31 Jan 2013

ലോക്പാല്‍ - സ്വാമി വീണ്ടും ചതിച്ചാശാനെ...,ഇത് ലോക്പാല്‍ ദുരന്തം! 3.70/10


മോഹന്‍ലാല്‍ ഫാന്‍സ്‌ അസോസിയേഷന്‍ ഭാരവാഹികളായ വിമല്‍ കുമാര്‍, റൂബി വിജയന്‍സ് എന്നിവര്‍ ചേര്‍ന്ന് സംയുക്തമായി നിര്‍മ്മിച്ച്‌, ത്രില്ലര്‍-കുറ്റാന്വേഷണ സ്വഭാവമുള്ള കഥകള്‍ രചിക്കുന്നതില്‍ തന്‍റെ കഴിവ് തെളിയിച്ച എസ്.എന്‍.സ്വാമി തിരക്കഥയും സംഭാഷണങ്ങളും എഴുതി, എല്ലാ ജനറേഷന്‍ പ്രേക്ഷകരെയും ത്രിപ്ത്തിപെടുത്തുന്ന സംവിധായകന്‍ ജോഷി സംവിധാനം ചെയ്ത്, പത്മശ്രീ ഭരത് മോഹന്‍ലാല്‍ നായകനായി അഭിനയിച്ച സിനിമയാണ് ലോക്പാല്‍. പേര് സൂചിപ്പിക്കുന്നത് പോലെ ഈ സിനിമയിലെ കേന്ദ്രകഥാപാത്രം നന്ദഗോപാല്‍ എന്ന് നന്ദു സമൂഹത്തില്‍ നടക്കുന്ന അഴിമതിക്കെതിരെ നടത്തുന്ന ഒറ്റയാള്‍ പോരാട്ടമാണ് ഈ സിനിമയുടെ ഇതിവൃത്തം. 

നന്ദഗോപാല്‍ അയാളുടെ യഥാര്‍ത്ഥ രൂപം മറച്ചു വെച്ചുക്കൊണ്ട് അഴിമതി നടത്തുന്നവര്‍ക്കെതിരെ തെളിവുകള്‍ ശേഖരിക്കുകയും, അഴിമതിക്കാരെ ഭീഷണി പെടുത്തി, അവര്‍ തെറ്റായ രീതിയില്‍ സംബാധിച്ച പണം പാവങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയുന്നു. തെളിവുകള്‍ ശേഖരിക്കുന്നതിനായി നന്ദഗോപാല്‍ വേഷപ്രച്ഛന്നനായി പലയിടങ്ങളിലും പ്രത്യക്ഷപെടുന്നു. അഴിമതി നടത്തുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ നന്ദഗോപാലിനു ലഭിക്കുന്നത് അയാള്‍ തുടങ്ങിയ ലോക്പാല്‍ എന്ന വെബ്‌ സൈറ്റിലൂടെയാണ്. അങ്ങനെ, സമൂഹം അയാളെ ലോക്പാല്‍ എന്ന് വിളിച്ചു. തുടര്‍ന്ന് ലോക്പാല്‍ എന്ന നന്ദഗോപാലിന്‍റെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ.  

കഥ, തിരക്കഥ: ബിലോ ആവറേജ് 
നാടുവാഴികള്‍ എന്ന സൂപ്പര്‍ ഹിറ്റ്‌ സിനിമയ്ക്ക് ശേഷം ജോഷി-മോഹന്‍ലാല്‍ ടീമിന് വേണ്ടി  എസ്.എന്‍.സ്വാമി എഴുതിയ തിരക്കഥയാണ് ലോക്പാല്‍ എന്ന സിനിമയുടെത്. രജനികാന്ത്-ശങ്കര്‍ ടീമിന്റെ ശിവാജി, വിക്രം-ശങ്കര്‍ ടീമിന്റെ അന്ന്യന്‍, ജയരാജിന്‍റെ ഫോര്‍ ദി പീപ്പിള്‍ എന്നീ സിനിമകളിലൂടെ പ്രേക്ഷകര്‍ കണ്ട കഥയും കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും സംഭാഷണങ്ങളും ഒരിക്കല്‍ക്കൂടി എഴുതിവെച്ചിരിക്കുകയാണ് എസ്.എന്‍.സ്വാമി. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന  ഒരൊറ്റ രംഗമോ, സംഭാഷണങ്ങളോ ഈ സിനിമയിലില്ല. നന്ദഗോപാല്‍ വേഷപ്രച്ഛന്നനായി ഓരോ കൃത്യങ്ങള്‍ ചെയ്തുകൂട്ടുന്നത് കാണുമ്പോള്‍ പ്രേക്ഷകര്‍ ഒന്നടങ്കം ചിരിച്ചുപോകുന്നു. ട്രെയിന്‍ യാത്രയ്ക്കിടയില്‍ അഴിമതി നടത്തുന്നവരെ പിടികൂടുന്ന രംഗമല്ലാതെ മറ്റെല്ലാ രംഗങ്ങളും അവിശ്വസനീയമായി അനുഭവപെട്ടു. ലോക്പാല്‍ എന്ന ഈ സിനിമ ഒരു ദുരന്തമായി തീരുകയാണെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദി എസ്.എന്‍.സ്വാമിയാണ്.  

