30 Jun 2012

ഉസ്താദ് ഹോട്ടല്‍ - ആസ്വാദനത്തിനുള്ള എല്ലാ ചേരുവകളും ചേര്‍ത്ത വിഭവങ്ങള്‍ അന്‍വര്‍ റഷീദിന്റെ ഉസ്താദ് ഹോട്ടലില്‍ ലഭ്യമാണ് - 7.50 / 10

ഹോട്ടലില്‍ ഭക്ഷണം കഴിക്കുവാന്‍ വരുന്നവരുടെ വയറു നിറയ്ക്കുവാന്‍ ആര്‍ക്കും സാധിക്കും, പക്ഷെ അവരുടെ മനസ്സ് നിറയ്ക്കുവാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്. ഈ സിനിമയില്‍ കരീമിക്ക ഫൈസിയോടു പറയുന്ന സംഭാഷണമാണിത്. സിനിമ കാണുവാന്‍ വരുന്ന പ്രേക്ഷകരെ രണ്ടര മണിക്കൂര്‍ പിടിചിരുത്തുവാന്‍ ആര്‍ക്കും സാധിക്കും, പക്ഷെ അവരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ആസ്വദിപ്പിച്ചും മനസ്സ് നിറയ്ക്കുവാനാണ് ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയിലൂടെ സംവിധായകന്‍ അന്‍വര്‍ റഷീദും കൂട്ടരും ശ്രമിച്ചത്. ആ ശ്രമം നൂറു ശതമാനം വിജയിച്ചിരിക്കുന്നു.  

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആരാധകന്മാരെ ത്രിപ്ത്തിപെടുത്തുന്ന രീതിയില്‍ ഒരുക്കിയ രാജമാണിക്യം, ചോട്ടാ മുംബൈ, അണ്ണന്‍ തമ്പി എന്നീ സിനിമകള്‍ക്ക്‌ ശേഷം ആസ്വാദനത്തിന്റെ എല്ലാ ചേരുവകളും ചേര്‍ത്ത് അന്‍വര്‍ റഷീദ് ഒരുക്കിയ ഉസ്താദ് ഹോട്ടലില്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്നു. ദുല്ക്കറിനെ കൂടാതെ തിലകന്‍, നിത്യ മേനോന്‍, സിദ്ദിക്ക്, മാമുക്കോയ, ലെന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മഞ്ചാടിക്കുരു എന്ന സിനിമയിലൂടെ പ്രേക്ഷക പ്രീതി നേടിയ അഞ്ജലി മേനോനാണ് ഉസ്താദ് ഹോട്ടലിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. ലോകനാഥന്‍ ചായഗ്രഹണവും പ്രവീണ്‍ പ്രഭാകര്‍ ചിത്രസന്നിവേശവും നിര്‍വഹിച്ചിരിക്കുന്ന ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് മാജിക് ഫ്രെയിംസ് സിനിമയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റിഫനാണ്. ട്രാഫിക്‌, ചാപ്പ കുരിശ് എന്നീ സിനിമകള്‍ നിര്‍മ്മിച്ച്‌ കൊണ്ട് മലയാള സിനിമയിലെക്കെത്തിയ ലിസ്റ്റിന്‍ സ്റ്റിഫന്റെ മൂന്നാമത് സിനിമയാണ് ഉസ്താദ് ഹോട്ടല്‍. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകര്‍ന്നിട്ടുള്ള പാട്ടുകള്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടികഴിഞ്ഞിരിക്കുന്നു.

കഥ, തിരക്കഥ: ഗുഡ്
മഞ്ചാടിക്കുരു
എന്ന സിനിമയിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച അഞ്ജലി മേനോന്‍ എഴുതിയ കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളുമാണ് ഈ സിനിമയുടെ പ്രധാന സവിശേഷത. കോഴിക്കോട് ബീച്ചിനടുത്ത് സ്ഥിതി ചെയുന്ന പുരാതനമായ ഉസ്താദ് ഹോട്ടലിന്റെ ഉടമ കരീമിക്കയും, കരീമിക്കയുടെ പേരകുട്ടി ഫൈസല്‍ എന്ന ഫൈസിയും തമ്മിലുള്ള വൈകാരികബന്ധങ്ങളുടെ കഥയാണ് ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയിലൂടെ അഞ്ജലി മേനോന്‍ പ്രേക്ഷകരോട് പറയുവാന്‍ ശ്രമിച്ചത്. ഇന്നത്തെ തലമുറയിലുള്ള ചെറുപ്പകാര്‍ വിദേശത്ത് നിന്നും ഉന്നത വിദ്യാഭ്യാസം നേടുകയും വിദേശത്ത് തന്നെ ജോലി ചെയ്യുവാന്‍ ആഗ്രഹിക്കുന്നവരാണ്. അങ്ങനെയുള്ള ഒരാളാണ് ഈ സിനിമയിലെ കഥാനായകന്‍ ഫൈസി. ഒരു പ്രത്യേക സാഹചര്യത്തില്‍ തന്റെ ഉപ്പയുടെ ഉപ്പയോടൊപ്പം ഉസ്താദ് ഹോട്ടലില്‍ ജോലി ചെയ്യേണ്ടി വരുന്ന ഫൈസി, ഭക്ഷണം പാചകം ചെയ്യുന്നതില്‍ സമര്‍ത്ഥനാണ്. ഫൈസിയുടെ ഉപ്പൂപ്പ കരീമിക്ക, ഫൈസിക്ക് ജീവിത യാഥാര്‍ത്യങ്ങള്‍ പലതും പടിപ്പിച്ചുകൊടുക്കുന്നു. അങ്ങനെ ഫൈസി കരീമിക്കയുടെ കൂടെ നിന്ന് ഉസ്താദ് ഹോട്ടലിലുള്ള ജോലി സജീവമാക്കുന്നു. തുടര്‍ന്ന് ഫൈസിയുടെയും കരീമിക്കയുടെയും ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. 
     
സംവിധാനം: വെരി ഗുഡ്
താരപ്രഭയില്‍ നിന്നും വേറിട്ടതും കലാമൂല്യമുള്ളതുമായ സിനിമയായിരുന്നു അന്‍വര്‍ റഷീദ് ഒരുക്കിയ ഹൃസ്വ ചിത്രം ബ്രിഡ്ജ്[കേരള കഫേ]. അതെ ശ്രേണിയില്‍ പെടുത്താവുന്ന കലമൂല്യമുള്ളതും എന്നാല്‍ എല്ലാതരം പ്രേക്ഷകരെയും ആസ്വദിപ്പിക്കുകയും ചെയുന്ന രീതിയിലാണ് അന്‍വര്‍ ഉസ്താദ് ഹോട്ടല്‍ ഒരുക്കിയിരിക്കുന്നത്. പ്രത്യേകിച്ച് പുതുമകളൊന്നുമില്ലാത്ത കഥയാണെങ്കിലും, മികവുറ്റ കഥാപാത്ര രൂപികരണവും, കഥാസന്ദര്‍ഭങ്ങളുമുള്ള അഞ്ജലി മേനോന്‍ എഴുതിയ തിരക്കഥയെ തികഞ്ഞ ആത്മാര്‍ഥതയോടെ സമീപിക്കുകയും മികച്ച രീതിയില്‍ സംവിധാനം ചെയ്യുകയും ചെയ്ത അന്‍വര്‍ റഷീദിന് അവകാശപെട്ടതാണ് ഈ സിനിമയുടെ വിജയം. ലോകനാഥന്‍ ഒരുക്കിയ സുന്ദര ദ്രിശ്യങ്ങളും, ഗോപി സുന്ദര്‍ ഒരുക്കിയ സംഗീതവും, തിലകന്‍ എന്ന നടന്റെ അഭിനയവുമെല്ലാം ഈ സിനിമ മികച്ചതാക്കുന്നതില്‍ അന്‍വര്‍ റഷീദിനെ സഹായിച്ചിട്ടുണ്ട്. ഫൈസി എന്ന കഥാപാത്രം മധുരയില്‍ പോയതിനു ശേഷം ജീവിതത്തിലെ ചില സത്യങ്ങള്‍ തിരിച്ചറിയുന്ന രംഗങ്ങളെല്ലാം മികവുറ്റ രീതിയില്‍ സംവിധാനം ചെയ്തിരിക്കുന്നു. അതുപോലെ തന്നെ, കരീമിക്കയുടെ ചെറുപ്പകാലം കാണിച്ചിട്ടുള്ള രംഗങ്ങളും, കരീമിക്കയും ഫൈസിയും തമ്മിലുള്ള ആത്മബന്ധം വെളിവാക്കുന്ന രംഗങ്ങളും മികവുറ്റതാക്കുവാന്‍ അന്‍വറിന്  സാധിച്ചു.

