30 Aug 2012

റണ്‍ ബേബി റണ്‍ - ക്യാമറമാന്‍ വേണുവിനൊപ്പം പ്രേക്ഷകരും...6.50 / 10

ഡല്‍ഹിയിലെ പ്രശസ്ത പത്രസ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന മാധ്യമ പ്രവര്‍ത്തകനായ വേണു കേരളത്തിലെത്തുന്നു. കേരളത്തിലെ ഒരു സ്വകാര്യ ചാനലില്‍ ജോലി ചെയ്തിരുന്ന വേണു അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ജോലി ഉപേക്ഷിച്ചു ഡല്‍ഹിയിലേക്കു പോയതാണ്. ഒരു പ്രത്യേക ദൗത്യത്തിനു വേണ്ടിയാണ് വേണു ഇപ്പോള്‍ കേരളത്തിലെത്തിയിരിക്കുന്നത്. ആ ദൗത്യം പൂര്‍ത്തികരിക്കുവാന്‍ വേണുവിന്റെ കൂടെയുള്ളത് മുന്‍കാല കാമുകിയും ഇപ്പോഴത്തെ പ്രധാന ശത്രുവുമായ ചാനല്‍ റിപ്പോര്‍ട്ടര്‍ രേണുകയുമാണ്. വേണുവിനും രേണുവിനൊപ്പം, വേണുവിന്റെ സുഹൃത്തും പുതിയ ചാനലിന്റെ ഉടമയുമായ ഹൃഷികേശുമുണ്ട്. അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്, ഭരതന്‍ പിള്ള എന്ന മന്ത്രിയുടെയും വ്യവസായ പ്രമുഖന്‍ രാജന്‍ കര്‍ത്തയുടെയും ചില പണമിടപാടുകള്‍ ഒളിക്യാമറ ഉപയോഗിച്ച് പകര്‍ത്തി ടി.വി.യില്‍ സംപ്രേഷണം ചെയ്യുന്നതിനിടയില്‍ നടന്ന ചതിയുടെ ഫലമാണ് വേണുവും രേണുവും പിരിയുവാനുള്ള പ്രധാന കാരണം. ഭരതന്‍ പിള്ളയെയും രാജന്‍ കര്‍ത്തയുടെയും അധികാര ദുര്‍വിന്യോഗം തടയുവാനും അവരുടെ കാപട്യ മുഖം ചാനലിലൂടെ ജനങ്ങളെ അറിയിക്കുവാനുമാണ് വേണുവും രേണുകയും വീണ്ടും ഒന്നിച്ചത്. ഈ സംഭവങ്ങള്‍ക്കിടയില്‍ വേണുവിന്റെയും രേണുകയുടെയും ജീവിതത്തില്‍ അരങ്ങേറുന്ന ചില പ്രശ്നങ്ങളും, അതില്‍ നിന്നും അവര്‍ രക്ഷപെടുന്നതുമാണ് റണ്‍ ബേബി റണ്‍ എന്ന സിനിമയുടെ കഥ. വേണുവായി മോഹന്‍ലാലും, രേണുകയായി അമല പോളും, ഹൃഷികേശായി ബിജു മേനോനും, ഭരതന്‍ പിള്ളയായി സായികുമാറും, രാജന്‍ കര്‍ത്തായായി സിദ്ദിക്കും അഭിനയിച്ചിരിക്കുന്നു. 

സച്ചി-സേതു ടീമിലെ സച്ചി സ്വതന്ത്ര തിരക്കഥകൃത്തായി രചന നിര്‍വഹിച്ച റണ്‍ ബേബി റണ്‍ നിര്‍മ്മിച്ചിരിക്കുന്നത് ഗാലക്സി ഫിലിംസിന് വേണ്ടി മിലന്‍ ജലീലാണ്. സെവന്‍സിനു ശേഷം ജോഷി സംവിധാനം ചെയുന്ന റണ്‍ ബേബി റണ്‍, 2012ലെ ഓണക്കാലത്ത് മിലന്‍ ജലീല്‍ വിതരണത്തിനെത്തിക്കുന്ന രണ്ടാമത്തെ സിനിമയാണ്. മമ്മൂട്ടി നായകനായ താപ്പാനയാണ് മറ്റൊരു സിനിമ. ഒരു ചെവിയ്ക്ക് കേള്‍വിശക്തിയില്ലാത്ത വേണുവിനെ മനോഹരമായി അവതരിപ്പിച്ച മോഹന്‍ലാലും, ഇന്നത്തെ തലമുറയുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചു സിനിമയെടുക്കുവാന്‍ സാധിക്കുന്ന ജോഷിയുടെ സംവിധാനവും, ആര്‍. ഡി. രാജശേഖറിന്റെ ചായഗ്രഹണവും, സച്ചി എഴുതിയ ത്രസിപ്പിക്കുന്ന രംഗങ്ങളും, രതീഷ്‌ വേഗ സംഗീതം നല്‍ക്കി ലാലേട്ടന്‍ പാടിയ ആറ്റുമണമേല്‍ പായയില്‍".. ..എന്ന പാട്ടും മറ്റുമാണ് റണ്‍ ബേബി റണ്‍ എന്ന സിനിമയെ വ്യതസ്തമാക്കുന്നത്.

കഥ, തിരക്കഥ: എബവ് ആവറേജ്
സച്ചി-സേതു ടീം എഴുതിയ എല്ലാ സിനിമകളിലും സസ്പെന്‍സ് നിറഞ്ഞ രംഗങ്ങള്‍ ഉണ്ടെങ്കിലും, റണ്‍ ബേബി റണ്‍ എന്ന സിനിമയ്ക്ക് വേണ്ടി സച്ചി എഴുതിയ ഉദ്യോഗജനകമായ രംഗങ്ങളാണ് ഏറ്റവും മികച്ചു നില്‍ക്കുന്നത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ക്യാമറമാന്‍ വേണുവിനെ അതിമാനുഷികനായി ചിത്രീകരിക്കാതെ, കുറ്റങ്ങളും കുറവുകളും ഒക്കെയുള്ള കേള്‍വിശേഷിയില്ലാത്ത സാധാരണക്കാരനായി അവതരിപ്പിച്ചതാണ് ഈ സിനിമയ്ക്ക് ഗുണം ചെയ്തത്. കുറെ നാളുകള്‍ക്കു ശേഷം മോഹന്‍ലാല്‍ എന്ന നടന്റെ കോമഡി നിറഞ്ഞ സംഭാഷണങ്ങളും മുഖഭാവങ്ങളും ഈ സിനിമയിലൂടെ പ്രേക്ഷകര്‍ക്ക്‌ കാണുവാന്‍ സാധിച്ചു. സിനിമയിലുടനീളം പ്രേക്ഷകരെ ത്രസിപ്പിക്കുന്ന രംഗങ്ങള്‍ എഴുതിയതും ഈ സിനിമയ്ക്ക് ഗുണം ചെയ്തു. പ്രതീക്ഷിച്ച വില്ലന്മാരൊക്കെ തന്നെയാണ് ക്ലൈമാക്സില്‍ കണ്ടതെങ്കിലും, ഒളിക്യാമറ വെച്ചുള്ള രംഗങ്ങള്‍ പുതുമ നിറഞ്ഞതും അതിലുപരി വിശ്വസനീയ്മായിരുന്നു. സച്ചി എഴുതിയതില്‍ മോശമായി തോന്നിയത് വില്ലന്മാരായ ഭരതന്‍ പിള്ളയുടെയും രാജന്‍ കര്‍ത്തയുടെയും കഥാപാത്രങ്ങളാണ്. ഈ സിനിമയുടെ കഥയ്ക്ക്‌ അവരുടെ കഥാപാത്രങ്ങള്‍ക്ക് കുറച്ചുക്കൂടി പ്രസക്തി വേണ്ടതായിരുന്നു എന്ന് തോന്നുന്നു. അതുപോലെ, മോഹന്‍ലാലും അമല പോളും തമ്മിലുള്ള പ്രണയ രംഗങ്ങള്‍ ഒഴിവാക്കാമായിരുന്നു. സച്ചിയില്‍ നിന്നും റണ്‍ ബേബി റണ്‍ പോലെയുള്ള ത്രസിപ്പിക്കുന്നതും രസിപ്പിക്കുന്നതുമായ സിനിമകള്‍ ഇനിയും പ്രതീക്ഷിക്കുന്നു. 

സംവിധാനം: ഗുഡ്
ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാലും ജോഷിയും ഒന്നിക്കുന്ന സിനിമയായ റണ്‍ ബേബി റണ്‍., ജോഷി-മോഹന്‍ലാല്‍ ടീമിന്റെ 9മതു സിനിമയാണ്. കാലഘട്ടം ഏതായാലും നായകന്മാര്‍ ആരായാലും പ്രേക്ഷകര്‍ക്ക്‌ ഇഷ്ടപെടുന്ന രീതിയില്‍ സിനിമയെടുക്കുവാന്‍ സാധിക്കുന്ന സംവിധായകനാണ് ജോഷി. കഴിഞ്ഞ മൂന്ന് നാല് കൊല്ലത്തിനിടയില്‍ മോഹന്‍ലാലിനെ നന്നായി പ്രയോജനപെടുത്തിയ സംവിധായകന്‍ എന്ന വിശേഷണവും ജോഷിയ്ക്ക് സ്വന്തം. ത്രില്ലര്‍ സിനിമകളെടുക്കുന്നതില്‍ ജോഷിയ്ക്കുള്ള കഴിവ് വെളിവാകുന്ന രീതിയില്‍ കൃത്യതയാര്‍ന്ന സംവിധാനമാണ് റണ്‍ ബേബി റണ്ണില്‍ പ്രേക്ഷകര്‍ കണ്ടത്. പ്രേക്ഷകരെ ബോറടിപ്പിക്കാത്ത രംഗങ്ങള്‍ ചിത്രീകരിക്കുകയും, ഒളിക്യാമറ ഉപയോഗിച്ച് പകര്‍ത്തിയ രംഗങ്ങള്‍ വിശ്വസനീയതയോടെ അവതരിപ്പികുകയും, മോഹന്‍ലാലിലെ നല്ല നടനെ പൂര്‍ണമായി പ്രയോജനപെടുത്തുകയും, ആര്‍. ഡി.രാജശേഖറിനെ പോലെ കഴിവുള്ള ചായഗ്രഹകനെ ഈ സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ചതുമാണ് ജോഷി ചെയ്ത മികച്ച കാര്യങ്ങള്‍... മോഹന്‍ലാലും ജോഷിയും ഒന്നിക്കുന്ന ലോക്പാലിനായി കാത്തിരിക്കുന്നു...

സാങ്കേതികം: ഗുഡ്
ആര്‍. ഡി. രാജശേഖര്‍ പകര്‍ത്തിയ ദ്രിശ്യങ്ങളാണ് ഈ സിനിമയുടെ പ്രധാന സവിശേഷതകളില്‍ ഒന്ന്. ഓരോ രംഗങ്ങള്‍ക്കും അനിയോജ്യമായ രീതിയില്‍ വേഗതയില്‍ ദ്രിശ്യങ്ങള്‍ പകര്‍ത്തിയതും, ഒളിക്യാമറയുടെ ഉപയോഗം വിശ്വസനീയ്തയോടെ ചിത്രീകരിച്ചതും രാജശേഖറിന്റെ കഴിവ് തന്നെ. ശ്യാം ശശിധരനാണ് ഈ ദ്രിശ്യങ്ങള്‍ കൂട്ടിയോജിപ്പിച്ചത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് രതീഷ്‌ വേഗയാണ് സംഗീതം നല്ക്കിയത്. മൂന്ന് പാട്ടുകളുള്ള ഈ സിനിമയില്‍ മോഹന്‍ലാല്‍ ആലപിച്ച ആറ്റുമണമ്മല്‍ പായയില്‍ കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്. രതീഷ്‌ വേഗയുടെ പശ്ചാത്തല സംഗീതവും സേതുവിന്‍റെ ശബ്ദമിശ്രണവും, സാബു പ്രവദാസിന്റെ കലാസംവിധാനവും മികവു പുലര്‍ത്തി. 

