗീതും സതിഷും ചേര്ന്ന് നിര്മ്മിച്ച ത്രീ ഡോട്ട്സിന്റെ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത് രാജേഷ്‌ രാഘവനാണ്. ഓര്ഡിനറിയുടെ ചായാഗ്രഹണം നിര്വഹിച്ച ഫൈസല് അലിയാണ് ഈ സിനിമയുടെ ചായാഗ്രഹണം നിര്വഹിച്ചിരിക്കുന്നത്. വി.ആര്. സന്തോഷിന്റെയും രാജീവ്‌ നായരുടെയും വരികള്ക്ക് വിദ്യാസാഗര് സംഗീതം നല്ക്കിയിരിക്കുന്നു. വി.സാജന് ചിത്രസന്നിവേശം നിര്വഹിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ് 
വാദ്ധ്യര് എന്ന സിനിമയ്ക്ക് ശേഷം രാജേഷ്‌ രാഘവന്റെ തിരക്കഥയില് പുറത്തിറങ്ങുന്ന സിനിമയാണ് ത്രീ ഡോട്ട്സ്. പ്രത്യേക ലക്ഷ്യങ്ങളൊന്നുമില്ലാത്ത മൂന്ന് സുഹൃത്തുകള് ഒരുമിച്ചു തൊഴില് ചെയ്തു ജീവിക്കാന് തീരുമാനിക്കുന്നു. അവരില് രണ്ടുപേര്ക്ക് പ്രണയിക്കാന് കാമുകിമാരും ഉണ്ടാകുന്നു. ആട്ടവും പാട്ടും സൗഹൃദവും തമാശകള്ക്കും ഇടയിലേക്ക് ഒരാള് വരുന്നു. അങ്ങനെ, മൂവരുടെ ജീവിതം മാറുന്നു. മലയാള സിനിമയില് എത്രയോ പ്രാവശ്യം പറഞ്ഞിട്ടുള്ള കഥയാണ് മേല്പറഞ്ഞത്. കേട്ടുപഴകിയതും പ്രവചിക്കനാവുന്നതുമായ കഥയും കഥാസന്ദള്ഭങ്ങളുമാണ്  ഈ സിനിമയിലുടനീളം. ഓര്ഡിനറി എന്ന സിനിമയുമായി താരതമ്യം ചെയ്താല്, തമാശകളുടെ എണ്ണവും വളരെ വിളരമാണ്. ക്ളൈമാക്സ് രംഗങ്ങളിലേക്ക് കടക്കുന്നതിനു മുമ്പുള്ള സസ്പെന്സ് പോലും പ്രേക്ഷകര്ക്ക്‌ എളുപ്പത്തില് പ്രവചിക്കാനാകും. ഇന്നത്തെ തലമുറയിലെ ദമ്പതിമാര് വൈവാഹിക ജീവിതത്തെ ലാഘവത്തോടെ കാണുന്നതുകൊണ്ട്, അവര് തമ്മില് വഴക്കുകള് ഉണ്ടാകുന്നു. അതിന്റെ ഇരകള് ആകേണ്ടി വരുന്നത് അവരുടെ കുഞ്ഞുങ്ങളാണ് എന്ന ഓര്മ്മപെടുത്തലുകള് മാത്രമാണ് ഈ സിനിമയുടെ തിരക്കഥയിലെ ഭേദപെട്ട ഘടകം. കുറെക്കൂടെ ആത്മാര്ത്ഥയോടെ ഈ സിനിമയെ സമീപിച്ചിരുന്നുവെങ്കില് രാജേഷിനു മികചൊരു തിരക്കഥ എഴുതാമായിരുന്നു.