സാങ്കേതികം: വെരി ഗുഡ്
ന്യൂ ജെനറേഷന്‍ സിനിമകള്‍ എന്ന് വിശേഷിപ്പിക്കുന്ന ഈ കാലഘട്ടത്തിലെ സിനിമകളെ വ്യതസ്തമാക്കുനത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ഘടങ്ങളാണ് ചായഗ്രഹണവും ചിത്രസന്നിവേശവും പശ്ചാത്തല സംഗീതവും. ഈ മൂന്ന് ഘടഗങ്ങളും മികച്ചതായാല്‍ പ്രേക്ഷകര്‍ക്ക്‌ അതൊരു നല്ല അനുഭവമായിരിക്കും. ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയില്‍ ലോകനാഥന്‍ ഒരുക്കിയ വിഷ്വലുകളും, പ്രവീണ്‍ പ്രഭാകറിന്റെ സന്നിവേശവും, ഗോപി സുന്ദര്‍ ഈണമിട്ട പാട്ടുകളും പശ്ചാത്തല സംഗീതവും മികവു പുലര്‍ത്തുന്നവയാണ്. കോഴിക്കോടിന്റെ മനോഹാരിതയും ദുബായ് നഗരത്തിന്റെ സമ്പന്നതയും ഒരുപോലെ ഹൃദ്യമായി പ്രേക്ഷകര്‍ക്ക്‌ അനുഭവപെടുന്ന രീതിയിലാണ് ലോകനാഥന്റെ ചായാഗ്രഹണം. സിനിമയുടെ ആദ്യപകുതിയിലെ ഒന്ന് രണ്ടു രംഗങ്ങള്‍ വെട്ടികുറച്ചു സിനിമയുടെ ദൈര്‍ഘ്യം ഒരല്പം കുറയ്ക്കാമായിരുന്നു എന്നതൊഴികെ പ്രവീണ്‍ നിര്‍വഹിച്ച സന്നിവേശവും മികവു പുലര്‍ത്തി. ഗോപി സുന്ദര്‍ ഈണമിട്ട "വാതിലില്‍ ആ വാതിലില്‍..." എന്ന് തുടങ്ങുന്ന പാട്ടും, "അപ്പങ്ങള്‍ എമ്പാടും ച്ചുട്ടമ്മായീ..." എന്ന പാട്ടും പ്രേക്ഷകര്‍ക്ക്‌ ഇഷ്ടമാകുന്നുണ്ട്. സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും, ബിജു ചന്ദ്രന്റെ കലാസംവിധാനവും സിനിമയുടെ മാറ്റുകൂട്ടുന്നു. 


അഭിനയം: ഗുഡ്
ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളായ തിലകന് ഇന്ത്യന്‍ റുപ്പിയിലെ അച്യുത മേനോന്‍ എന്ന കഥാപാത്രത്തിന് ശേഷം ലഭിച്ച മികച്ച വേഷമാണ് ഉസ്താദ് ഹോട്ടല്‍ ഉടമ കരീം എന്ന കരീമിക്ക. അത്യുജ്വല പ്രകടനം നടത്തി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു മലയാള സിനിമയുടെ പെരുന്തച്ചന്‍. അതുപോലെ, തമിഴ് സിനിമകളിലൂടെ സുപരിചിതനായ ജയപ്രകാശും മികച്ച അഭിനയം കാഴ്ച്ചവെചിട്ടുണ്ട് ഈ സിനിമയില്‍. താനൊരു പുതുമുഖമാണ് എന്ന തോന്നിപ്പിക്കാത്ത രീതിയില്‍ മികച്ച അഭിനയം കാഴ്ച്ചവെയ്ക്കുവാന്‍ താരപുത്രന്‍ ദുല്ക്കറിനും സാധിച്ചു. ഇവരെ കൂടാതെ നിത്യ മേനോന്‍, സിദ്ദിക്ക്, മാമുക്കോയ, ഭഗത് മാനുവല്‍. ശ്രീനാഥ് ഭാസി, മണിയന്‍പിള്ള രാജു, ജിഷ്ണു, കുഞ്ചന്‍, ജിനു ജോസ്, ലെന, പ്രവീണ, അതിഥി താരമായി ആസിഫ് അലി എന്നിവരുമുണ്ട് ഈ സിനിമയില്‍.
  
 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. അന്‍വര്‍ റഷീദിന്റെ സംവിധാനം
2. തിരക്കഥ, കഥാപാത്രങ്ങള്‍, സംഭാഷണങ്ങള്‍
3. തിലകന്‍, ദുല്‍ക്കര്‍, ജയപ്രകാശ് എന്നിവരുടെ അഭിനയം
4. ചായാഗ്രഹണം, പശ്ചാത്തല സംഗീതം


സിനിമയുടെ മൈനസ് പോയിന്റ്സ്:  
1. സിനിമയുടെ ദൈര്‍ഘ്യം 


 
ഉസ്താദ് ഹോട്ടല്‍ റിവ്യൂ: രണ്ടു തലമുറയില്‍പെട്ട രണ്ടു വ്യക്തികള്‍ തമ്മിലുള്ള വൈകാരികബന്ധങ്ങളുടെ കഥപറയുന്ന ഉസ്താദ് ഹോട്ടല്‍ കാണുവാന്‍ കയറുന്ന പ്രേക്ഷകരുടെ മനസ്സ് നിറയ്ക്കുവാന്‍ സാധിച്ച അന്‍വറിനും അഞ്ജലിയ്ക്കും ലിസ്റ്റിനും ഒരായിരം നന്ദി! 

ഉസ്താദ് ഹോട്ടല്‍ റേറ്റിംഗ്: 7.50 / 10
കഥ, തിരക്കഥ: 7 / 10 [ഗുഡ്]
സംവിധാനം: 8 / 10 [വെരി ഗുഡ്]
സാങ്കേതികം: 4 / 5 [വെരി ഗുഡ്]
അഭിനയം: 3.5 / 5 [ഗുഡ്]
ടോട്ടല്‍: 7.5 / 10 [22.5 / 30]


സംവിധാനം: അന്‍വര്‍ റഷീദ്
കഥ, തിരക്കഥ, സംഭാഷണം: അഞ്ജലി മേനോന്‍
നിര്‍മ്മാണം: ലിസ്റ്റിന്‍ സ്റ്റീഫന്‍
ബാനര്‍: മാജിക് ഫ്രെയിംസ്
ചായാഗ്രഹണം: ലോകനാഥന്‍
ചിത്രസന്നിവേശം: പ്രവീണ്‍ പ്രഭാകര്‍
വരികള്‍: റഫീക്ക് അഹമ്മദ് 
സംഗീതം, പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
കലാസംവിധാനം:ബിജു ചന്ദ്രന്‍
വസ്ത്രാലങ്കാരം: സമീറ സനീഷ് 
 
വിതരണം: സെഞ്ച്വറി ഫിലിംസ്

29 Jun 2012

നമുക്ക് പാര്‍ക്കാന്‍


ഹലോ, മമ്മി ആന്‍ഡ്‌ മി, ഡോക്ടര്‍ ലവ് എന്നീ സിനിമകള്‍ക്ക്‌ ശേഷം ജിതിന്‍ ആര്‍ട്സിന്റെ ബാനറില്‍ ജോയ് തോമസ്‌ ശക്തികുളങ്ങര നിര്‍മ്മിച്ച്‌, അനൂപ്‌ മേനോന്‍, മേഘ്ന രാജ് എന്നിവരെ നായികാനായകന്മാരാക്കി അജി ജോണ്‍ സംവിധാനം ചെയ്ത സിനിമയാണ് നമുക്ക് പാര്‍ക്കാന്‍. സ്വന്തമായി ഒരു വീട് ഉണ്ടാക്കണം എന്ന ആഗ്രഹിക്കുന്ന വെറ്റനറി ഡോക്ടര്‍ രാജീവനും സ്കൂള്‍ അധ്യാപികയായ രേണുകയും അവരുടെ രണ്ടു പെണ്മക്കള്മാണ് നമുക്ക് പാര്‍ക്കാന്‍ എന്ന സിനിമയിലെ കേന്ദ്രകഥാപാത്രങ്ങള്‍. ആദര്‍ശധീരനും കമ്മ്യുണിസ്റ്റ് ചിന്താഗതികളില്‍ വിശ്വസിക്കുകയും ചെയ്യുന്ന രാജീവന്‍, വീട് പണിയുവാന്‍ വേണ്ടി തെറ്റായ രീതിയില്‍ പണം സമ്പാദിക്കുവാന്‍ ശ്രമിക്കുന്നില്ല. പണം ഇല്ലാത്ത അവസ്ഥയില്‍ പോലും സഹോദരങ്ങളെയും കുടുംബത്തിനെയും സഹായിക്കുന്നവനാണ് രാജീവന്‍. രാജീവന് പൂര്‍ണ പിന്തുണ നല്‍ക്കികൊണ്ടു രേണുകയും ഒരു ഉത്തമാഭാര്യായി ജീവിക്കുന്നു. ഒരു വീട് ഉണ്ടാക്കണം എന്ന ആഗ്രഹം ഒരു അത്യാവശ്യമായി രാജീവന് തോന്നുകയും അതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ തുടങ്ങുകയും ചെയുന്നു. ഒരു വീട് ഉണ്ടാക്കിയെടുക്കുന്നതിനിടയില്‍ രാജീവും കുടുംബവും അനുഭവിക്കുന്ന കഷ്ടപാടുകളാണ് ഈ സിനിമയുടെ കഥ. രാജീവനായി അനൂപ്‌ മേനോന്, രേണുകയായി മേഘ്ന രാജും അഭിനയിക്കുന്നു. 