അഭിനയം: എബവ് ആവറേജ് 
മോഹന്‍ലാലിനു ലഭിച്ച മികച്ച വേഷങ്ങളില്‍ ഒന്നാണ് ക്യാമറമാന്‍ വേണു. കേള്‍വിശക്തി നഷ്ടപെട്ട ഒരാള്‍ എങ്ങനെയോക്കെയാണോ പ്രതികരിക്കുന്നത്, അതുപോലെ തന്നെ പ്രതികരിച്ചു കൊണ്ട് മികച്ച പ്രകടനം കാഴ്ച്ചവെക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു. മോഹന്‍ലാലിനൊപ്പം അമല പോള്‍ മികച്ച അഭിനയം കാഴ്ച്ചവെച്ചുകൊണ്ട് അവരുടെ സ്ഥാനം മലയാള സിനിമയില്‍ ഉറപ്പിച്ചു. ബിജു മേനോനും, മിതുന്‍ രമേഷും, അനില്‍ മുരളിയും, അപര്‍ണ്ണ നായരും, അമീര്‍ നിയാസും അവരവരുടെ രംഗങ്ങള്‍ മികച്ചതാക്കി. വില്ലന്മാരായി എത്തിയ സായികുമാറും സിദ്ദിക്കും മോശമക്കാത്ത അഭിനയിച്ചു. മോഹന്‍ലാല്‍, ബിജു മേനോന്‍, സായികുമാര്‍, സിദ്ദിക്ക്, വിജയരാഘവന്‍, ഷമ്മി തിലകന്‍, കൃഷ്ണകുമാര്‍, മിതുന്‍ രമേശ്‌, അമീര്‍ നിയാസ്, അനില്‍ മുരളി, അനൂപ്‌ ചന്ദ്രന്‍, ജോജോ, ബൈജു ജോസ്, അമല പോള്‍, അപര്‍ണ്ണ നായര്‍ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍.   

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.മോഹന്‍ലാലിന്‍റെ അഭിനയം
2.ജോഷിയുടെ സംവിധാനം 
3.സച്ചി എഴുതിയ ത്രസിപ്പിക്കുന്ന കഥാസന്ദര്‍ഭങ്ങള്‍  
4.ആര്‍. ഡി. രാജശേഖറിന്റെ ചായാഗ്രഹണം

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.സിനിമയുടെ ആദ്യപകുതിയിലെ വേണുവും രേണുവും തമ്മിലുള്ള പ്രണയ രംഗങ്ങള്‍ 
2.സായികുമാര്‍, സിദ്ദിക്ക് എന്നിവരുടെ കഥാപാത്ര രൂപികരണം

റണ്‍ ബേബി റണ്‍ റിവ്യൂ: ത്രസിപ്പിക്കുന്ന ഒട്ടനേകം കഥാസന്ദര്‍ഭങ്ങളും, കൃത്യതയാര്‍ന്ന സംവിധാനവും, നടീനടന്മാരുടെ അഭിനയപാടവവും, സാങ്കേതികതികവും ഈ ജോഷി-മോഹന്‍ലാല്‍ സിനിമയെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്നായി മാറ്റുവാന്‍ സഹായിച്ചു. 

റണ്‍ ബേബി റണ്‍ റേറ്റിംഗ്: 6.50/10
കഥ, തിരക്കഥ: 6/10[എബവ് ആവറേജ്]
സംവിധാനം: 7/10[ഗുഡ്]
സാങ്കേതികം: 3.5/5[ഗുഡ്]
അഭിനയം: 3/5[എബവ് ആവറേജ്] 
ടോട്ടല്‍: 19.5/30[6.5/10]

സംവിധാനം: ജോഷി
നിര്‍മ്മാണം: മിലന്‍ ജലീല്‍
ബാനര്‍::ഗാലക്സി ഫിലിംസ് 
കഥ,തിരക്കഥ,സംഭാഷണം: സച്ചി
ചായാഗ്രഹണം:ആര്‍..ഡി.രാജശേഖര്‍ 
ചിത്രസന്നിവേശം: ശ്യാം ശശിധരന്‍ 
വരികള്‍: റഫീക്ക് അഹമ്മദ്
സംഗീതം: രതീഷ്‌ വേഗ
കലാസംവിധാനം: സാബു പ്രവദാസ്
ശബ്ദമിശ്രണം: സേതു 
വിതരണം: ഗാലക്സി ഫിലിംസ് 

20 Aug 2012

മിസ്റ്റര്‍ മരുമകന്‍ - മിസ്റ്റര്‍ ജനപ്രിയനായകന്റെ ആരാധകര്‍ക്ക് മാത്രം ആഘോഷിക്കുവാന്‍ വേണ്ടിയുള്ള സിനിമയാണ് മിസ്റ്റര്‍ മരുമകന്‍ 3.20 / 10

ജനപ്രിയ നായകനും, ഉദയന്‍-സിബി ടീമും, ഒരുപാട് കുടുംബാംഗങ്ങളുള്ള പ്രശസ്തമായ തറവാട് വീടും, നായകന്റെ വീട് കടം കയറി ജപ്തിയാവാറായി നില്‍ക്കുന്ന അവസ്ഥയുമാണ് കഥയുടെ ആരംഭമെങ്കില്‍, പ്രേക്ഷകര്‍ക്ക്‌ ഊഹിക്കാവുന്നതെയുള്ളു ആ സിനിമയുടെ കഥയും കഥാവസാനവും. മേല്പറഞ്ഞ അവസ്ഥകള്‍ക്കൊപ്പം, ഉദയന്‍-സിബി ടീം നായകന് ഇത്തവണ നല്ക്കിയിരിക്കുന്ന മറ്റൊരു ഉത്തരവാദിത്വം എന്നത് അഹങ്കാരിയായ കാമുകിയും, അമ്മായിയമ്മയെയും സ്നേഹത്തിലൂടെ നേര്‍വഴിക്കു നടത്തുക എന്നതാണ്. രാജാസ് ഗ്രൂപിന്റെ മുതലാളിയും കോടീശ്വരിയുമായ രാജമല്ലികയുടെ ഏക മകളാണ് രാജലക്ഷ്മി. മല്ലികയും ലക്ഷ്മിയും മല്ലികയുടെ അമ്മ രാജകോകിലയുമാണ് രാജാസ് ഗ്രൂപ്പ്‌ കമ്പനിയുടെ നടത്തിപ്പുകാര്‍. അഹങ്കാരികളും പുരുഷ വിദ്വേഷികളുമായ മൂവരും ഒരാളെയും വിലവേയ്ക്കാത്ത രീതിയിലുള്ള പേരുമാറ്റത്തിനുടമകളാണ്. ഒരിക്കല്‍, രാജമല്ലികയുടെ ഭര്‍ത്താവ് പാലക്കാടുള്ള ബാലസുബ്രമണ്യന്‍ അവിചാരിതമായി തന്റെ സുഹൃത്തിനെയും മകന്‍ അശോക്‌രാജിനെയും പരിച്ചയപെടുന്നത്. രജമല്ലികയുമായി സന്തോഷകരമായ വിവാഹബന്ധം തുടരുവാന്‍ സാധിക്കാത്ത ബാലസുബ്രമണ്യം അവരുമായി വഴിക്കിലാകുകയും വീടുവിട്ടിറങ്ങുകയും ച്യെത അവസരത്തിലാണ് അശോക്‌രാജിനെ പരിച്ചയപെടുന്നത്. രാജലക്ഷ്മിയുമായി മുന്‍പരിചയമുള്ള അശോക്‌ രാജ്, പലവട്ടം അവളുമായി വഴക്കിടുകയും ചെയ്തിട്ടുണ്ട്. പക്ഷെ താന്‍ വഴക്കിട്ടത് കളിക്കൂട്ടുകാരിയോടാണ് എന്ന സത്യം തിരിച്ചറിയുന്ന അശോക്‌ രാജ്, അന്നുമുതല്‍ അവളുമായി അടുക്കുവാനും പ്രേമിക്കുവാനും നടത്തിന്ന ശ്രമങ്ങളാണ് ഈ സിനിമയുടെ കഥ. ഒടുവില്‍, അശോക്‌ രാജുമായി ലക്ഷ്മിയുടെ വിവാഹം നിശ്ചയിക്കുന്നു. തുടര്‍ന്ന്, ഇവരുടെയെല്ലാം ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് മിസ്റ്റര്‍ മരുമകന്‍ സിനിമയുടെ രണ്ടാം പകുതിയും ക്ലൈമാക്സും. അശോക്‌ രാജായി ദിലീപും, രാജലക്ഷ്മിയായി സനൂഷയും, രാജമല്ലികയായി ഖുശ്ബുവും, ബാലസുബ്രമണ്യമായി ഭാഗ്യരാജും അഭിനയിക്കുന്നു.


കഥ, തിരക്കഥ: മോശം
ഉദയകൃഷ്ണയും സിബി കെ.തോമസും ദിലീപും ഒത്തുചേര്‍ന്ന സിനിമയാണെങ്കില്‍, കഥയും കഥാപാത്രങ്ങളും ക്ലൈമാക്സും ഒക്കെ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഊഹിചെടുക്കവുന്നതെയുള്ളൂ. ഈ സിനിമയുടെ സ്ഥിതി മറിച്ചല്ല. ദിലീപിന്റെ കഥാപാത്രരൂപികരണവും, ബിജു മേനോനും സുരാജും പറയുന്ന ഒന്ന് രണ്ടു തമാശകളുള്ള സംഭാഷണങ്ങളും, ക്ലൈമാക്സിനു മുമ്പുള്ള ഒരു സസ്പെന്‍സും ഒഴികെ, ഈ സിനിമയിലെ മറ്റെല്ലാ ഘടഗങ്ങളും പരിതാപകരമാണ്. 20 വര്‍ഷങ്ങളിലായി മലയാള സിനിമയില്‍ കണ്ടിട്ടുള്ള കഥാസന്ദര്‍ഭങ്ങളെല്ലാം വീണ്ടും ഒന്നുകൂടെ എഴുതിവെച്ചാല്‍ എങ്ങനെയാണ് തിരക്കഥയാകുന്നത്. സിനിമ കാണുവാന്‍ വരുന്ന പ്രേക്ഷകരെ വഞ്ചിക്കുന്ന രീതിയില്‍ എഴുതപെട്ട തിരക്കഥകള്‍ വായിച്ചു ഈ സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറായ ദിലീപും, ഈ സിനിമ നിര്‍മ്മിക്കുവാന്‍ തയ്യാറായ വര്‍ണ്ണചിത്രയുടെ നിര്‍മ്മാതാക്കളുടെയും ധൈര്യം അപാരം തന്നെ. കാര്യസ്ഥനും മായാമോഹിനിയും വിജയിച്ചതുകൊണ്ട് മിസ്റ്റര്‍ മരുമകനും പ്രേക്ഷകര്‍ തെറ്റ്കുറ്റങ്ങളെല്ലാം  ക്ഷമിച്ചുകൊണ്ട് കണ്ടിരുന്നോളും എന്ന അഹങ്കാരമാണ് തിരക്കഥകൃത്തുക്കള്‍ക്കും ദിലീപിനും ഈ സിനിമ ചെയ്യുവാനുള്ള പ്രേരണ. 