സംവിധാനം: ആവറേജ് 
സുഗീതിന്റെ സംവിധാന മികവുകൊണ്ട് മാത്രമാണ് ഓര്ഡിനറി എന്ന സാധാരണ സിനിമയ്ക്ക് അസാധാരണ വിജയം കൈവരിക്കന് സാധിച്ചത്. ഓര്ഡിനറിയുടെ സവിശേഷത എന്നത് കുഞ്ചാക്കോ ബോബാന് - ബിജു മേനോന് കൂട്ടുകെട്ടും, ഗവി എന്ന സ്ഥലവുമാണ്‌. കുഞ്ചാക്കോ ബോബനെയും ബിജു മേനോനെയും ഒപ്പം പ്രതാപ് പോത്തനെയും മികച്ച രീതിയില് ഉപയോഗിച്ചിട്ടുണ്ട് ഈ സിനിമയില്. ത്രീ ഡോട്ട്സിലും സംവിധായകന് സുഗീത് ലൊക്കേഷനും വിദ്യാസാഗറിന്റെ പാട്ടുകള്ക്കും പ്രാധാന്യം നല്ക്കിയിട്ടുണ്ട്. കേട്ടുപഴകിയ ഒരു കഥയും കണ്ടുമടുത്ത കഥാസന്ദര്ഭങ്ങളും മികച്ച രീതിയില് അവതരിപ്പിച്ചതാണ് സംവിധായകന് സുഗീത് ചെയ്ത മികച്ച കാര്യം. ഫൈസല് അലിയുടെ ചായാഗ്രഹണ മികവും, സാജന്റെ ചിത്രസന്നിവേശവും, വിദ്യാസാഗറിന്റെ പാട്ടുകളും, കൃഷ്ണഗിരി എന്ന സ്ഥലത്തിന്റെ മനോഹാരിതയും ഒക്കെ ത്രീ ഡോട്ട്സിനെ കണ്ടിരിക്കാവുന്ന ഒരു സിനിമയാക്കി മാറ്റുന്നതില് സഹായിച്ചു. ദ്വയാര്ഥ പ്രയോഗങ്ങളോ അശ്ലീല തമാശകളോ ഒന്നുമില്ലാത്ത, കുടുംബങ്ങള്ക്കും കുട്ടികള്ക്കും കണ്ടിരിക്കാവുന്ന സിനിമ തന്നെയാണ് സുഗീത് ഒരുക്കിയിരിക്കുന്നത്. ഇത്രയും കഴിവുള്ള ഒരു സംവിധയകാന് എന്തുകൊണ്ടാണ് നല്ലൊരു കഥ തിരഞ്ഞെടുക്കുന്നതില് പരയജപെട്ടതു എന്നറിയില്ല.  


സാങ്കേതികം: ആവറേജ് 
ഓര്ഡിനറി എന്ന സിനിമ പോലെ ത്രീ ഡോട്ട്സിനും പ്രത്യേകമായൊരു ദ്രിശ്യഭംഗി നല്ക്കുവാന് ഫൈസല് അലിയുടെ ചായഗ്രഹണത്തിനു സാധിച്ചു. ഈ സിനിമ കാണുന്ന പ്രേക്ഷകരെ തിയറ്ററില് പിടിച്ചിരുത്താന് കഴിയുന്ന ഒരു ഘടകമാണ് ഫൈസല് അലിയുടെ ചായാഗ്രഹണം. അതുപോലെ, വി.സാജന്റെ ചിത്രസന്നിവേശം സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. ഒരല്പ്പം ഇഴച്ചില് സിനിമയുടെ ആദ്യപകുതിയിലും രണ്ടാം പകുതിയിലും വെളിവാകുന്നുന്ടെങ്കിലും, സാജന്റെ രസകരമായ ചില കട്ടുകള് മികവു പുലര്ത്തി. വി.ആര്.സന്തോഷ്‌, രാജീവ്‌ നായര് എന്നിവരുടെ വരികള്ക്ക് വിദ്യാസാഗര് ഈണമിട്ട നാല് പാട്ടുകളും മോശമാകാതെ സിനിമയോട് ചേര്ന്നു പോകുന്നു. സുരേഷ് കൊല്ലം നിര്വഹിച്ച കലാസംവിധാനവും, രഞ്ജിത്ത് അമ്പാടിയുടെ മേക്കപും, സഖിയുടെ വസ്ത്രാലങ്കാരവും സിനിമയ്ക്കുതകുന്നവയാണ്.   