നവാഗതരായ ജയന്‍-സുനോജ് എന്നിവരാണ് നമുക്ക് പാര്‍ക്കാന്‍ എന്ന സിനിമയുടെ കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവ എഴുതിയിരിക്കുന്നത്. എസ.പി. പ്രജിത്ത് ചായാഗ്രഹണവും സാംജിത് ചിത്രസന്നിവേശവും നിര്‍വഹിച്ചിരിക്കുന്നു. ബ്യൂട്ടിഫുള്‍ എന്ന സിനിമയ്ക്ക് ശേഷം അനൂപ്‌ മേനോന്‍-രതീഷ്‌ വേഗ ടീം ഒരുക്കിയ മൂന്ന് പാട്ടുകളും, അനൂപ്‌ മേനോന്‍ എന്ന നടന്റെ മികവുറ്റ അഭിനയവും, ജയസൂര്യയുടെ അതിഥി വേഷവും, മോഹന്‍ലാലിന്‍റെ ശബ്ദത്തിലൂടെ അവസാനിക്കുന്ന രംഗവുമാണ് നമുക്ക് പാര്‍ക്കാന്‍ എന്ന സിനിമയുടെ സവിശേഷതകള്‍.  

കഥ, തിരക്കഥ: ബിലോ ആവറേജ്
ശരാശരി ജീവിതം നയിക്കുന്ന
ഏതൊരു മലയാളിയുടെയും ആഗ്രഹമാണ് സ്വന്തമായി ഒരു പാര്‍പ്പിടം ഉണ്ടാക്കണം എന്നത്. ഈ സിനിമയുടെ കഥാനായകനായ രാജീവനും അതെ ആഗ്രഹവുമായി ജീവികുന്നയാളാണ്. ഒരു പ്രത്യേക ഘട്ടത്തില്‍ രാജീവന്റെ ആഗ്രഹം ഒരു അത്യാവശ്യമായി മാറുകയാണ്. സഹോദരന്റെ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനിടയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളും, രാജീവനും രേണുകയും താമസിക്കുന്ന വാടവീട്ടില്‍ രാത്രിയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളും അവിശ്വസനീയമായി അനുഭവപെട്ടു. അതുപോലെ, സിനിമയുടെ രണ്ടാം പകുതിയില്‍ ഹോസ്സുരിലേക്ക് ലോറിയില്‍ യാത്ര ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സംഭവങ്ങളും പ്രേക്ഷകര്‍ക്ക്‌ പ്രവചിനാകുന്ന രീതിയിലായതും സിനിമയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഈ സിനിമയിലെ ഒട്ടുമിക്ക രംഗങ്ങളും സംഭാഷണങ്ങളും പല മലയാള സിനിമകളിലും കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതുമാണ്. കുറെ മലയാള സിനിമകളില്‍ ചര്ച്ചചെയ്യപെട്ട ഒരു വിഷയം പുതുമകളില്ലാത്ത കഥ സന്ദര്‍ബങ്ങളിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തിക്കുവാന്‍ ജയനും സുനോജും തയ്യാറായത് എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ല. 

സംവിധാനം: ബിലോ ആവറേജ്
നല്ലവന്‍ എന്ന സിനിമയ്ക്ക് ശേഷം അജി ജോണ്‍ സംവിധാനം ചെയ്ത സിനിമയാണ് നമുക്ക് പാര്‍ക്കാന്‍. പരസ്യ ചിത്രങ്ങള്‍ ചിത്രീകരിക്കുന്ന ലാഘവത്തോടെയാണ് സംവിധായകന്‍ ഈ സിനിമയെ സമീപിച്ചിരിക്കുന്നത് എന്നതില്‍ തര്‍ക്കമില്ല. ഈ സിനിമയിലെ പാട്ടുകള്‍ നല്ലരീതിയില്‍ പുതുമകളോടെ ചിത്രീകരിച്ചു എന്നതല്ലാതെ ഒരു സംവിധായകന്‍ എന്ന നിലയില്‍ അജി ജോണ്‍ മറ്റൊന്നും ചെയ്തിട്ടില്ല. മനോഹര ദ്രിശ്യങ്ങളുള്ള പാട്ടുകള്‍, സിനിമയില്‍ ആവശ്യമില്ലാത്ത സന്ദര്‍ഭങ്ങളിലാണ് തുന്നിചേര്‍ത്തിരിക്കുന്നത്. ജയസുര്യ എന്ന നടന്റെ അതിഥി വേഷവും, മോഹന്‍ലാലിന്‍റെ ശബ്ദത്തിലൂടെ അവസാനിക്കുന്ന രംഗങ്ങളും സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. മേല്പറഞ്ഞ കാര്യങ്ങള്‍ ഈ സിനിമയില്‍ ഉള്‍പെടുത്തിയത്‌ സംവിധായകന്റെ നിര്‍ദേശപ്രകാരമാണോ എന്നറിയില്ല. നല്ലവന്‍ എന്ന സിനിമയില്‍ നിന്നും നമുക്ക് പാര്‍ക്കാനില്‍ എത്തിനില്കുന്ന സംവിധായകന്‍, കുറെയേറെ മെച്ചപെട്ടിട്ടുണ്ട് എന്നതില്‍ സംശയമില്ല. മലയാള സിനിമ പ്രേമികള്‍ക്ക് ഇഷ്ടമാകുന്ന ഒരു പ്രമേയം ലഭിച്ചിട്ടും, അനൂപ്‌ മേനോന്‍ എന്ന നടനെ ലഭിച്ചിട്ടും, ആ അവസരങ്ങള്‍ പൂര്‍ണമായി സംവിധായകന്‍ പ്രയോജനപെടുത്തിയില്ല.  


സാങ്കേതികം: ആവറേജ്
എസ്.പി.പ്രജിതിന്റെ ചായാഗ്രഹണം ശരാശരി നിലവാരം പുലര്‍ത്തുമ്പോള്‍, സംജിത് നിര്‍വഹിച്ച സന്നിവേശം മികവു പുലര്‍ത്തിയില്ല. സിനിമയില്‍ അനവസരത്തില്‍ വരുന്ന പാട്ടുകളും ചില രംഗങ്ങളും പ്രേക്ഷകരെ ബോറടിപ്പിച്ചു. അനൂപ്‌ മേനോന്‍ എഴുതിയ വരികള്‍ക്ക് രതീഷ്‌ വേഗ സംഗീതം നല്‍ക്കിയ പാട്ടുകള്‍ മികവു പുലര്‍ത്തി. "കണ്ണാടി കള്ളങ്ങള്‍" എന്ന തുടങ്ങുന്ന പാട്ടും, "കണ്മണി നിന്നെ ഞാന്‍" എന്ന പാട്ടും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു. 

  
അഭിനയം: ആവറേജ്
രാജീവന്‍ എന്ന കഥാപാത്രത്തെ മികവുറ്റതാക്കിയ അനൂപ്‌ മേനോന് അവകാശപെട്ടതാണ് നമുക്ക് പാര്‍ക്കാന്‍ എന്ന സിനിമ. തികഞ്ഞ ആത്മാര്‍ഥതയോടെ രാജീവനെ അവതരിപ്പുവാന്‍ അനൂപ്‌ മേനോനല്ലാതെ പുതിയ തലമുറയിലുള്ള മറ്റാര്‍ക്കും സാധിക്കില്ല എന്നതാണ് സത്യം. അതുപോലെ തന്നെ, ചെറിയ വേഷങ്ങളിലെത്തിയ ജയസൂര്യയും, ടിനി ടോമും, അശോകനും, ജനാര്‍ദ്ദനനും, കവിയൂര്‍ പൊന്നമ്മയും, നായിക മേഘ്നയും, നന്ദുവും അവരവരുടെ രംഗങ്ങള്‍ മോശമക്കാതെ അഭിനയിച്ചു. ഇവരെ കൂടാതെ,
ദേവന്‍, സുധീഷ്‌, മണികണ്ടന്‍, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ഗീത വിജയന്‍, ആശ എന്നിവരുമുണ്ട് ഈ സിനിമയില്‍. 