സംവിധാനം: ബിലോ ആവറേജ്
കിലുക്കം കിലുകിലുക്കം എന്ന ബോറന്‍ സിനിമയ്ക്ക് ശേഷം സന്ധ്യാമോഹന്‍ സംവിധാനം ചെയ്ത സിനിമയാണ് മിസ്റ്റര്‍ മരുമകന്‍. ധനുഷ് നായകനായ "മാപ്പിള്ളയി" എന്ന തമിഴ് സിനിമയുടെ കഥയുമായി സാമ്യമുള്ള കഥ സംവിധാനം ചെയുന്ന ഏതൊരു സംവിധായകനും ചെയ്യേണ്ട അടിസ്ഥാന കര്‍ത്തവ്യം എന്നത് ആ സിനിമ കാണുകയും ആ സിനിമയുമായി സാദിര്‍ശ്യം തോന്നുന്ന രംഗങ്ങള്‍ ഒഴിവാക്കുക എന്നതുമാണ്‌. ഈ സിനിമയുടെ കാര്യത്തില്‍, ഉദയകൃഷ്ണ-സിബി തോമസ്‌ കൂട്ടുകെട്ടിന്റെ തിരക്കഥയും ദിലീപിന്റെ സമയവും ലഭിച്ചപ്പോള്‍, അവര്‍ പറയുന്നതനുസരിച്ച് നില്‍ക്കുന്ന ഒരു ഡമ്മി സംവിധായകനെയാണ് സന്ധ്യാമോഹനില്‍ കണ്ടത്. തിരക്കഥ കൃത്തുക്കള്‍ എഴുതിവെച്ച കുറെ കാര്യങ്ങള്‍ പി.സുകുമാര്‍ എന്ന ചായഗ്രാഹകന്റെ സഹായത്താല്‍ ചിത്രീകരിച്ചുവെച്ചു എന്നതല്ലാത സന്ധ്യാമോഹന്‍ ഈ സിനിമ മെച്ചപെടുത്തുന്നതിനു വേണ്ടി യാതൊന്നും ചെയ്തിട്ടില്ല.

സാങ്കേതികം: ആവറേജ്
പി.സുകുമാര്‍ ചിത്രീകരിച്ച രംഗങ്ങള്‍ സിനിമയ്ക്ക് മികച്ച പിന്തുണ നല്ക്കുന്നുണ്ട്. കളര്‍ഫുള്‍ ദ്രിശ്യങ്ങള്‍ സന്നിവേശം ചെയ്ത മഹേഷ്‌ നാരായണന്‍ ഉറങ്ങുന്നതിനിടയിലാണോ ഈ സിനിമയുടെ ചിത്രസന്നിവേശം നിര്‍വഹിച്ചത് എന്ന സംശയമുണ്ട്‌ പ്രേക്ഷകര്‍ക്ക്‌. കാരണം, 2 മണിക്കൂറില്‍ അവസാനിപ്പിക്കേണ്ട ഒരു തട്ടിക്കൂട്ട് കഥ, മൂന്ന് മണിക്കൂര്‍ വലിച്ചുനീട്ടിയത് മഹേഷിന്റെയും സംവിധായകന്റെയും കഴിവ് തന്നെ. പി.ടി.ബിനു, സന്തോഷ്‌ വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് സുരേഷ് പീറ്റേഴ്സ് ഈണമിട്ട 5  പാട്ടുകളുണ്ട് ഈ സിനിമയില്‍. മായോ മായോ എന്നാരംഭിക്കുന്ന പാട്ടല്ലാതെ മറ്റൊന്നും ഒരുവട്ടം പോലും കേള്‍ക്കുവാന്‍ തോന്നിപ്പിക്കുന്നവയല്ല. മാഫിയ ശശിയും പഴനിയും ചേര്‍ന്നാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയത്. അസീസ്‌ പാലക്കാടിന്റെ വസ്ത്രാലങ്കാരവും സുദേവന്റെ മേയിക്കപും മോശമായില്ല. സാങ്കേതിക വശങ്ങളുടെ കാര്യത്തില്‍ ഒരല്‍പം ഭേദപെട്ടു തോന്നിയത് സുരേഷ് പീറ്റേഴ്സ് നല്‍ക്കിയ പശ്ചാത്തല സംഗീതമാണ്. 

അഭിനയം: എബവ് ആവറേജ്  
കാഴ്ചയിലൂടെ സിനിമയിലെത്തുകയും, മാമ്പഴക്കാലം, മീശമാധവന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധനേടിയകയും ചെയ്ത സനൂഷയാണ് ഈ സിനിമയിലെ ദിലീപിന്റെ നായിക. അശോക്‌ രാജായി ദിലീപും, രാജമല്ലികയായി കുശ്ബുവും, ബാബുരാജയി ബിജു മേനോനും അവരവരുടെ രംഗങ്ങള്‍ മോശമാക്കാതെ അഭിനയിച്ചിട്ടുണ്ട്. ഭാഗ്യരാജിനെ പോലോരാള്‍ക്ക് ചെയുവാനുള്ള പ്രസക്തിയൊന്നും അദ്ദേഹം ചെയ്ത കഥപാത്രത്തിനില്ല. ഷീല, ബാബുരാജ് എന്നിവരുടെ സമീപകലത്തുള്ള മോശം അഭിനയപ്രകടനങ്ങളില്‍ ഒന്നാണ് ഈ സിനിമയിലെത്. ജഗതിയ്ക്ക് തുല്യം ജഗതി മാത്രം എന്ന ഈ സിനിമയിലൂടെ വ്യക്തമാകും വിധമാണ് ജഗതി അഭിനയിക്കേണ്ടിയിരുന്ന കഥാപാത്രം ബാബുരാജ് അഭിനയിച്ചപ്പോള്‍ പ്രേക്ഷകര്‍ മനസ്സിലാക്കിയത്. ദിലീപ്, ഭാഗ്യരാജ്, ബിജു മേനോന്‍, സുരാജ് വെഞ്ഞാറമൂട്, സലിം കുമാര്‍, നെടുമുടി വേണു, സായികുമാര്‍, ബാബുരാജ്, റിയാസ് ഖാന്‍, ഹരിശ്രീ അശോകന്‍, നന്ദു പൊതുവാള്‍, സനൂഷ, ഖുശ്ബു, ഷീല, കവിയൂര്‍ പൊന്നമ്മ, തെസ്നി ഖാന്‍, സജിത ബേട്ടി, റീജ വേണുഗോപാല്‍, അംബിക മോഹന്‍ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍. 


സിനിമയുടെ പ്ലസ് പോയിന്റ്സ്:
1. ദിലീപ്
2. ബിജു മേനോന്‍, സുരാജ് എന്നിവരുടെ ഒന്ന്-രണ്ടു തമാശകള്‍


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. ഉദയന്‍-സിബി ടീമിന്റെ കഥ, തിരക്കഥ
2. സന്ധ്യമോഹന്റെ സംവിധാനം
3. ചിത്രസന്നിവേശം, പാട്ടുകള്‍
4. കഥയില്‍ പ്രാധാന്യമില്ലാത്ത കഥാപാത്രങ്ങള്‍, തട്ടിക്കൂട് തമാശകള്‍
5. ദിലീപ്-സനുഷ ജോഡി 


മിസ്റ്റര്‍ മരുമകന്‍ റിവ്യൂ: ദിലീപിന്റെ ആരാധകരെ രസിപ്പിക്കുവാന്‍ വേണ്ടിയെടുത്ത മിസ്റ്റര്‍ മരുമകന്‍ പ്രേക്ഷകര്‍ക്ക്‌ സുപരിചിതമായ കഥാസന്ദര്‍ഭങ്ങളിലൂടെ വികസിക്കുന്ന ലോജിക്കില്ലാത്ത എന്റര്‍റ്റെയിനറാണ്.

മിസ്റ്റര്‍ മരുമകന്‍ റേറ്റിംഗ്: 3.20 / 10
കഥ, തിരക്കഥ: 1 / 10 [മോശം]
സംവിധാനം: 3 / 10 [ബിലോ ആവറേജ്]
സാങ്കേതികം: 2.5 / 5 [ആവറേജ്]
അഭിനയം: 3 / 5 [
എബവ് ആവറേജ്]
ടോട്ടല്‍: 9.5 / 30 [3.2 / 10]


സംവിധാനം: സന്ധ്യാമോഹന്‍
കഥ, തിരക്കഥ, സംഭാഷണം: ഉദയകൃഷ്ണ-സിബി കെ. തോമസ്‌
ബാനര്‍: വര്‍ണ്ണചിത്ര 
നിര്‍മ്മാണം: സുബൈര്‍, നെല്‍സണ്‍ ഐപ്പ്
ചായാഗ്രഹണം: പി.സുകുമാര്‍
ചിത്രസന്നിവേശം: മഹേഷ്‌ നാരായണന്‍
വരികള്‍: പി.ടി.ബിനു, സന്തോഷ്‌ വര്‍മ്മ
സംഗീതം: സുരേഷ് പിറ്റേഴ്സ്
പശ്ചാത്തല സംഗീതം:
സുരേഷ് പിറ്റേഴ്സ്
കലാസംവിധാനം: സാലൂ.കെ. ജോര്‍ജ്
വസ്ത്രാലങ്കാരം:
അസീസ്‌ പാലക്കാട്  
മേയിക്കപ്: സുദേവന്‍
വിതരണം: വൈശാഖ,വര്‍ണ്ണചിത്ര,ആന്‍മെഗാ മീഡിയ

19 Aug 2012

താപ്പാന - മമ്മൂട്ടിയുടെ ആരാധകരെ ത്രിപ്ത്തിപെടുത്തുന്ന ഒരു ജോണി ആന്റണി സിനിമ 4.80 / 10

ഗാലക്സി ഫിലിംസിന് വേണ്ടി മിലന്‍ ജലീല്‍ നിര്‍മ്മിച്ച്‌, മെഗാ സ്റ്റാര്‍ പത്മശ്രീ ഭരത് മമ്മൂട്ടി കേന്ദ്ര കഥാപാത്രമാകുന്ന താപ്പാന, ജോണി ആന്റണിയുടെ മൂന്നാമത്തെ മമ്മൂട്ടി സിനിമയാണ്. കണ്ണൂര്‍ ജയിലില്‍ നിന്നും ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുന്ന സാംസണ്‍ എന്ന സാംകുട്ടിയായാണ്‌ മമ്മൂട്ടി ഈ സിനിമയില്‍ അഭിനയിക്കുന്നത്. സാംസണ്‍ ജയിലില്‍ നിന്ന് ഇറങ്ങുന്ന അതെ ദിവസം മല്ലിക എന്ന പെണ്‍കുട്ടിയും ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുന്നു. മല്ലികയെ കണ്ട ഉടനെ അവളോട്‌ ഒരടുപ്പം തോന്നുന്ന സാംസണ്‍, മല്ലികയുമായി പരിചയപെടാനും അടുക്കാനും ശ്രമിക്കുന്നു. വാഹന അപകടത്തില്‍ പെടുന്ന മല്ലികയെ രക്ഷിക്കുന്ന സാംസണുമായി സൗഹൃദത്തിലാകുന്ന അവള്‍ എങ്ങനെയാണ് താന്‍ ജയിലിലെത്തിയത് എന്ന കഥ പറയുന്നു. മല്ലികയോടുള്ള ഇഷ്ടം ഉള്ളിലൊതുക്കി സാംസണ്‍ അവളുടെ നാട്ടിലേക്ക് കൂടെ പോകുന്നു. അവിടെ വെച്ച് ചില സത്യങ്ങളറിയുന്ന മല്ലിക, സംസണോട് സഹായം അഭ്യര്‍ത്ഥിക്കുന്നു. അങ്ങനെ, മല്ലികയെ ദ്രോഹിച്ചവരോട് പ്രതികാരം ചെയ്യുവാന്‍ സാംസണ്‍ മല്ലികയെ സഹായിക്കുന്നു. തുടര്‍ന്ന് ഇരുവരുടെയും ജീവിതത്തിലുണ്ടാകുന്ന രസകരമായ കഥയാണ് താപ്പാന എന്ന സിനിമയിലൂടെ തിരക്കഥകൃത്തും സംവിധായകനും പറയുവാന്‍ ഉദ്ദേശിച്ചത്.
ബെസ്റ്റ് ആക്ടര്‍ എന്ന സിനിമയിലെ മോഹന്‍ മാഷിനു ശേഷം മമ്മൂട്ടിയ്ക്ക് ലഭിച്ച നല്ല വേഷങ്ങളിളൊന്നാണ് താപ്പനയിലെ സാംസണ്‍... മല്ലികയായി അഭിനയിക്കുന്നത് കാട്ടുചെമ്പകത്തിലൂടെ മലയാളത്തിലെത്തിയ ചാര്‍മിയാണ്. എല്‍സമ്മ ആണ്‍കുട്ടിയ്ക്ക് ശേഷം എം.സിന്ധുരാജ് രചന നിര്‍വഹിക്കുന്ന താപ്പാനയുടെ ചായാഗ്രഹണം രാജരത്നവും, ചിത്രസന്നിവേശം രഞ്ജന്‍ അബ്രഹാമും, സംഗീതം വിദ്യാസാഗറും നിര്‍വഹിച്ചിരിക്കുന്നു. 