സംവിധാനം: ബിലോ ആവറേജ് 
റണ്‍ ബേബി റണ്‍ എന്ന മെഗാ ഹിറ്റ്‌ സിനിമയ്ക്ക് ശേഷം മോഹന്‍ലാലും ജോഷിയും ഒന്നിച്ച സിനിമയാണ് ലോക്പാല്‍. റണ്‍ ബേബി റണ്‍ എന്ന സിനിമ  ത്രസിപ്പിക്കുന്ന ഒരനുഭവമാക്കി മാറ്റിയ ജോഷി, ലോക്പാല്‍ എന്ന സിനിമയെ തികഞ്ഞ ലാഘവത്തോടെ സമീപിച്ചു  മോശമായ ഒരു സിനിമയാക്കിമാറ്റി. മോഹന്‍ലാലിന്‍റെ ആരാധകര്‍ക്ക് പോലും കണ്ടിരിക്കാന്‍ പ്രയാസമുള്ള ബോറടിപ്പിക്കുന്ന രംഗങ്ങളും, യുക്തിയെ ചോദ്യം ചെയുന്ന രീതിയിലുള്ള കഥാഗതിയും ഈ സിനിമയില്‍ ഒരുപാടുണ്ട്. പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും തന്നെയില്ലാതെ സായികുമാര്‍ എന്ന നടനെ കൊണ്ട് തൃശൂര്‍ ഭാഷ സംസരിപ്പിക്കുകയും, കാവ്യാ മാധവനെ കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കും വിധം ഇംഗ്ലീഷും പറയിപ്പിച്ചു പ്രേക്ഷകരെ വെറുപ്പിച്ചതിനും ഏക ഉത്തരവാദി സംവിധായകന്‍ ജോഷിയാണ്. മൊബൈല്‍ ക്യാമറ ഉപയോഗിച്ച് തെളിവ് ശേഖരിക്കുന്ന രംഗങ്ങള്‍ അവിശ്വസനീയമായി ചിത്രീകരിച്ചതും പ്രേക്ഷര്‍ക്കു ദഹിക്കാത്ത രംഗങ്ങളില്‍ പെടുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് പുറത്തിറങ്ങിയ കോട്ടയം കുഞ്ഞച്ചന്‍ എന്ന സിനിമയില്‍ മമ്മൂട്ടി പറയുന്ന ഒരു സംഭാഷണം ഓര്‍ത്തുപോകുന്നു - "ജോഷി എന്നെ ചതിചാശാനെ...!"

സാങ്കേതികം: ആവറേജ് 
പ്രദീപ്‌ നായര്‍ ചിത്രീകരിച്ച രംഗങ്ങള്‍ സിനിമയ്ക്ക് ഉത്തകുന്നവ ആണെങ്കിലും, നന്ദഗോപാല്‍ തെളിവുകള്‍ ശേഖരിക്കുന്ന രംഗങ്ങള്‍ അവിശ്വസനീയമായി അനുഭവപെട്ടു. പ്രദീപ്‌ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ ഇഴഞ്ഞു നീങ്ങുന്ന രീതിയിലാണ് ശ്യാം ശശിധരന്‍ ചിത്രസന്നിവേശം ചെയ്തിരിക്കുന്നത്. റഫീക്ക് അഹമ്മദ് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയത് രതീഷ്‌ വേഗയാണ്. രതീഷ്‌ വേഗ തന്നെയാണ് ഈ സിനിമയുടെ പശ്ചാത്തല സംഗീതം നല്‍കിയിരിക്കുന്നത്. ഈ സിനിമയിലെ ഒരേയൊരു പാട്ടും സിനിമയുടെ പശ്ചാത്തല സംഗീതം തികച്ചും നിരാശപെടുത്തുന്നവയായിരുന്നു. ജോസെഫ് നെലിക്കലിന്റെ കലാസംവിധാനവും, ഹസ്സന്‍ വണ്ടൂരിന്റെ മേക്കപ്പും മികവു പുലര്‍ത്തി.  