സിനിമയുടെ പ്ലസ് പോയിന്റ്സ്:
1.
അനൂപ്‌ മേനോന്റെ അഭിനയം 
2. ജയസുര്യയുടെ അതിഥി വേഷം
3. രതീഷ്‌ വേഗയുടെ സംഗീതം

 
സിനിമയുടെ മൈനസ് പോയിന്റ്സ്:
1. തിരക്കഥ, സംഭാഷണങ്ങള്‍
2. സംവിധാനം
3. ചിത്രസന്നിവേശം

 
നമുക്ക് പാര്‍ക്കാന്‍ റിവ്യൂ: പുതുമയുള്ള കഥയോ കഥാപാത്രങ്ങളോ രംഗങ്ങളോ, സംവിധാന മികവോ അഭിനയ മുഹൂര്‍ത്തങ്ങളോ ഒന്നുമില്ലാത്ത നമുക്ക് പാര്‍ക്കാന്‍, കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ഒരു പ്രാവശ്യം കണ്ടിരിക്കുവാന്‍ സാധിക്കുന്ന സാധരണ ഒരു സിനിമയാണ്. 
 
നമുക്ക് പാര്‍ക്കാന്‍ റേറ്റിംഗ്: 3.70 / 10
കഥ, തിരക്കഥ: 3 / 10 [ബിലോ ആവറേജ്]
സംവിധാനം:
3 / 10 [ബിലോ ആവറേജ്] 
സാങ്കേതികം: 2.5 / 5 [ആവറേജ്]
അഭിനയം:
2.5 / 5 [ആവറേജ്]
ടോട്ടല്‍: 11 / 30 [3.7 / 10]

 
സംവിധാനം: അജി ജോണ്‍
കഥ, തിരക്കഥ, സംഭാഷണം: ജയന്‍-സുനോജ്
ബാനര്‍: ജിതിന്‍ ആര്‍ട്സ്
നിര്‍മ്മാണം: ജോയ് തോമസ്‌ ശക്തികുളങ്ങര
ചായാഗ്രഹണം: പ്രജിത്ത്
ചിത്രസന്നിവേശം: സാംജിത്
വരികള്‍: അനൂപ്‌ മേനോന്‍
സംഗീതം: രതീഷ്‌ വേഗ

നമ്പര്‍ 66 മധുര ബസ്‌

പശുപതിയെ നായകനാക്കി വൈരം എന്ന സിനിമയ്ക്ക് ശേഷം എം.എ.നിഷാദ് സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് നമ്പര്‍ 66 മധുര ബസ്‌.കൊലകുറ്റത്തിനു ശിക്ഷ ലഭിച്ച പ്രതി നമ്പര്‍ 66 വരദരാജന്‍ ജയിലില്‍ നിന്നും 3 ദിവസത്തെ പരോളില്‍ പുറത്തിറങ്ങി ഒരു പ്രത്യേക ലക്ഷ്യത്തിനു വേണ്ടി കൊല്ലം ജില്ലയിലെ പുനലൂരില്‍ നിന്നും മധുരയിലേക്ക് പോകുന്നിടത്താണ് ഈ സിനിമ തുടങ്ങുന്നത്. വരദരാജന്‍ കയറിയ മധുര ബസ്സില്‍, അയാള്‍ കിടന്നിരുന്ന അതെ ജയിലില്‍ നിന്നും മറ്റൊരു കുറ്റത്തിന് ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ സൂര്യപത്മം എന്ന പത്മയും ഉണ്ടായിരുന്നു. യാത്രാമധ്യേ ചില അപകടകാരികളില്‍ നിന്നും പത്മയെ രക്ഷിക്കുന്ന വരദനുമായി പത്മ സൗഹൃദത്തിലാകുന്നു. അവള്‍ എന്തിനാണ് മധുരയ്ക്ക് പോകുന്നതെന്നും, അവള്‍ എങ്ങനെ ജയിലിലായി എന്നും വരദനോട് പറയുന്നു. വരദന്‍ എങ്ങനെ കുറ്റക്കാരനായി എന്ന പത്മയുടെ ചോദ്യത്തിന് മറുപടിയായി വരദന്‍ അയാളുടെ ജീവിതകഥ അവളുമായി പങ്കുവെയ്ക്കുന്നു. 

വനം വകുപ്പില്‍ പോലീസില്‍ ജോലി ചെയ്തിരുന്ന വരദന് പ്രിയപെട്ടവരായി രണ്ടുപേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അവരാണ് ഉറ്റചങ്ങാതി സഞ്ജയനും, കുട്ടിക്കാലം മുതലേ സ്നേഹിച്ച ഭാവയാമിയും. വരദനും ഭാവയും തമ്മിലുള്ള സ്നേഹബന്ധം അറിയാമായിരുന്ന സഞ്ജയന്‍, ഒരു പ്രത്യേക സാഹചര്യത്തില്‍ ചില ഇഷ്ടങ്ങള്‍ക്ക് വേണ്ടി വരദനെ ചതിക്കുന്നു. തുടര്‍ന്ന് വരദന്റെ ജീവിതത്തില്‍ ചില അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുന്നു. അതിനു കാരണക്കാരനായ സഞ്ജയന്‍ എന്ന ചതിയനെ കണ്ടുപിടിക്കുവാനും കൊല്ലുവാനുമാണ് പരോളില്‍ ഇറങ്ങിയ വരദന്‍ മധുരയിലേക്ക് പോകുന്നത്. വരദന് സഞ്ജയനെ കണ്ടെത്താനാകുമോ? കൊല്ലനാകുമോ? എന്നെല്ലാമാണ് എം.എ.നിഷാദ് സംവിധാനം ചെയ്ത നമ്പര്‍ 66 മധുര ബസ്‌ എന്ന സിനിമയുടെ ക്ലൈമാക്സ്. വരദനായി പശുപതിയും, സഞ്ജയനായി ഹിന്ദി സിനിമ നടന്‍ മകരന്ദ് ദേശ്പാണ്ടേയും, ഭാവയാമിയായി മല്ലികയും, പത്മയായി പത്മപ്രിയയും അഭിനയിച്ചിരിക്കുന്നു.

കെ.വി. അനില്‍ കഥയും തിരക്കഥയും സംഭാഷണങ്ങളും നമ്പര്‍ 66 മധുര ബസ്‌ നിര്‍മ്മിച്ചിരിക്കുന്നത് എന്‍.എഫ്.സി.എന്റര്‍ടെയിന്‍മെന്റ്സ് ആണ്. പ്രദീപ്‌ നായര്‍ ചായഗ്രഹണവും, സംജത് ചിത്രസന്നിവേശവും നിര്‍വഹിച്ചിരിക്കുന്നു. എം.ജയചന്ദ്രനാണ് സംഗീത സംവിധാനം. 

കഥ, തിരക്കഥ: മോശം 
എം.ടി, വാസുദേവന്‍‌ നായര്‍ എന്ന അതുല്യപ്രതിഭയുടെ തൂലികയില്‍ ജനിച്ച, മണ്മറഞ്ഞുപോയ മറ്റൊരു പ്രതിഭ ഭരതന്റെ ഭാവനയില്‍ രൂപംകൊണ്ട, മോഹന്‍ലാലും സലിം ഘോഷും ഒന്നിച്ചഭിനയിച്ച താഴ്വാരം, മലയാള സിനിമയിളിന്നോളം ഇറങ്ങിയിട്ടുള്ള ഏറ്റവും മികച്ച പ്രതികാര കഥയാണ്. സുഹൃത്തായിരുന്ന ഒരാളുടെ വഞ്ചനക്കിരയാകുന്ന നായകന്‍, ചെയ്യാത്ത കുറ്റത്തിനുള്ള ജയില്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുകയും, പ്രതികാരം വീട്ടുവാനായി വില്ലനെ അന്വേഷിച്ചു നടന്നു കൊല്ലുന്നതാണ് താഴ്വാരം എന്ന സിനിമയുടെ കഥ. കെ.വി.അനില്‍ എഴുതിയ നമ്പര്‍ 66 മധുര ബസ്‌ എന്ന സിനിമയുടെ കഥയ്ക്ക്‌ താഴ്വാരം എന്ന സിനിമയുടെ കഥയോട് അറിഞ്ഞോ അറിയാതയോ ഒരു സാമ്യം തോന്നുന്നുണ്ട്. അതൊരു പ്രധാന കുറവല്ല എന്ന് തോന്നുന്നത് ഈ സിനിമയിലെ ചില കഥ സന്ദര്‍ഭങ്ങള്‍ കാണുമ്പോളാണ്. പട്ടാപകല്‍ ബസ്സില്‍ യാത്ര ചെയ്യുന്ന പെണ്‍കുട്ടിയെ ഗുണ്ടകള്‍ ബലമായി തട്ടിക്കൊണ്ടു പോകുവാന്‍ ശ്രമിക്കുമ്പോള്‍, നായകന്‍ മാത്രം അവരോടു വഴക്കിടുകയും,ബസ്സിലുള്ള മറ്റുള്ള യാത്രക്കാര്‍ ഇങ്ങനെയൊരു സംഭവം ഉണ്ടാകാത്ത രീതിയില്‍ പെരുമാറുമ്പോള്‍, തിരക്കഥകൃത്തും സംവിധായകനും ഉറക്കത്തിലായിരുന്നോ എന്ന് തോന്നിപ്പോകുന്നു. കെട്ടിച്ചമച്ചത് പോലെ അനുഭവപെടുന്ന നിരവധി കഥാസന്ദര്‍ഭങ്ങള്‍ ഈ സിനിമയിലുണ്ട്. അതുപോലെ, കേട്ടുപഴകിയ സംഭാഷണങ്ങളും കണ്ടുമടുത്ത കഥാഗതിയും ബോറടിപ്പിക്കുന്നുണ്ട്. സമീപകാലത്തിറങ്ങിയ സിനിമകളില്‍ ഏറ്റവും അശ്രദ്ധയോടെ എഴുതിയ തിരക്കഥയാണ് ഈ സിനിമയുടേതു.