കഥ, തിരക്കഥ: ബിലോ ആവറേജ്
അവിചാരിതമായി കണ്ടുമുട്ടുകയും പരിച്ചയപെടുകയും സുഹൃത്തുക്കളാകുകയും ചെയ്യുന്ന ഒരാണും പെണ്ണും, പിന്നീട്..., ഒരാളുടെ പ്രശ്നത്തില്‍ മറ്റൊരാള്‍ ഇടപെട്ടു രക്ഷിക്കുകയും, അവസാനം അവര്‍ തമ്മില്‍ ഒന്നാവുകയും ചെയുന്ന എത്രയോ കഥകള്‍ സിനിമകളായിട്ടുണ്ട് മലയാളത്തില്‍. ഇതേ കഥ ഇന്നത്തെ കാലഘട്ടത്തില്‍ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്നത് കണ്ടറിയണം. കണ്ടുമടുത്ത കഥയാണെന്ന് കഥാകൃത്തിനു തോന്നുകയാണെങ്കില്‍, കഥാസന്ദര്‍ഭങ്ങള്‍ രചിക്കുമ്പോഴെങ്കിലും പുതുമകള്‍ ഉള്‍പെടുത്താന്‍ ശ്രമിക്കാമായിരുന്നു. ആ തരത്തിലുള്ള ശ്രമായിരുന്നു എം.സിന്ധുരാജ് എന്ന തിരക്കഥകൃത്ത് ലാല്‍ ജോസിനു വേണ്ടി എഴുതിയ എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന സിനിമ. അതിനാല്‍ ആ സിനിമ പ്രേക്ഷകര്‍ ഇരുകയ്യുംനീട്ടി സ്വീകരിച്ചു. എന്നാല്‍, താപ്പാനയ്ക്ക് വേണ്ടി എം. സിന്ധുരാജ് പുതുമയുള്ള കഥയോ കഥാസന്ദര്‍ഭങ്ങളോ രൂപപെടുത്തിയെടുക്കാന്‍ ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം. മേല്പറഞ്ഞ കുറവുകളൊക്കെ ഈ സിനിമയ്ക്കുണ്ടെങ്കിലും, ജോണി ആന്റണിയുടെ മുന്‍കാല സിനിമകളായ തുറുപ്പുഗുലാന്‍, പട്ടണത്തില്‍ ഭൂതം എന്നീ സിനിമകളിലെ പോലെ മമ്മൂട്ടിയെ ഒരു കോമാളിയക്കുന്ന രീതിയിലുള്ള കഥാപാത്ര രൂപികരണമല്ല താപ്പാനയിലെത് എന്നതാണ് ഏക ആശ്വാസം. 
സംവിധാനം: ആവറേജ്
പ്രിഥ്വിരാജ് നായകനായ മാസ്റ്റേഴ്സ് എന്ന സിനിമയ്ക്ക് ശേഷം ജോണി ആന്റണി സംവിധാനം ചെയ്യുന്ന താപ്പാന, അദ്ദേഹത്തിന്റെ മുന്‍കാല മമ്മൂട്ടി സിനിമകളെ അപേക്ഷിച്ച് ഭേദമാണ്. മമ്മൂട്ടിയുടെ കഥാപാത്രവും അഭിനയവും, വിജീഷും പൊന്നമ്മ ബാബുവും ചേര്‍ന്നൊരുക്കിയ ചില തമാശകളും, വിദ്യാസാഗറിന്റെ സംഗീതവും, രാജരത്നത്തിന്റെ ചായഗ്രഹണവും ഒക്കെയാണ് താപ്പാനയെ രക്ഷിച്ചത്‌.
. നല്ല സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ നിരാശപെടുമെങ്കിലും, മമൂട്ടിയുടെ ആരാധകരെ ത്രിപ്തിപെടുത്തുന്ന സിനിമയെടുക്കുവാന്‍ ജോണി ആന്റണിയ്ക്കും കൂട്ടര്‍ക്കും സാധിച്ചു. സിനിമയുടെ ആദ്യപകുതി രസകരമായി അനുഭവപെട്ടെങ്കിലും, രണ്ടാം പകുതിയും ക്ലൈമാക്സും മോശമായതാണ് ഒരു സംവിധായകന്‍ എന്ന നിലയില്‍ ജോണി ആന്റണിയ്ക്ക് പറ്റിയ പിഴവ്. പുതുമകള്‍ മാത്രം കാണുവാന്‍ ആഗ്രഹിച്ചു സിനിമ കാണുവാന്‍ എത്തുന്ന പ്രേക്ഷകരെ ഇനിയും ഇതുപോലുള്ള സിനിമകളെടുത്ത് വഞ്ചിച്ചു സ്വന്തം പേര് മോശമാക്കണോ എന്ന്‍ എം.സിന്ധുരാജും ജോണി ആന്റണിയും ചിന്തികേണ്ടാതാണ്.

സാങ്കേതികം: എബവ് ആവറേജ്
ഊരും പേരും പറയാതെ...എന്ന് തുടങ്ങുന്ന ഈ സിനിമയിലെ പാട്ട് വിദ്യാസാഗര്‍ ഈണമിട്ട  ഏറ്റവും മികച്ച പ്രണയഗാനങ്ങളില്‍ ഒന്നാണ്. അതുപോലെ മികച്ച രീതിയില്‍ പശ്ചാത്തല സംഗീതം ഒരുക്കുവാനും വിദ്യാസാഗറിന് സാധിച്ചിട്ടുണ്ട്. രാജരത്നമാണ് ഈ സിനിമയിലെ മനോഹരങ്ങളായ ദ്രിശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. ഈ സിനിമയിലെ പ്രധാന സവിശേഷതകളാണ് ചായഗ്രഹണവും സംഗീതവും. രഞ്ജന്‍ അബ്രഹാമാണ് ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ കൂട്ടിയോജിപ്പിച്ചത്. നായകനും നായികയും ജീപ്പിലും കാറിലും സഞ്ചരിക്കുന്ന രംഗങ്ങളില്‍ കൃത്രിമത്വം തോന്നിപിക്കു
ന്നുണ്ട്. രഞ്ജന്‍ അബ്രഹമാണോ ജോണി ആന്റണിയാണോ ഇതൊക്കെ ശ്രദ്ധിക്കാതെപോയത് എന്നറിയില്ല. മോഹന്‍ദാസ്‌ ഒരുക്കിയ കലാസംവിധാനവും, അഫ്സല്‍ മുഹമ്മദിന്റെ വസ്ത്രാലങ്കാരവും കഥയോട് ചേര്‍ന്ന് നില്‍ക്കുന്നവയാണ്. 

അഭിനയം: ഗുഡ്
സാംസണ്‍ എന്ന്‍ കഥാപാത്രം മമ്മൂട്ടിയുടെ സമീപകാലത്തിറങ്ങിയ വേഷങ്ങളില്‍ മികച്ചു നില്‍ക്കുന്നു. മറ്റൊരു എടുത്തു പറയേണ്ട പ്രശംസിക്കേണ്ട അഭിനയം കാഴ്ചവെച്ചത് മുരളി ഗോപിയാണ്. കൊട്ടാരക്കര ശ്രീധരന്‍ നായര്‍ മുതല്‍ നരേന്ദ്ര പ്രസാദ്‌, സായികുമാര്‍, സിദ്ദിക്ക് എന്നിങ്ങനെ നീളുന്ന വില്ലന്മാരുടെ പട്ടികയില്‍ മുരളി ഗോപി എന്ന കരുത്തുറ്റനായ ഒരു വില്ലനെകൂടി ലഭിച്ചിരിക്കുകയാണ് ഈ സിനിമയിലൂടെ. പോലീസ് ഉദ്യോഗസ്ഥനായി വിജയരാഘവനും, ഗുണ്ടയായി വിജീഷും, മല്ലികയായി അഭിനയിച്ച ചാര്‍മിയും അവരവരുടെ കഥാപാത്രങ്ങള്‍ മികച്ചതാക്കി. ഇവരെ കൂടാതെ കലാഭവന്‍ ഷാജോണ്‍,  മാള അരവിന്ദന്‍, അനില്‍ മുരളി, സാദിക്ക്, ശിവജി ഗുരുവായൂര്‍, ഇര്‍ഷാദ്, സുരേഷ് കൃഷ്ണ, മണികണ്ടന്‍, ചെമ്പില്‍ അശോകന്‍, സുനില്‍ സുഖദ, കലാഭവന്‍ റഹ്മാന്‍, അബു സലിം, പൊന്നമ്മ ബാബു, തെസ്നി ഖാന്‍, വിജയകുമാരി, ലക്ഷ്മിപ്രിയ, സജിത ബേട്ടി എന്നിവരുമുണ്ട് ഈ സിനിമയില്‍.. 

സിനിമയുടെ പ്ലസ് പോയിന്റ്സ്:
1. മമ്മൂട്ടി
2. ഊരും പേരും പറയാതെ...എന്ന പാട്ട്
3. പശ്ചാത്തല സംഗീതം
4. മുരളി ഗോപി, ചാര്‍മി, വിജീഷ് എന്നിവരുടെ അഭിനയം
5.ചായാഗ്രഹണം 


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. പ്രവചിക്കനാവുന്ന കഥ
2. പുതുമയില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍
3. സിനിമയുടെ രണ്ടാം പകുതിയും ക്ലൈമാക്സും


താപ്പാന റിവ്യൂ: പ്രവചിക്കനാവുന്ന  കഥയും പുതുമയില്ലാത്ത കഥാസന്ദര്‍ഭങ്ങളും സുപരിചിതമായ കഥാപാത്രങ്ങളും താപ്പാന എന്ന സിനിമയുടെ പ്രധാന പോരായ്മകളാണെങ്കിലും, മമ്മൂട്ടി എന്ന നടനെയും താരത്തെയും അദ്ദേഹത്തിന്റെ ആരാധകരെ ത്രിപ്ത്തിപെടുത്തുന്ന രീതിയില്‍ ഉപയോഗിച്ച സിനിമയാണ് താപ്പാന.