അഭിനയം: ആവറേജ് 
കുഞ്ചാക്കോ ബോബനും ബിജു മേനോനും പ്രതാപ് പോത്തനും നരേനും മികച്ച അഭിനയം കാഴ്ചവെച്ചത് ത്രീ ഡോട്ട്സിനു ഗുണകരമായിട്ടുണ്ട്. സീനിയേഴ്സ്, ഓര്ഡിനറി, റോമന്സ് എന്നീ സിനിമകളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച കുഞ്ചാക്കോ ബോബന് - ബിജു മേനോന് കൂട്ടുകെട്ട് ഒരല്പം ബോറടിയായി തുടങ്ങിയിരിക്കുന്നു. പ്രതാപ്‌ പോത്തന്റെയും നരേന്റെയും അഭിനയം പ്രശംസനീയം തന്നെ. അവന് ഇവന് എന്ന തമിഴ് സിനിമയിലൂടെ വന്ന ജനനി അയ്യരാണ് ഈ സിനിമയിലെ നായിക. അഞ്ജന മേനോനാണ് മറ്റൊരു നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇവരെ കൂടാതെ കൃഷ്ണകുമാര്, മജീദ്‌, നിയാസ് ബക്കര്, മാസ്റ്റര് വിവസ്വാന്, നാരായണ്‍കുട്ടി, ധര്മജന്, വനിതാ കൃഷ്ണചന്ദ്രന് എന്നിവരും ഈ സിനിമയില് അഭിനയിച്ചിട്ടുണ്ട്. 

സിനിമയുടെ പ്ളസ് പോയിന്റ്സ്:
1. കളറ്ഫുള്ള് ലൊക്കെഷന്സ്
2. ഫൈസല് അലിയുടെ ചായാഗ്രഹണം
3. പ്രതാപ്‌ പോത്തന്, നരേന് എന്നിവരുടെ അഭിനയം
4. സസ്പെന്സ് നിലനിറ്ത്തിയിരിക്കുന്ന രീതി

സിനിമയുടെ മൈനസ് പോയിന്റ്സ്:
1. കഥ
2. പ്രവചിക്കനാവുന്ന കഥാഗതി
3. ഇഴഞ്ഞുനീങ്ങുന്ന കഥാസന്ദര്ഭങ്ങള്


ത്രീ ഡോട്ട്സ് റിവ്യൂ: കണ്ടുമടുത്ത രംഗങ്ങളും കേട്ടുമടുത്ത തമാശകളും ദോഷകരമായി സിനിമയെ ബാധിച്ചിട്ടുണ്ടെങ്കിലും, കളറ്ഫുള്ള് ദ്രിശ്യങ്ങളും പ്രധാന അഭിനേതാക്കളുടെ സാന്നിധ്യവും ത്രീ ഡോട്ട്സിനെ ഒരു പ്രാവശ്യം കണ്ടിരിക്കാവുന്ന സിനിമയാക്കുന്നു.

ത്രീ ഡോട്ട്സ് റേറ്റിംഗ്: 4.30/10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 5/10 [ആവറേജ്]
സാങ്കേതികം: 2.5/5 [ആവറേജ്]
അഭിനയം: 2.5/5 [ആവറേജ്]
ടോട്ടല്: 13/30 [4.3/10]


സംവിധാനം: സുഗീത്
നിര്മ്മാണം: സുഗീത്, സതീഷ്‌
ബാനര്: ഓര്ഡിനറി ഫിലിംസ്
കഥ,തിരക്കഥ, സംഭാഷണം: രാജേഷ്‌ രാഘവന്
ചായാഗ്രഹണം: ഫൈസല് അലി
ചിത്രസന്നിവേശം:വി.സാജന്
ഗാനരചന: രാജീവ്‌ നായര്, വി.ആര്.സന്തോഷ്‌
സംഗീതം: വിദ്യാസാഗര് 
കലാസംവിധാനം:സുരേഷ് കൊല്ലം
മേക്കപ്പ്: രഞ്ജിത്ത് അമ്പാടി
വസ്ത്രാലങ്കാരം: സഖി
വിതരണം: സെന്ട്രല് പിക്ചേഴ്സ്

No comments:

Post a Comment