സംവിധാനം: മോശം 
തിരക്കഥ രചയ്താവിന്റെ കാര്യം പറഞ്ഞതുപോലെയാണ് സംവിധായകന്‍ എം.എ.നിഷാദിന്റെ സംവിധാന രീതിയും. പകല്‍, നഗരം, വൈരം എന്നീ സിനിമകളുടെ സംവിധാനം മോശമായിരുന്നു എങ്കിലും, ആ സിനിമയിലൂടെ ചര്‍ച്ചചെയ്ത വിഷയം മികച്ചതായിരുന്നു. ബെസ്റ്റ് ഓഫ് ലക്ക്, ആയുധം എന്ന സിനിമകളിലേക്കു എത്തിയ നിഷാദ്, കഥാപരമായും  സംവിധാനത്തിലും ശ്രദ്ധ പതിപ്പിക്കാത്ത രീതിയിലായി കാര്യങ്ങള്‍. നമ്പര്‍ 66 മധുര ബസ്‌ എന്ന സിനിമയിലും വ്യക്തമായി കാണപെടുന്നതും നല്ലൊരു സംവിധായകന്റെ അഭാവം തന്നെ. പശുപതിയും മകരന്ദ് ദേശ്പാണ്ടേയും ഓവര്‍ ആക്റ്റിംഗ് ചെയ്യുമ്പോള്‍, പത്മപ്രിയയും മല്ലികയും മറ്റു ചിലരും അഭിനയം മറന്നതുപോലെ അഭിനയിക്കുമ്പോള്‍, അതുല്യ നടന്മാരായ തിലകന്‍, ജഗതി എന്നിവര്‍ വെറുതെ വന്നുപോകുന്നു. ഒരു സിനിമ എന്ന രീതിയില്‍ ഇതിനെ മാറ്റിയെടുത്തത് ഈ സിനിമയുടെ ലോക്കെഷനുകളും പ്രദീപ്‌ നായരുടെ ചായാഗ്രഹണവുമാണ്‌.  
 
സാങ്കേതികം: ആവറേജ് 
പ്രദീപ്‌ നായര്‍ പകര്‍ത്തിയ ദ്രിശ്യങ്ങളാണ് ഈ സിനിമയുടെ സവിശേഷത. സംജത് നിര്‍വഹിച്ച സന്നിവേശം സിനിമയ്ക്ക് വേഗത നല്ക്കുന്നുണ്ട്. വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ, രാജീവ്‌ ആലുങ്കല്‍ എന്നിവരുടെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണമിട്ട രണ്ടു പാട്ടുകളുണ്ട് ഈ സിനിമയില്‍. ശരാശരി നിലവാരം പുലര്‍ത്തുന്ന ഗാനങ്ങളുടെ ചിത്രീകരണവും മികച്ചതാണ്.  
അഭിനയം: ബിലോ ആവറേജ് 
പശുപതി, മകരന്ദ് ദേശ്പാണ്ടേ, തിലകന്‍, ജഗതി ശ്രീകുമാര്‍, ജഗദീഷ്, അനില്‍ മുരളി, വിജയ്‌ ബാബു, ചെമ്പില്‍ അശോകന്‍, ശശി കലിങ്ക, സുധീര്‍ കരമന, ചാലി പാല, പത്മപ്രിയ, മല്ലിക, ശ്വേത മേനോന്‍, മഹിമ, സീമ ജി.നായര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുര്യ ടി.വി.യുടെ വൈസ് പ്രസിഡന്റ്‌ വിജയ്‌ ബാബു (ബെന്നി - 22 ഫീമെയില്‍ കോട്ടയം ഫെയിം), അനില്‍ മുരളി എന്നിവരുടെ അഭിനയം ശ്രദ്ധ നേടുന്നു. തിലകന്‍, ജഗതി എന്നിവരുടെ കഥാപാത്രങ്ങളെ പ്രയോജനപെടുത്തിയിട്ടില്ല. പ്രേക്ഷകരെ ഞെട്ടുപ്പിക്കുന്ന രീതിയില്‍ കഥയില്‍ യാതൊരു പ്രയോജനവുമില്ലാതെ ജഗദീഷ് എന്ന നടനെ വില്ലനാക്കിയിരിക്കുന്നു. മേല്‍പറഞ്ഞത്‌ പോലെ, പശുപതിയും മകരന്ദ് ദേശ്പാണ്ടേയും അഭിനയിച്ചു കഷ്ടപെട്ടു. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. ലൊക്കേഷന്‍ 
2. പ്രദീപ്‌ നായരുടെ ചായാഗ്രഹണം 

സിനിമയുടെ മൈനസ് പോയിന്റ്സ്: 
1. പ്രവചിക്കനവുന്ന കഥസന്ദര്‍ഭങ്ങള്‍ 
2. എം.എ.നിഷാദിന്റെ ലോജിക്ക് ഇല്ലാത്ത സംവിധാന രീതി 
3. പശുപതി, മകരന്ദ് ദേശ് പാണ്ടേ എന്നിവരുടെ അമിതമായ അഭിനയം 

നമ്പര്‍ 66 മധുര ബസ്‌ റിവ്യൂ: കണ്ടുമടുത്തതും കേട്ടുപഴകിയതുമായൊരു ഒരു പ്രമേയം വിഷയമാകുന്ന കെ.വി.അനിലിന്റെ തിരക്കഥയും, സിനിമ സംവിധാനം വെറുമൊരു കുട്ടിക്കളിയായി കാണുന്ന എം.എ.നിഷാദ് എന്ന സംവിധായകന്റെ നിലവാരമില്ലാത്ത സംവിധാനവും, പശുപതിയെയും മകരന്ദ് ദേശ്പണ്ടേയെയും പോലുള്ള നടന്മാരുടെ ഓവര്‍ ആക്റ്റിങ്ങും ചേര്‍ന്നപ്പോള്‍ മാറിയ ദുരന്തമാണ് നമ്പര്‍ 66 മധുര ബസ്‌.