താപ്പാന റേറ്റിംഗ്: 4.80 / 10
കഥ, തിരക്കഥ: 3/ 10 [ബിലോ ആവറേജ്]
സംവിധാനം: 5 / 10 [
ആവറേജ്]
സാങ്കേതികം: 3 / 5 [എബവ് ആവറേജ്] 
അഭിനയം: 3.5 / 5 [ഗുഡ് ]
ടോട്ടല്‍:: 14.5 / 30 [4.8 / 10] 

സംവിധാനം: ജോണി ആന്റണി
നിര്‍മ്മാണം: മിലന്‍ ജലീല്‍
ബാനര്‍: ഗാലക്സി ഫിലിംസ്
കഥ, തിരക്കഥ, സംഭാഷണം: എം.സിന്ധുരാജ്
ചായാഗ്രഹണം: രാജരത്നം
ചിത്രസന്നിവേശം: രഞ്ജന്‍ എബ്രഹാം
വരികള്‍: മുരുകന്‍ കാട്ടാക്കട, അനില്‍ പനച്ചൂരാന്‍, സന്തോഷ്‌ വര്‍മ്മ
സംഗീതം, പശ്ചാത്തല സംഗീതം: വിദ്യാസാഗര്‍
കലാസംവിധാനം: മോഹന്‍ദാസ്‌
വസ്ത്രാലങ്കാരം: അഫ്സല്‍ മുഹമ്മദ്‌
മേക്കപ്പ്: സജി കാട്ടാക്കട
വിതരണം: ഗാലക്സി റിലീസ് 

18 Aug 2012

ഫ്രൈഡേ - സാധാരണക്കാരുടെ ജീവിത കഥ വിശ്വസനീയതയോടെ കോര്‍ത്തിണക്കിയ ഒരു ഹൈപ്പര്‍ -ലിങ്ക് സിനിമ 5.70 / 10


ആലപ്പുഴ നഗരത്തില്‍ 11.11.11 വെള്ളിയാഴ്ച ദിവസം കാവാലത്ത് നിന്നും ആലപ്പുഴയിലേക്ക് സഞ്ചരിക്കുന്ന ബോട്ടില്‍ സാധാരണക്കാരായ കുറെ മനുഷ്യര്‍ യാത്ര ചെയുന്നു. ആലപ്പുഴ നഗരത്തില്‍ എത്തിച്ചേരുന്ന അവര്‍ പല ആവശ്യങ്ങള്‍ക്കായി പലയിടങ്ങളിയായി വന്നവരാണ്. അവരില്‍ കോളേജ് വിദ്യാര്‍ഥികളുണ്ട്, കര്‍ഷകരുണ്ട്, അങ്ങനെ...നല്ലവരും കെട്ടവരുമായ നിരവധിപേരുണ്ട്‌. കര്‍ഷകനായ പുരുഷോത്തമനും അയാളുടെ മക്കളും കൊച്ചുമകളും ആലപുഴയില്‍ എത്തിയത് കൊച്ചുമകളുടെ വിവാഹത്തിനു വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങുവാന്‍ ആണെങ്കില്‍, തന്റെ കുഞ്ഞിനെ ആദ്യമായി ഒന്ന് കാണുവാന്‍ വേണ്ടി അലപുഴയില്‍ എത്തുന്ന ചെറുപ്പക്കാരനും, കാമുകനായ മുനീറിനെ കാണുവാന്‍ കോളേജ് വിദ്യാര്‍ഥിനി ജിന്‍സിയും, ബോട്ട് ജീവിനക്കാരും, പെട്രോള്‍ പമ്പ് ജീവിനക്കരനായ ബോബിച്ചനും ഒക്കെ അതെ ബോട്ടില്‍ അന്നേ ദിവസം ആലപ്പുഴയില്‍ എത്തിയവരാണ്. ഒരു കുഞ്ഞിനെ ദത്തെടുക്കുവനായി അലപുഴയില്‍ എത്തിയ അരുണും പാര്‍വതിയും, പുരുഷുവിന്റെ കൊച്ചുമകളുടെ വരന്‍ ജയനും, ഗര്‍ഭിണിയായ യാച്ചകസ്ത്രീയും, ചെറിയ നായക്കുട്ടിയെ വില്‍ക്കുവാന്‍ നടക്കുന്ന ഗുണ്ടയും ശിങ്കിടിയും ഒക്കെ ആലപുഴയില്‍ അന്നേ ദിവസം പലയിടങ്ങളില്‍ നിന്ന് വന്നവരാണ്. മേല്പറഞ്ഞവരില്‍ പലരും യാത്ര ചെയ്തിരുന്നത് ബാലുവിന്റെ ഓട്ടോറിക്ഷയിലായിരുന്നു. കൊങ്കിണി സമുദായത്തില്‍പെട്ട യുവാവായ ബാലു ഓട്ടോ ഓടിച്ചു ലഭിക്കുന്ന വരുമാനം കൊണ്ടാണ് അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം പോറ്റുന്നത്. അന്നേ ദിവസം വിവാഹ വസ്ത്രങ്ങളെടുക്കുവാന്‍ വന്ന പുരുഷു, ബാലുവിന്റെ ഓട്ടോ റിക്ഷയില്‍ യാത്രചെയ്യുകയും ആഭരണവും മറ്റു സാധനങ്ങളും അടങ്ങുന്ന ബാഗ് ഓട്ടോയില്‍ വെച്ച് മറന്നുപോകുന്നു. ഇതിനെ തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങള്‍ ഒരുവശത്ത് നടക്കുമ്പോള്‍, മറുവശത്ത്‌ ജിന്‍സിയും മുനീറും തമ്മിലുള്ള പ്രണയവും, അരുണ്‍-പാര്‍വതി ദമ്പതികള്‍ കുഞ്ഞിനായി അനാഥാലയത്തില്‍ എത്തുന്നതും, യാചക സ്ത്രീയും, ഗുണ്ടയും, ബോട്ട് ജീവിനക്കാരും ഒക്കെ അടങ്ങുന്ന സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങളും ചര്ച്ചചെയ്യപെടുന്നു. ഇവരുടെയെല്ലാം ജീവിതത്തില്‍ നിര്‍ണ്ണായകമായ ഒരു സംഭവം അന്നേ ദിവസം ഉണ്ടാകുന്നതാണ് ഈ സിനിമയുടെ കഥ.  

ഇന്നോവേറ്റിവ്‌ കോണ്‍സെപ്ട്സിന്റെ ബാനറില്‍ സാന്ദ്ര തോമസ്‌, തോമസ്‌ ജോസഫ് പട്ടത്താനം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച് നവാഗതനായ ലിജിന്‍ ജോസ് സംവിധാനം ചെയ്ത ഫ്രൈഡേയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് നജീം കോയയാണ്‌. ജോമോന്‍ തോമസ്‌ ചായഗ്രഹണവും, മനോജ്‌ ചിത്രസന്നിവേശവും, റെക്സ് വിജയന്‍ പശ്ചാത്തലസംഗീതവും നിര്‍വഹിച്ചിരിക്കുന്നു. ബാലു കൃഷ്ണയായി ഫഹദ് ഫാസിലും, പുരുഷോത്തമനായി നെടുമുടി വേണുവും, മുനീറായി മനുവും, ജിന്‍സിയായി ആന്‍ അഗസ്റ്റിനും, അരുണായി പ്രകാശ്‌ ബാരെയും, പാര്‍വതിയായി ആശ ശരത്തും, ജയനായി ടിനി ടോമും വേഷമിടുന്നു.  

കഥ, തിരക്കഥ: ആവറേജ് 
സിബി മലയിലിന്റെ അപൂര്‍വരാഗത്തിന് ശേഷം നജീം കോയ രചന നിര്‍വഹിച്ചിരിക്കുന്ന ഫ്രൈഡേ, ആലപ്പുഴ നിവാസികളായ സാധാരണക്കാരുടെ ജീവിതകഥ പറയുന്ന സിനിമയാണ്. പ്രേക്ഷകരുടെ യുക്തിബോധത്തെ ചോദ്യം ചെയ്യാത്ത സംഭവങ്ങള്‍ വിശ്വസനീയമായ രീതിയില്‍ കോര്‍ത്തിണക്കുന്ന കഥാസന്ദര്‍ഭങ്ങള്‍ എഴുതുവാന്‍ നജീം കൊയയക്ക് സാധിച്ചു. നന്മകളും തിന്മകളും ഉള്ള മനുഷ്യര്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടെന്നും, അവരെല്ലാവരും ജീവിതത്തിലെ നിര്‍ണ്ണായക ഘട്ടത്തില്‍ ഒരുമിച്ചു നില്‍ക്കുമെന്നുമാണ് ഈ സിനിമയിലൂടെ നജീം പറയുവാന്‍ ഉദ്ദേശിച്ചത്. പ്രമേയവും കഥയും പ്രേക്ഷകര്‍ക്ക്‌ പുതുമ നല്ക്കുന്നുണ്ടെങ്കിലും, സിനിമ അവസാനിപ്പിച്ച രീതിയും സിനിമയുടെ കഥാഗതിയ്ക്ക് മാറ്റം വരുത്താത്ത, കഥയില്‍ പ്രാധാന്യം ഇല്ലാത്ത നിരവധി കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും പ്രേക്ഷരെ മുഷിപ്പിക്കുനുണ്ട്. ഒറ്റവാക്കില്‍ പറഞ്ഞാല്‍, വിശ്വസനീയമായ കഥ പൂര്‍ണതയില്ലാത്ത തിരക്കഥയാല്‍, മികച്ചതില്‍ നിന്നും ശരാശരി നിലവാരത്തിലേക്ക് താഴ്ന്നു. എന്തല്ലാമോ സംഭവിക്കുവാന്‍ പോകുന്നു എന്ന പ്രതീതി നിലനിര്‍ത്തികൊണ്ട് സഞ്ചരിക്കുന്ന കഥാഗതി, ക്ലൈമാക്സില്‍ എത്തുമ്പോള്‍ ഒന്നുമില്ലാത്ത അവസ്ഥയില്‍ എത്തുന്നതാണ് ഫ്രൈഡേ സിനിമയുടെ തിരക്കഥയിലെ പ്രധാന പ്രശ്നമായി അനുഭവപെട്ടത്‌.   

സംവിധാനം: എബവ് ആവറേജ്
ടി.കെ.രാജീവ്കുമാര്‍, വി.കെ.പ്രകാശ് എന്നിവരുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ലിജിന്‍ ജോസ് ആദ്യമായി സംവിധാനം നിര്‍വഹിച്ച സിനിമയാണ് ഫ്രൈഡേ. ട്രാഫിക്‌, സിറ്റി ഓഫ് ഗോഡ് എന്നീ സിനിമകള്‍ക്ക്‌ ശേഷം മലയാളത്തില്‍ ഇറങ്ങുന്ന ഹൈപ്പര്‍ -ലിങ്ക് സിനിമയാണ് ഫ്രൈഡേ. ഒരു നവാഗത സംവിധായകന്‍ എന്ന നിലയില്‍ ലിജിന്‍ ജോസിനു എന്നും അഭിമാനിക്കാവുന്ന രീതിയില്‍ തന്നെയാണ് ഫ്രൈഡേ അദ്ദേഹം സംവിധാനം ചെയ്തിരിക്കുന്നത്. സിനിമ കാണുന്ന പ്രേക്ഷകര്‍ക്ക്‌ ഗ്രഹിക്കുന്ന രീതിയില്‍ ഹൈപ്പര്‍ -ലിങ്ക് സിനിമകള്‍ ചിത്രീകരിക്കുവാന്‍ ഏറെ പ്രയാസമാണ്. അതില്‍ നൂറു ശതമാനു വിജയം കൈവരിച്ചിരിക്കുകയാണ് ലിജിന്‍. വിശ്വസനീയമായ രീതിയില്‍ കുറെ സംഭവങ്ങള്‍ കോര്‍ത്തിണക്കുവാന്‍ ലിജിനും, ലിജിനെ സഹായിച്ച ചായഗ്രഹകാന്‍ ജോമോനും, സന്നിവേശകന്‍ മനോജും, പശ്ചാത്തല സംഗീതം ഒരുക്കിയ റെക്സ് വിജയനും അഭിനന്ദനങ്ങള്‍! മേല്പറഞ്ഞ സവിശേഷതകളൊക്കെ ഈ സിനിമയ്ക്കുണ്ടെങ്കിലും, കഥയില്‍ പ്രാധാന്യമില്ലാത്ത നിരവധി കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും, സിനിമയുടെ ക്ലൈമാക്സ് രംഗങ്ങളും പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല. ഈ കാരണങ്ങളാല്‍ ട്രാഫിക്‌ പോലെ മികച്ചതാകുമായിരുന്ന ഒരു സിനിമ, കണ്ടിരിക്കാവുന്ന ഒന്നായി മാത്രം അവസാനിച്ചു എന്നതില്‍ നല്ല സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ക്ക്‌ ഒരല്പം വേദനയുണ്ടാക്കുന്നതാണ്. 
 