അഭിനയം: ആവറേജ്
മോഹന്‍ലാല്‍, മനോജ്‌.കെ.ജയന്‍, ടീ.ജി.രവി, സായികുമാര്‍, ഷമ്മി തിലകന്‍, തമ്പി രാമയ്യ, ശിവജി ഗുരുവായൂര്‍, മണിയന്‍പിള്ള രാജു, തലൈവാസല്‍ വിജയ്‌, കൃഷ്ണകുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ബൈജു ജോസ്, പ്രദീപ്‌ ചന്ദ്രന്‍, മഹേഷ്‌, കാവ്യ മാധവന്‍, മീര നന്ദന്‍, ഷഫ്ന, എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍. മോഹന്‍ലാല്‍ ഉള്‍പ്പടെ പ്രമുഖ നടീനടന്മാരായ സായികുമാര്‍, മനോജ്‌ കെ.ജയന്‍, കാവ്യ മാധവന്‍ എന്നിവരുടെ അഭിനയം മികവു പുലര്‍ത്തിയില്ല. നന്ദഗോപലായി മോശമാകാതെ അഭിയിച്ചു എന്നല്ലാതെ അദ്ദേഹത്തെ പോലൊരു മഹാനടന് ചെയ്യുവാനുള്ള സവിശേഷത ഒന്നും ആ കഥപാത്രത്തിനില്ല. തിരുവനന്തപുരം ശൈലിയില്‍ സംഭാഷണങ്ങള്‍ പറഞ്ഞ ഷമ്മി തിലകന്‍ മികച്ചു നിന്നപ്പോള്‍, തൃശൂര്‍ ഭാഷ ശൈലി സ്വീകരിച്ച സായികുമാര്‍ നിരാശപെടുത്തി. മറ്റെല്ലാ കഥാപാത്രങ്ങളും അഭിനയിച്ച നടീനടന്മാര്‍ മികവു പുലര്‍ത്തി. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. പ്രമേയം

സിനിമയുടെ മൈനസ് പോയിന്റ്സ്:
1. കഥ, തിരക്കഥ
2. സംവിധാനം
3. നടീനടന്മാരുടെ അഭിനയം
4. ചായാഗ്രഹണം
5. പശ്ചാത്തല സംഗീതം 

ലോക്പാല്‍ റിവ്യൂ: അവിശ്വസനീയമായ കഥാസന്ദര്‍ഭങ്ങള്‍ രചിച്ച എസ്.എന്‍.സ്വാമിയും, ബോറടിപ്പിക്കുന്ന രീതിയില്‍ സിനിമ സംവിധാനം ചെയ്ത ജോഷിയും, കഥാപാത്രങ്ങളെ ലാഘവത്തോടെ അവതരിപ്പിച്ച നടീനടന്മാരും ഒരുപോലെ പ്രേക്ഷകരെ ചതിച്ചത്തിന്റെ ഉത്തമ ഉദാഹരണമാണ് ലോക്പാല്‍. 

ലോക്പാല്‍ റേറ്റിംഗ്: 3.70/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 2.5/5 [ആവറേജ്]
അഭിനയം: 2.5/5 [ആവറേജ്]
ടോട്ടല്‍ 11/30 [3.7/10]

സംവിധാനം: ജോഷി
നിര്‍മ്മാണം: എസ്.വിമല്‍ കുമാര്‍, റൂബി വിജയന്‍സ്
ബാനര്‍: ഹാപ്പി ആന്‍ഡ്‌ റൂബി സിനിമാസ്
രചന: എസ്.എന്‍.സ്വാമി
ചായാഗ്രഹണം: പ്രദീപ്‌ നായര്‍
ചിത്രസന്നിവേശം: ശ്യാം ശശിധരന്‍
ഗാനങ്ങള്‍: റഫീക്ക് അഹമ്മദ്
സംഗീതം, പശ്ചാത്തല സംഗീതം: രതീഷ്‌ വേഗ
കലാസംവിധാനം: ജോസഫ് നെല്ലിക്കല്‍
മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍
വസ്ത്രാലങ്കാരം: പഴനി
സംഘട്ടനം: സൂപ്പര്‍ സുബ്ബരായന്‍
വിതരണം: ആശിര്‍വാദ് സിനിമാസ്

2 comments:

  1. kalikkalam enna sathyan anthikadu-s.n.swami padam ormayundo........ Same......

    ReplyDelete
  2. ithinu 10 il 1 mark polum kodukkan padillaayirunnuu...

    ReplyDelete