നമ്പര്‍ 66 മധുര ബസ്‌ റേറ്റിംഗ്: 2.10/10
കഥ, തിരക്കഥ: 1/10[മോശം]
സംവിധാനം: 1/10[മോശം]
സാങ്കേതികം: 2.5/5[ആവറേജ്]
അഭിനയം: 2/5[ബിലോ ആവറേജ്]
ടോട്ടല്‍ : 6.5/30 [2.1/10]

സംവിധാനം: എം.എ.നിഷാദ്
നിര്‍മ്മാണം: എന്‍.എഫ്‌.എസ് എന്റര്‍റ്റെയിന്‍മെന്റ്സ്
രചന: കെ.വി.അനില്‍
ചായാഗ്രഹണം: പ്രദീപ്‌ നായര്‍
ചിത്രസന്നിവേശം: സംജത്
വരികള്‍: വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ രാജീവ്‌ ആലുങ്കല്‍
സംഗീതം: എം.ജയചന്ദ്രന്‍

19 Jun 2012

സ്പിരിറ്റ്‌

"മദ്യപാനം ആരോഗ്യത്തിനു ഹാനികരം" എന്ന വാചകം കേള്‍ക്കാത്ത, അറിയാത്ത ഒരു മദ്യപാനിപോലും കേരളത്തിലുണ്ടാവില്ല. മേല്പറഞ്ഞ വാചകത്തിന്റെ അര്‍ത്ഥം പൂര്‍ണമായി അറിയാവുന്നവര്‍ വരെ മദ്യത്തിന് അടിമയാണ്. അമിത മദ്യപാനം എങ്ങനെയൊക്കെ മനുഷ്യരെ മോശമായി ബാധിക്കുന്നു എന്നാണ് സ്പിരിറ്റ്‌ എന്ന സിനിമയിലൂടെ സംവിധായകന്‍ ചരച്ചചെയ്യുന്ന പ്രധാന വിഷയം. സമൂഹത്തിലെ ഉയര്‍ന്ന നിലയില്‍ ജീവിക്കുന്ന രഘുനന്ദന്‍ എന്ന ബുദ്ധിമാനായ വ്യക്തിയും, താഴെക്കിടയില്‍ ജീവിക്കുന്ന പ്ലംബര്‍ മണിയന്‍ എന്ന വ്യക്തിയും മദ്യപാനത്തിനു അടിമകളാണ്. അമിത മദ്യപാനം മൂലം ഭാര്യ ഉപേക്ഷിച്ചു ജീവിതത്തില്‍ രഘുനന്ദന്‍ ഒറ്റപെടുമ്പോള്‍, മണിയന്റെ അമിത മദ്യപാനം മൂലം ഭാര്യ പങ്കജവും മകനും ദുരിതപൂര്‍ണമായ ജീവിതം അനുഭവിക്കേണ്ടി വരുന്നു. കേരളത്തിലെ ഭൂരിഭാഗം കുടുംബങ്ങളും അനുഭവിക്കുന്ന നിസ്സഹായവസ്തയാണ് ഈ സിനിമയിലൂടെ രഞ്ജിത്ത് പ്രേക്ഷകരിലേക്ക് എത്തുക്കുന്നത്. കുടുംബനാഥന്റെ മദ്യപാനം എങ്ങനെയൊക്കെയാണ് ഒരു കുടുംബത്തെ മോശമായി ബാധിക്കുന്നത് എന്നതാണ് ഇന്ത്യന്‍ റുപ്പിയ്ക്ക് ശേഷം രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വഹിക്കുന്ന സ്പിരിറ്റ്‌ എന്ന സിനിമയുടെ പ്രമേയം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ഈ സിനിമയില്‍ കേന്ദ്രകഥാപാത്രമായ രഘുനന്ദനെ അവതരിപ്പിക്കുന്നത്‌ മോഹന്‍ലാലാണ്. പ്ലംബര്‍ മണിയനായി നന്ദുവാണ് അഭിനയിക്കുന്നത്.  

ഏഴു വര്‍ഷം മുമ്പ് വിവാഹ ജീവിതം വേര്‍പെടുത്തിയ രഘുനന്ദന്‍, ഒരു വീട്ടില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. "ഷോ ദ സ്പിരിറ്റ്‌" എന്ന ടെലിവിഷന്‍ പരിപാടിയുടെ അവതാരകനായ രഘുനന്ദന്റെ പ്രിയ സുഹൃത്തുക്കള്‍ അയാളുടെ മുന്‍ഭാര്യ മീരയും, മീരയുടെ ഭര്‍ത്താവ് അലക്സിയുമാണ്. ഇവരെ കൂടാതെ ക്യാപ്റ്റന്‍ നമ്പ്യാരും, എഴുത്തുകാരന്‍ സമീറും, ബാറില്‍ ജോലിചെയ്യുന്ന ജോണ്‍സണും രഘുനന്ദന്റെ സുഹ്രുത്തക്കളാണ്. അമിത മദ്യപാനത്തിന്റെ ലഹരിയില്‍ ജീവിതം മുന്നോട്ടു നയിക്കുന്ന രഘുനന്ദന്റെ ജീവിതത്തില്‍ ചില സംഭവങ്ങളുണ്ടാകുന്നു. ആ സംഭവങ്ങള്‍ അയാളുടെ ചിന്താഗതിയെയും ജീവിതത്തെയും മാറ്റിമറയ്ക്കുന്നു. അങ്ങനെ, അയാള്‍ മദ്യം ഉപേക്ഷിക്കുന്നു. എന്താണ് രഘുനന്ദന്റെ ജീവിതത്തില്‍ സംഭവിച്ചത്? എന്ത് കാരണങ്ങള്‍ കൊണ്ടാണ് അയാള്‍ മദ്യം ഉപേക്ഷിച്ചത്? എന്നതാണ് ഈ സിനിമയുടെ കഥ.   

കഥ, തിരക്കഥ: ഗുഡ് 
മലയാള സിനിമയില്‍ ഇന്നോളം ആരും പരീക്ഷിക്കുവാന്‍ തയ്യാറാവാത്ത ഒരു പ്രമേയമാണ് രഞ്ജിത്ത് ഈ സിനിമയ്ക്ക് വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്. ആ പ്രമേയത്തിലൂടെ നല്ലൊരു സന്ദേശം സമൂഹത്തിനു നല്‍ക്കുന്നു എന്നതാണ് ഈ സിനിമയുടെ സവിശേഷത. ഇത്തരത്തിലുള്ളൊരു പ്രമേയം പറയുവാന്‍ രഞ്ജിത്ത് തിരഞ്ഞെടുത്ത കഥയും കഥാപാത്രങ്ങളും സംഭാഷണങ്ങളും സാധാരണകാര്‍ക്ക് മനസ്സിലാക്കുവാന്‍ പ്രയാസമുണ്ടാകും. കാരണം, ഈ സിനിമയിലെ നായകന്‍ രഘുനന്ദന്‍ ഉയര്‍ന്ന ശ്രേണിയില്‍ ജീവിക്കുന്ന ചിന്തിക്കുന്ന സംസാരിക്കുന്നയാളാണ്. രഞ്ജിത്ത് രചന നിര്‍വഹിച്ച പ്രാഞ്ചിയേട്ടനും ഇന്ത്യന്‍ റുപ്പിയും എല്ലാത്തരം സിനിമകളും ഇഷ്ടപെടുന്ന സാധാരണകാര്‍ക്ക് വരെ മനസിലാക്കുവാന്‍ സാധിക്കുമായിരുന്നു. മദ്യപാനം വരുത്തിവെയ്ക്കുന്ന ദൂഷ്യഫലങ്ങള്‍ ചര്‍ച്ചചെയ്യുന്ന ഒരു വിഷയം, എല്ലാത്തരം പ്രേക്ഷകര്‍ക്കും ഗ്രഹിക്കുവാന്‍ സാധിച്ചില്ല എങ്കില്‍, ആ ശ്രമം പൂര്‍ണമായൊരു വിജയമാവില്ല. നല്ലൊരു പ്രമേയം തിരഞ്ഞെടുത്ത സംവിധായകന്, അതിനു അനിയോജ്യമായ ഒരു കഥ തിരഞ്ഞെടുക്കുവാന്‍ സാധിക്കാതെപോയി. എന്നിരുന്നാലും, ഈ സിനിമയിലൂടെ സംവിധായകന്‍ പ്രേക്ഷകരിലേക്ക് എത്തിക്കുവാന്‍ ആഗ്രഹിച്ച സന്ദേശം
മികച്ച സംഭാഷണങ്ങള്‍ കൊണ്ടും നല്ല അഭിനയമുഹൂര്‍ത്തങ്ങള്‍ കൊണ്ടും എത്തിക്കുവാന്‍ സാധിച്ചു.
 