സാങ്കേതികം: എബവ് ആവറേജ്
ജോമോന്‍ തോമസ്‌ പകര്‍ത്തിയ ദ്രിശ്യങ്ങള്‍
സിനിമയ്ക്ക് ഉത്തകുന്നവയാണ്. സിനിമയിലെ ക്ലൈമാക്സ് രംഗങ്ങള്‍ വിശ്വസനീയമായി അനുഭവപെട്ടതും ചായഗ്രഹകാന്‍ ജോമോന്റെ കഴിവുതന്നെ. ഇടവേളയില്ലത്ത ആദ്യ മലയാള സിനിമയായ ഫ്രൈഡേയുടെ ചിത്രസന്നിവേശം നിര്‍വഹിച്ച മനോജ്‌, 1 മണിക്കൂര്‍ 40 മിനിറ്റുകള്‍ക്കുള്ളില്‍ സിനിമ വെട്ടിച്ചുരുക്കുകയും, പലയിടങ്ങളിലായി സംഭവിക്കുന്ന കഥകള്‍ പ്രേക്ഷകര്‍ക്ക്‌ മനസ്സിലാകും വിധം കോര്‍ത്തിണക്കുകയും ചെയ്തു. ബീയര്‍ പ്രസാദ്‌ എഴുതിയ പാട്ടുകളുടെ വരികള്‍ക്ക് റോബി എബ്രഹാം ഈണം നല്ക്കിയിര്‍ക്കുന്നു. പ്രത്യേകിച്ച് പുതുമകളൊന്നും അവകാശപെടാനില്ലത്ത മൂന്ന് പാട്ടുകള്‍ ഈ സിനിമയില്‍ ഉണ്ടെങ്കിലും, അവയൊന്നും മോശമായില്ല എന്നതല്ലാതെ പ്രേക്ഷകര്‍ ഏറ്റുപാടുന്ന പാട്ടുകളാകുമെന്ന് തോന്നുന്നില്ല. ബാവയുടെ കലാസംവിധാനവും, കുമാര്‍ ഇടപ്പാളിന്റെ വസ്ത്രാലങ്കാരവും മനോജ്‌ അങ്കമാലിയുടെ ചമയവും സിനിമയ്ക്കുതക്കുന്നവയാണ്. 

അഭിനയം: എബവ് ആവറേജ് 
മലയാള സിനിമയിലെ പുതിയ താരോദയം ഫഹദ് ഫാസില്‍ കേന്ദ്രകഥാപാത്രമല്ലെങ്കിലും, സാധാരണക്കാരന്റെ വേഷവും തനിക്കു ചേരും എന്ന് തെളിയിച്ചിരിക്കുകയാണ് ഫ്രൈഡേ എന്ന ഈ സിനിമയിലൂടെ. മറ്റൊരു എടുത്തു പറയേണ്ട പ്രകടനം കാഴ്ചവെച്ചിരിക്കുന്നത് പുരുഷോത്തമന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നെടുമുടി വേണുവാണ്. മുസ്തഫ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തിയ വിജയരഘവനും, തരികിടയായ കപട വൈദീകനായി അഭിനയിച്ച മണികണ്ടനും, ബോട്ട് മെക്കാനിക്കായി അഭിനയിച്ച ശശി കലിങ്കയും അഭിനയത്തില്‍ മികവു പുലര്‍ത്തി. ഇവരെ കൂടാതെ മനു, ടിനി ടോം, പ്രകാശ്‌ ബാരെ, സുധീര്‍ കരമന, ബൈജു എഴുപുന്ന, നാരായണന്‍കുട്ടി, ധര്‍മജന്‍ ബോള്‍ഗാട്ടി, കലാഭവന്‍ റഹ്മാന്‍, ചെമ്പില്‍ അശോകന്‍, ദിനേശ് നായര്‍, സാലൂ കൂറ്റനാട്, ചെമ്പന്‍ വിനോദ്, വി.കെ.ഉണ്ണികൃഷ്ണന്‍, ചാലി പാല, ആന്‍ അഗസ്റ്റിന്‍, നിമിഷ, സീമ ജി.നായര്‍, ആശ ശരത്, രാജി, ചിഞ്ചു, ആശ ജോസ് എന്നിവരും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.  
 

സിനിമയുടെ പ്ലസ് പോയിന്റ്സ്:
1. പ്രമേയം, കഥ
2. ലിജിന്‍ ജോസിന്റെ സംവിധാനം
3. നെടുമുടി വേണു, ഫഹദ് ഫാസില്‍ എന്നിവരുടെ അഭിനയം
4. ചായാഗ്രഹണം, ചിത്രസന്നിവേശം 



 സിനിമയുടെ മൈനസ് പോയിന്റ്സ്:
1. കഥാസന്ദര്‍ഭങ്ങള്‍
2. ക്ലൈമാക്സ്
3. പാട്ടുകള്‍



ഫ്രൈഡേ റിവ്യൂ: ആലപ്പുഴ നിവാസികളായ കുറെ മനുഷ്യരുടെ ജീവിതത്തില്‍ ഒരു വെള്ളിയാഴ്ച നടക്കുന്ന സംഭവങ്ങള്‍ വിശ്വസനീയമായ രീതിയില്‍ കോര്‍ത്തിണക്കിയ ഫ്രൈഡേ കണ്ടിരിക്കാവുന്ന സിനിമയാണ്.

ഫ്രൈഡേ റേറ്റിംഗ്: 5.70 / 10
കഥ, തിരക്കഥ: 5 / 10[ആവറേജ്]
സംവിധാനം: 6 / 10 [എബവ് ആവറേജ്]
സാങ്കേതികം: 3 / 5 [എബവ് ആവറേജ്]
അഭിനയം: 3 / 5 [എബവ് ആവറേജ്]
ടോട്ടല്‍:: 17 / 30 [5.7 / 10]


സംവിധാനം: ലിജിന്‍ ജോസ്
നിര്‍മ്മാണം: സാന്ദ്ര തോമസ്‌, തോമസ്‌ ജോസഫ് പട്ടത്താനം
കഥ, തിരക്കഥ, സംഭാഷണം: നജീം കോയ
ചിത്രസന്നിവേശം:മനോജ്‌
ചായാഗ്രഹണം:ജോമോന്‍ തോമസ്‌
വരികള്‍:ബീയര്‍ പ്രസാദ്‌
സംഗീതം:റോബി എബ്രഹാം
പശ്ചാത്തല സംഗീതം:റെക്സ് വിജയന്‍
കലാസംവിധാനം:ബാവ
മേയ്ക്കപ്പ്:മനോജ്‌ അങ്കമാലി
വസ്ത്രാലങ്കാരം:കുമാര്‍ എടപ്പാള്‍

10 Aug 2012

സിംഹാസനം = ആറാം തമ്പുരാന്‍ + നരസിംഹം + വല്യേട്ടന്‍ + താണ്ഡവം 3.10 / 10

മാളവിക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എസ്.ചന്ദ്രകുമാര്‍ നിര്‍മ്മിച്ച്‌ പ്രിഥ്വിരാജ് ആദ്യമായി അഭിനയിക്കുന്ന ഷാജി കൈലാസ് സിനിമയാണ് സിംഹാസനം. 25 വര്‍ഷങ്ങളായി സിനിമയില്‍ സജീവമായ ഷാജി കൈലാസ് സ്വതന്ത്രമായി കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതി സംവിധാനം ചെയ്ത സിംഹാസനം അച്ഛനും-മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥപറയുന്ന സിനിമയാണ്. ചന്ദ്രഗിരി എന്ന സ്ഥലത്തെ നാട്ടുരാജവായി വാഴുന്ന മാധവ മേനോനായി സായികുമാറും, അച്ഛന് വേണ്ടി സ്വന്തം ജീവന്‍ ത്യേജിക്കാന്‍ വരെ തയ്യാറുള്ള സ്നേഹനിധിയായ മകനായി പ്രിഥ്വിരാജും വേഷമിടുന്ന സിംഹാസനത്തില്‍ ഒരു നീണ്ട താരനിര തന്നെ അണിനിരക്കുന്നു. മൂന്ന് ചായഗ്രാഹകര്‍ (ഷാജി-ശരവണന്‍-വിഷ്ണു നമ്പൂതിരി) ചായാഗ്രഹണം നിര്‍വഹിക്കുന്ന ഈ സിനിമയുടെ പ്രധാന ലൊക്കേഷന്‍ പാലക്കാടുള്ള വരിക്കാശ്ശേരി മനയാണ്. ഡോണ്‍ മാക്സ് ചിത്രസന്നിവേശം നിര്‍വഹിക്കുന്ന സിംഹാസനം ഷാജി കൈലാസ് സംവിധാനം ചെയ്ത ഏറ്റവും ദൈര്‍ഘ്യം കൂടിയ സിനിമകളില്‍ ഒന്നാണ്. ചിറ്റൂര്‍ ഗോപി, വയലാര്‍ ശരത് എന്നിവര്‍ എഴുതിയ വരികള്‍ക്ക് റോണി റാഫേല്‍ ഈണം നല്ക്കിയിരിക്കുന്നു. മാഫിയ ശശിയാണ് സംഘട്ടനം ഒരുക്കിയിരിക്കുന്നത്.  

ചന്ദ്രഗിരി എന്ന നാട്ടിലെ തമ്പുരാനായി വാഴുന്ന മാധവ മേനോനെ തിന്മ ചെയ്യുന്നവര്‍ക്ക് ഭയമായിരുന്നു. അവരുടെയെല്ലാം തിന്മകളെ നശിപ്പിക്കുവാനും അവരെ തകര്‍ക്കുവാനുമുള്ള കഴിവുള്ള വ്യക്തിയാണ് മാധവ മേനോന്‍. ബംഗലൂരുവില്‍ ഉപരിപഠനം പൂര്‍ത്തിയാക്കുന്ന അര്‍ജുന്‍ മാധവാണ് മാധവ മേനോന്റെ ഏക മകന്‍. ചന്ദ്രഗിരി എന്ന സ്ഥലത്തുനിന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് നാടുകടത്തപെട്ട കൃഷ്ണുണ്ണിയുടെ മക്കള്‍ മാധവ മേനോനോട് പ്രതികാരം ചെയ്യുവാനായി ചന്ദ്രഗിരിയില്‍ എത്തുന്നതും, അവരുമായി അച്ഛന് വേണ്ടി മകന്‍ അര്‍ജുന്‍ പടയൊരുക്കുന്നതും വിജയിക്കുന്നതുമാണ് സിംഹാസനം എന്ന സിനിമയുടെ കഥ. അര്‍ജുന്‍ മാധവായി പ്രിഥ്വിരാജും, കൃഷ്ണന്‍ ഉണ്ണിയുടെ മക്കളായി ദേവനും, സിദ്ദിക്കും, വിജയകൃഷ്ണനും അഭിനയിക്കുന്നു. ഐശ്വര്യ ദേവനും, വന്ദനയുമാണ്‌ ഈ സിനിമയിലെ പ്രിഥ്വിയുടെ നായികമാര്‍.

കഥ,തിരക്കഥ: മോശം
ഷാജി കൈലാസിന്റെ തന്നെ മുന്‍കാല സിനിമകളായ ആറാം തമ്പുരാന്‍, നരസിംഹം, വല്യേട്ടന്‍, താണ്ഡവം എന്നീ സിനിമകളുടെ പകര്‍പ്പാണ് സിംഹാസനം എന്ന സിനിമ. മേല്പറഞ്ഞ സിനിമകളിലെ കഥയും കഥാസന്ദര്‍ഭങ്ങളും എന്നുവേണ്ട സംഭാഷണങ്ങള്‍ വരെ പകര്‍ത്തിയാണ് ഷാജി കൈലാസ് സിംഹാസനം എന്ന സിനിമയുടെ തിരക്കഥ എഴുതിയിരുന്നത്. റെഡ് ചില്ലീസും, ദ്രോണയും, ആഗസ്റ്റ്‌ 15 ഒക്കെ പ്രേക്ഷകര്‍ സ്വീകരിച്ചില്ല എങ്കിലും, അവയൊന്നും മറ്റൊരു സിനിമകളുടെയും പകര്‍പ്പയിരുന്നില്ല. നാടുവാഴികള്‍ എന്ന സിനിമയുടെ പ്രമേയുമായി നല്ല സാമ്യമുള്ള ഈ സിനിമ, നാടുവാഴികള്‍ സിനിമയുടെ റീമേയിക് ആയിരുന്നാല്‍ കൂടി പ്രേക്ഷകര്‍ സ്വീകരിക്കുമായിരുന്നു. പ്രേക്ഷകര്‍ ഏറെ ആസ്വദിച്ചിരുന്ന ഷാജി കൈലാസിന്റെ സംവിധാനത്തിലെ മാജിക് നഷ്ടമായി തുടങ്ങിയിരിക്കുന്നു എന്നതാണ് വസ്തുത. സമീപകാലത്തിറങ്ങിയ ഏറ്റവും മോശം തിരക്കഥകളില്‍ ഒന്നാണ് സിംഹാസനം എന്ന സിനിമയുടെത്. എന്നാണാവോ ഇനിയൊരു മികച്ച ഷാജി കൈലാസ് സിനിമ കാണുവാന്‍ സാധിക്കുക?