സംവിധാനം: ഗുഡ്
നല്ലൊരു സന്ദേശം സമൂഹത്തിനു നല്‍ക്കുക എന്നതാണ്
സ്പിരിറ്റ്‌ എന്ന ഈ സിനിമ കൊണ്ടുള്ള ഉദേശം എങ്കില്‍, അതില്‍ നൂറു ശതമാനം രഞ്ജിത്ത് വിജയിച്ചിരിക്കുന്നു. ഒരു സംവിധായകന്‍ എന്ന നിലയില്‍ നല്ല അഭിനേത്തക്കളെ  തിരഞ്ഞെടുക്കുകയും, കഴിവുള്ള സാങ്കേതിക വിദഗ്ദ്ധരെ ഉപയോഗിക്കുകയും ചെയ്തതാണ് ഈ സിനിമയുടെ വിജയത്തിന് പ്രധാന കാരണം. ആസ്വാദനത്തിനുള്ള ഉപാദിയായി മാത്രം സിനിമയെ കാണുന്നവര്‍ക്ക് ഈ സിനിമ ഇഷ്ടപെടണമെന്നില്ല. പ്രേക്ഷകര്‍ക്കെല്ലാം രസിക്കുവാനുള്ള ഘടഗങ്ങള്‍ സിനിമയില്‍ ഉള്‍പെടുത്തിയാല്‍, ഈ സിനിമ ചര്‍ച്ചചെയ്യുന്ന വിഷയത്തിന്റെ ഗൌരവം ഇല്ലാതെ പോകും എന്ന് കരുതിയതുകൊണ്ടാവും രഞ്ജിത്ത് ഈ സിനിമ വേറൊരു രീതിയില്‍ സമീപിച്ചത്. കുറെ നാളുകള്‍ക്കു ശേഷം നല്ലൊരു സന്ദേശം സമൂഹത്തിനു നല്‍ക്കുന്ന ഒരു സിനിമ മലയാളത്തില്‍ ഉണ്ടാക്കിയതില്‍ രഞ്ജിത്തിനു അഭിമാനിക്കാം. അതുപോലെ തന്നെ, മോഹന്‍ലാല്‍ എന്ന നടനെ പ്രേക്ഷകര്‍ കാണുവാന്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള ഉജ്ജ്വലമായ ഒരു കഥാപാത്രം നല്‍കിയതിനും, നന്ദു, ലെന, ടിനി ടോം, ഗോവിന്ദന്കുട്ടി എന്നുവര്‍ക്കും വ്യതസ്തമായ കഥാപാത്രം നല്‍കിയതിനും രഞ്ജിത്ത് പ്രശംസ അര്‍ഹിക്കുന്നു. 
  
സാങ്കേതികം: ഗുഡ്
സ്നേഹവീടിനു ശേഷം വേണു ചായാഗ്രഹണം നിര്‍വഹിക്കുന്ന മോഹന്‍ലാല്‍ സിനിമയാണ് സ്പിരിറ്റ്‌. സിനിമയുടെ പ്രേമേയത്തിനുതകുന്ന രീതിയില്‍ ദ്രിശ്യങ്ങള്‍ ചിത്രീകരിക്കുവാന്‍ വേണുവിനു സാധിച്ചിട്ടുണ്ട്. സിനിമയുടെ രണ്ടാംപകുതിയില്‍ രഘുനന്ദന്‍ മാറ്റത്തിന്റെ പാതയിലൂടെ സഞ്ചരിക്കുവാന്‍ തുടങ്ങുന്ന രംഗങ്ങള്‍ക്ക് മുമ്പ്, അയാള്‍ തമാസിക്കുന്ന വില്ലയിലൂടെ അതിരാവിലെ സൂര്യപ്രകാശം കൊള്ളുവാന്‍ വേണ്ടി നടക്കുന്ന രംഗങ്ങള്‍ മനോഹരമായി വേണു ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. അതുപോലെ തന്നെ, ഒളിക്യാമറ ഉപയോഗിച്ച് പ്ലംബര്‍ മണിയന്റെ ജീവിതം ഒപ്പിയെടുത്തത് പ്രേക്ഷകര്‍ക്ക്‌ വിശ്വസനീയമായി അനുഭവപെട്ടു. വേണു പകര്‍ത്തിയ ദ്രിശ്യങ്ങള്‍ സന്നിവേശം ചെയ്തത് സന്ദീപ്‌ നന്ദകുമാറാണ്. സിനിമയുടെ പലയിടങ്ങളിലും ഇഴച്ചില്‍ അനുഭവപെട്ടു  എങ്കിലും,
ദ്രിശ്യങ്ങള്‍ കൃത്യമായി സന്നിവേശം ചെയ്യുവാന്‍ സന്ദീപിന് സാധിച്ചു. റഫീക്ക് അഹമ്മദ്‌ എഴുതിയ വരികള്‍ക്ക് സംഗീതം പകര്‍ന്നത് ഷഹബാസ് അമ്മനാണ്. ഇന്ത്യന്‍ റുപ്പിയ്ക്ക് ശേഷം ഇരുവരും ഒന്നിച്ച സ്പിരിറ്റിലെ "ഈ ചില്ലയില്‍ നിന്ന്..." എന്ന ഗാനം ഹൃദ്യമായി അനുഭവപെട്ടു. അതുപോലെ തന്നെ, "മഴകൊണ്ട്‌..." എന്ന ഗാനത്തിന്റെ വരികളും സംഗീതവും മികവുറ്റതായി. സന്തോഷ്‌ രാമന്റെ കലാസംവിധാനവും, സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും, രഞ്ജിത്ത് അമ്പാടിയുടെ മേയിക്കപ്പും സിനിമയുടെ കഥയ്ക്ക്‌ അനിയോജ്യമാണ്.

അഭിനയം: ഗുഡ്
"രഘുനന്ദന്‍ എന്ന കഥാപാത്രം അവതരിപ്പിക്കുവാന്‍ മലയാള സിനിമയില്‍ മോഹന്‍ലാലിനു മാത്രമേ സാധിക്കുകയുള്ളൂ" എന്ന് സംവിധായകന്‍ രഞ്ജിത്ത് പരാമര്‍ശിച്ചത് നൂറു ശതമാനം സത്യമാണെന്ന് തെളിയിക്കുന്ന രീതിയിലുള്ള പ്രകടനമാണ് പത്മശ്രീ ഭരത് മോഹന്‍ലാല്‍ ഈ സിനിമയില്‍ കാഴ്ചവെച്ചിരിക്കുന്നത്. സിനിമയുടെ ആദ്യപകുതിയില്‍ മുഴുവന്‍ സമയവും മദ്യപിച്ചും, അലസമായ ജീവിതം നയിച്ചും, ദാര്‍ഷ്ട്യവും അഹംഭാവവുമുള്ള സ്വഭാവത്തല്‍
മറ്റുള്ളവരോട് അനാവശ്യമായി പ്രകോഭിതനാവുകയും ചെയ്യുന്ന രഘുനന്ദനായി അഭിനയിക്കാതെ, യഥാര്‍ത്ഥത്തില്‍ ജീവിക്കുകയായിരുന്നു മോഹന്‍ലാല്‍. രണ്ടാം പകുതിയില്‍, തന്റെ തെറ്റുകളെല്ലാം തിരുത്തുകയും, മറ്റൊരു മദ്യപാനിയുടെ ജീവിതം നേരെയാക്കുവാന്‍ ശ്രമിക്കുകയും, മകനോടുള്ള സ്നേഹം പ്രകടിപ്പികുകയും ചെയുന്ന നല്ലൊരു അച്ഛനായി മാറുകയും ചെയ്യുന്ന രഘുനന്ദനെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകര്‍ക്ക്‌ ഒരു വിസ്മയകാഴ്ച തന്നെ സമ്മാനിക്കുന്നു മോഹന്‍ലാല്‍ എന്ന മഹാനടന്‍. മറ്റൊരു എടുത്തു പറയേണ്ട, പ്രശംസിക്കേണ്ട അഭിനയം കാഴ്ചവെച്ചത് പ്ലംബര്‍ മണിയനെ അവതരിപ്പിച്ച നന്ദു ആണ്. നന്ദു എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഒരു നാഴികകല്ലാണ് ഈ സിനിമയിലെ പ്ലംബര്‍ മണിയന്‍. അതുപോലെ തന്നെ, മീരയെ അവതരിപ്പിച്ച കനിഹയും, അലക്സിയെ അവതരിപ്പിച്ച ശങ്കര്‍ രാമകൃഷ്ണന്‍(ഉറുമിയുടെ തിരക്കഥകൃത്ത്), പോലീസ് വേഷത്തിലെത്തിയ ലെന, പ്ലംബര്‍ മണിയന്റെ ഭാര്യ പങ്കജമായി അഭിനയിച്ച കല്പന, കേള്‍വിശക്തിയും സംസാരശേഷിയുമില്ലത്തെ മോഹന്‍ലാലിന്‍റെ മകനായി അഭിനയിച്ച കുട്ടി, കള്ളുകുടിയനായി അഭിനയിച്ച തിലകന്‍ എന്നിവരും അവിസ്മരണീയമായ പ്രകടനമാണ് സ്പിരിറ്റ്‌ എന്ന സിനിമയില്‍ കാഴ്ചവെച്ചിരിക്കുന്നത്. ഇവരെ കൂടാതെ, മധു, ഗണേഷ്‌കുമാര്‍, സിദ്ധാര്‍ത് ഭരതന്‍, ടിനി ടോം, ഗോവിന്ദന്‍കുട്ടി, വിജയ്‌ മേനോന്‍, ടി.പി.മാധവന്‍, സുരാജ് വെഞ്ഞാറമൂട്, ശ്രീരാമന്‍, ജയരാജ് വാര്യര്‍, ശശി കലിങ്ക, മാസ്റ്റര്‍ ഗണപതി, ഷാജി നടേശന്‍, ശ്രീലത നമ്പൂതിരി, ജയ മേനോന്‍ എന്നിവരും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.  
 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. പ്രമേയം
2. മോഹന്‍ലാലിന്‍റെ അഭിനയം 
3. നല്ലൊരു സന്ദേശം നല്‍ക്കുന്ന സിനിമ
4. സംഭാഷണങ്ങള്‍, സംവിധാനം
5. നന്ദു, ലെന, കനിഹ,
കല്പന എന്നിവരുടെ അഭിനയം
6. ചായാഗ്രഹണം, പശ്ചാത്തല സംഗീതം