സംവിധാനം: ബിലോ ആവറേജ്
കണ്ടുമടുത്ത കഥയും കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും കുത്തിനിറച്ച തിരക്കഥ ഇനി മണിരത്നം സംവിധാനം ചെയ്താലും മോശമാവുകയെയുള്ളൂ എന്നതാണ് സത്യം.
ഷാജി കൈലാസിനെ പോലുള്ള പരിചയസമ്പത്തുള്ള സംവിധായകര്‍ എന്ത്കൊണ്ടാണ് പഴയ കഥകള്‍ തന്നെ വീണ്ടും സിനിമയ്ക്ക് വേണ്ടി തിരഞ്ഞെടുക്കുന്നത് എന്നത് അവ്യക്തം. ജോഷിയും, സത്യന്‍ അന്തിക്കാടും, കമലും, സിബി മലയിലും പുതിയ പാതയിലൂടെ സഞ്ചരിച്ചുകൊണ്ടു വിജയം കൈവരിക്കുന്ന ഈ കാലഘട്ടത്തില്‍, പ്രഗല്‍ബനായ സംവിധായകരില്‍ ഒരാളായ ഷാജി കൈലാസിന് മാത്രം എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് അദ്ദേഹം തന്നെ തിരിച്ചറിയുന്ന സമയം വൈകാതെ സംഭവിക്കും എന്ന് പ്രതീക്ഷിക്കാം.

സാങ്കേതികം: എബവ് ആവറേജ്
ഷാജി കൈലാസ് സിനിമകളുടെ പ്രധാന സവിശേഷതയായ ചായഗ്രഹണവും ചിത്രസന്നിവേശവും ഈ സിനിമയുടെയും പ്രധാന സവിശേഷതകളില്‍ പെടുന്നു. ഷാജി, ശരവണന്‍, വിഷ്ണു നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് പകര്‍ത്തിയ ചടുലതയുള്ള
ദ്രിശ്യങ്ങളും, ഡോണ്‍ മാക്സ് നിര്‍വഹിച്ച ചിത്രസന്നിവേശവുമാണ് സിംഹാസനം എന്ന സിനിമയെ രക്ഷിച്ചത്‌. വരിക്കാശ്ശേരി മനയുടെ പ്രൌഡ ഗംഭീരമായ വിഷ്വലുകള്‍ നായക കഥാപാത്രങ്ങള്‍ക്ക് കരുത്തു നല്ക്കുന്നുണ്ട്. രണ്ടര മണിക്കൂറില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള ഈ സിനിമയില്‍, രംഗങ്ങള്‍ കോര്‍ത്തിണക്കിയ രീതി പുതുമ നല്ക്കുന്നുണ്ടായിരുന്നു. ചിറ്റൂര്‍ ഗോപി, വയലാര്‍ ശരത് എന്നിവര്‍ രചിച്ച വരികള്‍ക്ക് സംഗീതം നല്ക്കിയത് റോണി റാഫേല്‍ ആണ്. ഉത്സവ പ്രതീതി തോന്നുപ്പിക്കുന്ന രീതിയിലുള്ള പാട്ടുകള്‍ എന്നതല്ലാതെ പ്രത്യേകിച്ച് പുതുമകളൊന്നും ഇല്ലാത്ത രണ്ടു പാട്ടുകളുണ്ട് ഈ സിനിമയില്‍. മാഫിയ ശശി ഒരുക്കിയ സംഘട്ടന രംഗങ്ങള്‍ ഈ സിനിമയ്ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്.    
 
അഭിനയം: ആവറേജ്
ചന്ദ്രഗിരി മാധവ മേനോനായി മികവുറ്റ അഭിനയം കാഴ്ച്ചവെച്ചുകൊണ്ട്  ശക്തമായ തിരിച്ചുവരവ്‌ നടത്തിയിരിക്കുകയാണ് സായികുമാര്‍. അര്‍ജുന്‍ മാധവായി അഭിനയിച്ച പ്രിഥ്വിയും തനിക്കു ലഭിച്ച കഥാപാത്രത്തിനോട് നീതി പുലര്‍ത്തി. ഇവരെ കൂടാതെ തിലകന്‍, സിദ്ദിക്ക്, ദേവന്‍, ബിജു പപ്പന്‍, കുഞ്ചന്‍, റിയാസ് ഖാന്‍, വിജയകൃഷ്ണന്‍, ഷമ്മി തിലകന്‍, മണികുട്ടന്‍, രാജീവ്‌, ശ്രീരാമന്‍, ജയന്‍ ചേര്‍ത്തല, പി.ശ്രീകുമാര്‍, രാമു
, നന്ദു പൊതുവാള്‍, വിജയകുമാര്‍, ഇര്‍ഷാദ്, സ്പടികം ജോര്‍ജ്, കൊല്ലം അജിത്‌, ഐശ്വര്യാ ദേവന്‍, വന്ദന എന്നിവരും സിംഹാസനത്തില്‍ അഭിനയിച്ചിട്ടുണ്ട്. കുറെ നാളുകള്‍ക്കു ശേഷം ബിജു പപ്പന് ലഭിച്ച മികച്ച കഥാപാത്രമാണ് ഈ സിനിമയിലെ ജമാല്‍. മോശമാക്കാതെ ജാമാലായി അഭിനയിക്കുവാന്‍ ബിജുവിന് സാധിച്ചു. ഈ സിനിമയിലെ ഒട്ടുമിക്ക കഥാപാത്രങ്ങളെല്ലാം ഷാജി കൈലാസിന്റെ മുന്‍കാല സിനിമകളില്‍ പ്രേക്ഷര്‍ കണ്ടിട്ടുള്ളതായത് കൊണ്ട് ഒരു കഥാപാത്രത്തിന് പോലും പുതുമ തോന്നിയില്ല. മലയാള സിനിമയിലെ മികച്ച അഭിനെത്താക്കളായ തിലകന്‍, സിദ്ദിക്ക് എന്നിവരുടെ കഥാപാത്രങ്ങള്‍ നിരാശപെടുത്തി. അതുപോലെ തന്നെ റിയാസ് ഖാന്‍, നായികയായി അഭിനയിച്ച ഐശ്വര്യാ, സീരിയല്‍ നടന്‍ രാജീവ്‌ എന്നിവരുടെ അഭിനയം വളരെ മോശമായി അനുഭവപെട്ടു.  
 
സിനിമയുടെ പ്ലസ് പോയിന്റ്സ്:
1. ഡോണ്‍ മാക്സ് നിര്‍വഹിച്ച ചിത്രസന്നിവേശം
2. പ്രിഥ്വിരാജ്, സായികുമാര്‍ എന്നിവരുടെ അഭിനയം 
  
 
സിനിമയുടെ മൈനസ് പോയിന്റ്സ്:
1. കഥ
2. കഥാപാത്രങ്ങള്‍, കഥാസന്ദര്‍ഭങ്ങള്‍, സംഭാഷണങ്ങള്‍
3. സംവിധാനം
4. പാട്ടുകള്‍  
 
സിംഹാസനം റിവ്യൂ: നാടുവാഴികള്‍ എന്ന സിനിമയുടെ പ്രമേയവും, ആറാം തമ്പുരാന്‍ എന്ന സിനിമയുടെ കഥയും കഥാസന്ദര്‍ഭങ്ങളും, നരസിംഹം-വല്യേട്ടന്‍-താണ്ഡവം എന്നീ സിനിമകളിലൂടെ കണ്ടുമടുത്ത കഥാപാത്രങ്ങളും സംഭാഷണങ്ങളും സംവിധാന രീതിയും ഒക്കെ വീണ്ടും കാണാന്‍ താല്പര്യമുള്ളവര്‍ക്കും, ക്ഷമയുള്ളവര്‍ക്കും കണ്ടുനോക്കാം ഷാജി കൈലാസിന്റെ സിംഹാസനം.   
 
സിംഹാസനം റേറ്റിംഗ്: 3.10 / 10
കഥ,തിരക്കഥ: 1 / 10 [മോശം]
സംവിധാനം: 3 / 10 [ബിലോ ആവറേജ്]
സാങ്കേതികം: 3 / 5 [എബവ് ആവറേജ്]
അഭിനയം: 2.5 / 5[ആവറേജ്]
ടോട്ടല്‍: 9.5 / 30 [3.1 / 10]


കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ഷാജി കൈലാസ്
നിര്‍മ്മാണം: എസ്.ചന്ദ്രകുമാര്‍
ബാനര്‍: മാളവിക പ്രൊഡക്ഷന്‍സ്
ചായാഗ്രഹണം: ഷാജി, ശരവണന്‍, വിഷ്ണു നമ്പൂതിരി
ചിത്രസന്നിവേശം: ഡോണ്‍മാക്സ്
വരികള്‍:ചിറ്റൂര്‍ ഗോപി, വയലാര്‍ ശരത്ചന്ദ്രവര്‍മ്മ
സംഗീതം: റോണി റാഫേല്‍
സംഘട്ടനം: മാഫിയ ശശി
കലാസംവിധാനം: ബോബന്‍
വസ്ത്രാലങ്കാരം: കുമാര്‍ എടപ്പാള്‍
വിതരണം: ഫ്രീഡിയ എന്റര്‍ടെയിന്‍മെന്റ്സ് - ബീയം റിലീസ്  

4 Aug 2012

ലാസ്റ്റ് ബെഞ്ച്‌ - വരുംകാല മലയാള സിനിമയില്‍ ആദ്യ ബെഞ്ചുകളില്‍ സ്ഥാനം നേടാന്‍ സാധ്യതയുള്ള ഒരുപറ്റം ചെറുപ്പക്കാരുടെ നല്ല ശ്രമമാണ് ലാസ്റ്റ് ബെഞ്ച്‌ 5.50/10


കമലം ഫിലിംസിനു വേണ്ടി ടി.ബി.രഘുനാഥ് നിര്‍മ്മിച്ച്‌, നവാഗതനായ ജിജു അശോകന്‍ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയാണ് ലാസ്റ്റ് ബെഞ്ച്‌. അങ്ങാടിതെരു എന്ന സൂപ്പര്‍ ഹിറ്റ്‌ തമിഴ് സിനിമയിലൂടെ സിനിമയിലെത്തിയ മഹേഷ്‌ നായകനായി അഭിനയിക്കുന്ന ലാസ്റ്റ് ബെഞ്ചില്‍ ബിയോണ്‍, വിജീഷ്, മുസ്തഫ എന്നിവരും നായകതുല്യമായ വേഷങ്ങള്‍ കൈകാര്യം ചെയുന്നു. ജ്യോതികൃഷ്ണ, സുകന്യ, ലക്ഷ്മിപ്രിയ എന്നിവരും ഒട്ടനേകം പുതുമുഖങ്ങളും ഈ സിനിമയിലെ താരനിരയിലുണ്ട്. പ്രകാശ്‌ വേലായുധന്‍ ചായാഗ്രഹണവും ലിജോ പോള്‍ ചിത്രസന്നിവേശവും നിര്‍വഹിച്ചിരിക്കുന്നു. തമിഴ് സിനിമ ഓട്ടോഗ്രാഫ്, മലയാളം സിനിമ ക്ലാസ് മേറ്റ്സ്, മഞ്ചാടിക്കുരു എന്നീ സിനിമകള്‍ പ്രേക്ഷകര്‍ സ്വീകരിക്കുവാനുള്ള കാരണം, ആ സിനിമകളിലൂടെ പ്രേക്ഷകര്‍ ആസ്വദിച്ച സുഖമുള്ള ചില ഓര്‍മ്മപെടുത്തലുകള്‍ കൊണ്ടാണ്. ഓരോ വ്യക്തികള്‍ക്കും പ്രിയപ്പെട്ട ഒന്നായിരിക്കും സ്കൂള്‍ കാലഘട്ടത്തിലെ സൗഹൃദങ്ങള്‍. വര്‍ഷങ്ങള്‍ കുറെ കഴിഞ്ഞാലും നമ്മള്‍ പഠിച്ച സ്കൂളും സ്കൂളിലെ കൂട്ടുകാരും എന്നും നമ്മുടെ ഓര്‍മകളില്‍ ഉണ്ടായിരിക്കും. അങ്ങനെ ഒരു സ്കൂള്‍ കാലഘട്ടവും, ആ കാലഘട്ടത്തിലെ നാല് സുഹൃത്തുക്കളുടെ ഓര്‍മ്മകളുമാണ് ലാസ്റ്റ് ബെഞ്ച്‌ എന്ന സിനിമയുടെ കഥ.

പത്തേമാരി റഷീദ്, ട്രൌസര്‍ ജോഷി, ലോലാപ്പി റെജിമോന്‍, രാമാനുജം സാംകുട്ടി എന്നീ ഇരട്ടപേരുള്ള റഷീദ്, ജോഷി, റെജിമോന്‍, സാംകുട്ടി എന്നിവര്‍ ഉറ്റചങ്ങാതിമാരാണ്. ഈ നാല്‍വര്‍ സംഘം പത്താം ക്ലാസ് വിദ്യാര്‍ഥികളും ലാസ്റ്റ് ബെഞ്ചിലിരുന്നു പഠിക്കാതെ ജീവിതം ഉഴപ്പിനടക്കുന്നവരുമാണ്. സ്കൂളിനും ടീച്ചര്‍മാര്‍ക്കും നിത്യതലവേദനയായ ഈ നാല്‍വര്‍ സംഘത്തെ മര്യാദക്കരക്കാന്‍ ശ്രമിക്കുന്ന ഏക വ്യക്തിയാണ് റോസ്‌ലിന്‍ ടീച്ചര്‍. നാല്‍വര്‍ സംഘത്തിന്റെ പ്രധാന ശത്രുവായ റോസ്‌ലിന്‍ ടീച്ചര്‍ അവരെ നന്നാകുന്നു. മേല്പറഞ്ഞ സംഭവങ്ങള്‍ നാല്‍വര്‍ സംഘത്തിന്റെ ഓര്‍മകളിലൂടെയാണ്‌ പറഞ്ഞുപോകുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം റെജിയുടെ വിവാഹച്ചടങ്ങിന് പങ്കെടുക്കാന്‍ എത്തുന്ന സുഹൃത്തുക്കള്‍ പഴയ കാലഘട്ടത്തിന്റെ ഓര്‍മകളിലേക്ക് പോകുന്നു. ആ പഴയ സ്കൂള്‍ കാലഘട്ടത്തില്‍ അവരുടെ ജീവിതത്തില്‍ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങാളാണ് ഈ സിനിമയുടെ കഥ. 

കഥ,തിരക്കഥ: എബവ് ആവറേജ് 
ഒരു നവാഗത തിരക്കഥകൃത്താണ് ജിജു അശോകന്‍ എന്ന പ്രേക്ഷകരെ തോന്നിപ്പിക്കാത്ത രീതിയിലുള്ള കഥയും കഥാസന്ദര്‍ഭങ്ങളുമാണ് ഈ സിനിമയുടെത്. റിയലസ്റ്റിക്കായ കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും പ്രേക്ഷകര്‍ക്ക് നൊമ്പരപെടുത്തുന്ന ഓര്‍മ്മകള്‍ നല്‍ക്കുന്നു. നമ്മളുടെ സ്കൂള്‍ കാലഘട്ടത്തില്‍ നമ്മള്‍ ഓരോരുത്തരും കടന്നുപോയിട്ടുള്ള അതെ സംഭവങ്ങള്‍ സിനിമയില്‍ കാണുമ്പോള്‍ അത് ഇതൊരു പ്രേക്ഷകനെയും ആ പഴയ സ്കൂള്‍ കാലഘട്ടത്തിന്റെ ഓര്‍മകളിലേക്ക് കൊണ്ടുപോകും. അതുകൂടാതെ, കുട്ടികള്‍ ആയിരിക്കുമ്പോള്‍ നമ്മള്‍ ചെയ്യരുത്താത്ത കാര്യങ്ങള്‍ ചെയ്യുമ്പോള്‍, നമ്മളെ ഉപദേശിക്കുന്ന മാതപിതക്കളൊടും ഗുരുക്കന്മാരോടും നമ്മള്‍ക്ക് തോന്നുന്ന ദേഷ്യം തെറ്റാണു എന്നും ഈ സിനിമയിലൂടെ പറയുന്നുണ്ട്. കുട്ടികാലത്ത് നമ്മള്‍ ചെയുന്ന തെറ്റുകള്‍ നിസ്സരമാല്ലത്തതാണ് എന്നും, പില്‍ക്കാലത്ത്‌ ആ തെറ്റുകള്‍ കൊണ്ട് ദുരിതം അനുഭവിക്കേണ്ടി വരുന്നവരുണ്ട്‌ എന്നും ഈ സിനിമയിലൂടെ പറഞ്ഞുപോകുന്നു. അതുപോലെ, സൗഹൃദത്തിന്റെ പ്രാധാന്യം എന്താണ് എന്നും സിനിമയിലൂടെ ജിജു അശോകന്‍ പ്രേക്ഷകര്‍ക്ക്‌ പറഞ്ഞുതരുന്നുണ്ട്.  

സംവിധാനം: ആവറേജ് 
ജിജു അശോകന്‍ എന്ന സംവിധായകന്‍ ഏറെ പരിചയസമ്പത്തുള്ള ഒരു വ്യക്തിയായിരുന്നുവെങ്കില്‍ ലാസ്റ്റ് ബെഞ്ച്‌ എന്ന സിനിമ 2012ലെ മികച്ച സിനിമകളില്‍ ഒന്നാകുമായിരുന്നു. കൊച്ചു കൊച്ചു നന്മകളുള്ള സന്ദേശങ്ങള്‍ ഈ സിനിമയുടെ കഥാസന്ദര്‍ഭങ്ങളില്‍ ഉണ്ടെങ്കിലും സംവിധാനത്തിലുള്ള പോരായ്മകള്‍ കാരണം പ്രേക്ഷകരിലേക്ക് ആ സന്ദേശങ്ങള്‍ പൂര്‍ണമായും എത്തുന്നില്ല. ചെലവ് ചുരുക്കിയ രീതിയില്‍ പുതുമുഖ അണിയറപ്രവര്‍ത്തകരെ ഉപയോഗിച്ച് രംഗങ്ങള്‍ ചിത്രീകരിക്കുകയും, രംഗങ്ങള്‍ സന്നിവേശം ചെയ്യുകയും, പാട്ടുകള്‍ക്ക് സംഗീതം നല്‍ക്കുകയും സിനിമയുടെ നിലവാരത്തെ ചെറിയതോതില്‍ ബാധിച്ചിട്ടുണ്ട്. എന്നിരിന്നാലും ചെറിയ ചിലവില്‍ പരിചയസമ്പത്തില്ലാത്ത സാങ്കേതിക പ്രവര്‍ത്തകരെ ഉപയോഗിച്ച് സിനിമ ചിത്രീകരിച്ചു പ്രേക്ഷകര്‍ക്ക്‌ സന്ദേശം നല്‍ക്കി എന്നത് ഒരു ചെറിയ കാര്യമല്ല. ജിജു അശോകന് അഭിനന്ദനങ്ങള്‍!  

സാങ്കേതികം: ആവറേജ് 
പ്രകാശ് വേലായുധന്റെ ചായാഗ്രഹണവും ലിജോ പോളിന്റെ ചിത്രസന്നിവേശവും ശരാശരി നിലവാരമേ പുലര്‍ത്തുന്നുള്ളൂ. റഫീക്ക് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ വരികള്‍ക്ക് മോഹന്‍ സിതാര, വിഷ്ണു ശരത് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം നല്ക്കിയിരിക്കുന്നത്.  

അഭിനയം: എബവ് ആവറേജ്
അങ്ങാടിതെരു എന്ന സിനിമയിലൂടെ സിനിമയിലെത്തിയ മഹേഷ്‌ നായകനായി അഭിനയിക്കുന്ന ആദ്യ മലയാള സിനിമയാണ് ലാസ്റ്റ് ബെഞ്ച്‌. മലയാള ഭാഷ അറിയാത്ത ഒരാള്‍ മലയാള സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രശ്നങ്ങള്‍ ഈ സിനിമയിലെ മഹേഷിന്റെ അഭിനയത്തില്‍ കാണാം. ഒരു മലയാളി താരത്തിനെ ഈ കഥാപാത്രം അവതരിപ്പിക്കുവാന്‍ എന്തുകൊണ്ട് സംവിധായകന്‍ ശ്രമിച്ചില്ല എന്നത് അറിയില്ല. ബിയോണ്‍ എന്ന നടന് സിനിമാ ജീവിതത്തില്‍ ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമാണ് ഈ സിനിമയിലെ പത്തേമാരി റഷീദ്. തികഞ്ഞ ആത്മാര്‍ഥതയോടെ റഷീദിനെ അവതരിപ്പിക്കുവാന്‍ ബിയോണ് സാധിച്ചു. വിജീഷ് തന്റെ തനതായ ശൈലിയില്‍ ജോഷിയായി അഭിനയിച്ചു. പലേരി മാണിക്യം എന്ന രഞ്ജിത്ത്-മമ്മൂട്ടി സിനിമയിലൂടെ സിനിമയിലെത്തിയ മുസ്തഫയും മികവുറ്റ രീതിയില്‍ സംകുട്ടിയെ അവതരിപ്പിച്ചിരിക്കുന്നു. റോസ്‌ലിന്‍ ടീച്ചറുടെ വേഷത്തില്‍ സുകന്യയും തരക്കേടില്ലാത്ത രീതിയില്‍ അഭിനയിച്ചിട്ടുണ്ട്. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.പ്രമേയം
2.കഥാസന്ദര്‍ഭങ്ങള്‍
3.നമ്മയുള്ള സന്ദേശം
4.സംഭാഷണങ്ങള്‍
5.അഭിനയം

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.ചായാഗ്രഹണം
2.മഹേഷിന്റെ അഭിനയം
3.പാട്ടുകള്‍ 

ലാസ്റ്റ് ബെഞ്ച്‌ റിവ്യൂ: സൗഹൃദത്തിന്റെ സുഖമുള്ള നൊമ്പരപെടുത്തലുകളും ഓര്‍മ്മപെടുത്തലുകളും പ്രധാന ചര്‍ച്ചാവിഷയമായ നന്മയുള്ള ഒരു സിനിമയാണ് ജിജു അശോകന്റെ ലാസ്റ്റ് ബെഞ്ച്‌. 

ലാസ്റ്റ് ബെഞ്ച്‌ റേറ്റിംഗ്: 5.50/10
കഥ,തിരക്കഥ: 6/10 [എബവ് ആവറേജ്]
സംവിധാനം: 5/10 [ആവറേജ്]
സാങ്കേതികം: 2.5/5 [ആവറേജ്]
അഭിനയം: 3/5 [എബവ് ആവറേജ്]
ടോട്ടല്‍ 16.5/30 [5.5/10]

രചന,സംവിധാനം: ജിജു അശോകന്‍
നിര്‍മ്മാണം: ടി.ബി.രഘുനാഥ്
ബാനര്‍: കമലം ഫിലിംസ്
ചായാഗ്രഹണം:പ്രകാശ് വേലായുധന്‍
ചിത്രസന്നിവേശം: ലിജോ പോള്‍
ഗാനരചന: റഫീക്ക് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
സംഗീതം: മോഹന്‍ സിതാര, വിഷ്ണു ശരത്