സിനിമയുടെ മൈനസ് പോയിന്റ്സ്:
1.
കഥയില്‍ പ്രാധാന്യമില്ലാത്ത കുറെ കഥാപാത്രങ്ങള്
2. സാധാരണകാര്‍ക്ക് ഗ്രഹിക്കുവാന്‍ പ്രയാസമുള്ള ചില കഥാസന്ദര്‍ഭങ്ങള്‍  

സ്പിരിറ്റ്‌ റിവ്യൂ: പ്രേക്ഷകരുടെ യുക്തിയെ ചോദ്യം ചെയ്യാത്ത കഥാസന്ദര്‍ഭങ്ങളിലൂടെ വികസിക്കുന്ന രഞ്ജിത്ത്-മോഹന്‍ലാല്‍ ടീമിന്റെ സ്പിരിറ്റ്‌, കാലികപ്രസക്തിയുള്ളൊരു പ്രമേയം ചര്‍ച്ചചെയ്യുകയും അതിലൂടെ നല്ലൊരു സന്ദേശം സമൂഹത്തിനു നല്‍കുകയും ചെയുന്നു.
 
സ്പിരിറ്റ്‌ റേറ്റിംഗ്: 7.00 / 10
കഥ, തിരക്കഥ: 7 / 10 [ഗുഡ്]
സംവിധാനം:
7 / 10 [ഗുഡ്]
സാങ്കേതികം: 3.5 / 5 [ഗുഡ്]
അഭിനയം: 3.5 / 5 [ഗുഡ്]
ടോട്ടല്‍: 21 / 30 [7 / 10]
 
രചന, സംവിധാനം: രഞ്ജിത്ത്
നിര്‍മ്മാണം: ആന്റണി പെരുമ്പാവൂര്‍
ബാനര്‍: ആശിര്‍വാദ് സിനിമാസ്
ചായാഗ്രഹണം: വേണു
ചിത്രസന്നിവേശം: സന്ദീപ്‌ നന്ദകുമാര്‍
വരികള്‍: റഫീക്ക് അഹമ്മദ്‌
സംഗീതം:
ഷഹബാസ് അമ്മന്‍
കലാസംവിധാനം: സന്തോഷ്‌ രാമന്‍
വസ്ത്രാലങ്കാരം: സമീറ സനീഷ്
മേയിക്കപ്: രഞ്ജിത്ത് അമ്പാടി
വിതരണം: മാക്സലാബ്

15 Jun 2012

ബാച്ചിലര്‍ പാര്‍ട്ടി

മലയാള സിനിമ പ്രേമികള്‍ ഏറെ നാളായി ആകാംഷയോടെ കാത്തിരുന്ന സിനിമയാണ് അമല്‍ നീരദിന്റെ ബാച്ചിലര്‍ പാര്‍ട്ടി. അമല്‍ നീരദ് പ്രൊഡക്ഷന്സിന്റെ ബാനറില്‍ അമല്‍ നീരദും വി.ജയസുര്യയും ചേര്‍ന്ന് നിര്‍മ്മിച്ച ബാച്ചിലര്‍ പാര്‍ട്ടിയ്ക്ക് വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ചതും സംവിധായകന്‍ അമല്‍ നീരദാണ്. കുട്ടികാലം മുതലേ പരസ്പരം അറിയാവുന്ന അഞ്ചു സുഹൃത്തുക്കളാണ് ബാച്ചിലര്‍ പാര്‍ട്ടിയിലെ നായകന്മാര്‍. കൊട്ടേഷന്‍ സംഘത്തലവന്‍ പ്രകാശ്‌ കാമത്തിന്റെ അങ്കരക്ഷകരായ അയ്യപ്പനും ഫക്കീറും, ചെറിയ കൊട്ടേഷനുകളും തരികിടകളുമായി ജീവിക്കുന്ന ഗീവര്‍ഗീസും ബെന്നിയും, പ്രണയിനിയെ സ്വന്തമാക്കി അവളുമൊത്ത്‌ ജീവിക്കാന്‍ വേണ്ടി മറ്റൊരു നാട്ടിലേക്ക് ഓടിപ്പോയ ടോണിയുമാണ് ബാച്ചിലര്‍ പാര്‍ട്ടിയിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. അയ്യപ്പനായി കലാഭവന്‍ മണിയും, ബെന്നിയായി റഹ്മാനും, ഗീവര്‍ഗീസായി ഇന്ദ്രജിത്തും, ടോണിയായി ആസിഫ് അലിയും, ഫകീറായി വിനായകനുമാണ് അഭിനയിക്കുന്നത്. കഥയുടെ ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ ഇവരുടെ രക്ഷക്കായി എത്തുന്ന കഥാപാത്രമായി പ്രിഥ്വിരാജും, ചാപ്പ കുരിശിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച രമ്യ നമ്പീശനും, അന്യഭാഷാ സിനിമകളിലെ വെല്ലുന്ന ഐറ്റം ഡാന്‍സ്മായി പത്മപ്രിയയും അതിഥി താരങ്ങളായി ബാച്ചിലര്‍ പാര്‍ട്ടിയിലുണ്ട്. ഉണ്ണി ആര്‍, സന്തോഷ്‌ എച്ചിക്കാനം എന്നിവര്‍ ചേര്‍ന്നാണ് ബാച്ചിലര്‍ പാര്‍ട്ടിയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. അമല്‍ നീരദിന്റെ ചായാഗ്രഹണം, വിവേക് ഹര്‍ഷന്റെ ചിത്രസന്നിവേശം, രാഹുല്‍ രാജ് ഒരുക്കിയ പാട്ടുകളും പശ്ചാത്തല സംഗീതവും ഈ സിനിമയുടെ പ്രധാന സവിശേഷതകളാണ്. 

കഥ, തിരക്കഥ: ബിലോ ആവറേജ്
അന്‍വര്‍ എന്ന സിനിമയുടെ തിരക്കഥയിലൂടെ ഏറെ സുപരിചിതനായ ഉണ്ണിയും, സന്തോഷ്‌ എച്ചിക്കാനവും ചേര്‍ന്നാണ് ബാച്ചിലര്‍ പാര്‍ട്ടിയുടെ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയത്. ടോണി എന്ന സുഹൃത്തിന്റെ ജീവന്‍ രക്ഷിക്കുന്നതിനായി അയ്യപ്പനും, ബെന്നിയും, ഗീവര്‍ഗീസും, ഫകീറും ടോണിയുമൊത്ത് ചേര്‍ന്ന് വില്ലന്മാരെ നേരിടുന്നതാണ് ഈ സിനിമയുടെ കഥ എന്ന ഒറ്റവാക്കില്‍ പറയാം.
ഉണ്ണിയും സന്തോഷ്‌ എച്ചിക്കാനവും ചേര്‍ന്ന് എഴുതിയ തിരക്കഥയില്‍ യുവാക്കളെ ത്രിപ്ത്തിപെടുതുവാന്‍ വേണ്ടി വെള്ളമടിയും പുകവലിയും പച്ചയ്ക്ക് പറയുന്ന തെറികളും രണ്ടു അര്‍ത്ഥമുള്ള സംഭാഷണങ്ങളും ഒരുപാടുണ്ട്. ഈ ചേരുവകളെല്ലാം സിനിമയ്ക്ക് ആവശ്യമായതോ, ആ കഥാപാത്രങ്ങളുടെ സ്വഭാവത്തെ പ്രേക്ഷകര്‍ക്ക്‌ പരിച്ചയപെടുത്തുവാണോ ഉള്ളതല്ല. ബാച്ചിലേര്‍സ് ഈ സിനിമ ആഘോഷമാക്കി മാറ്റണമെന്ന ഒരൊറ്റ ലക്‌ഷ്യം മാത്രമായിരുന്നു ഇത്തരത്തിലുള്ള തിരക്കഥയ്ക്ക് പിന്നില്‍. പ്രത്യേകിച്ച് സംഭവ വികാസങ്ങള്‍ ഇല്ലാത്ത ഒരു കഥ സിനിമയാകമെങ്കിലും, സിനിമയുടെ അവസാനം പ്രേക്ഷകരുടെ യുക്തിയെ ചോദ്യം ചെയ്യാത്ത രീതിയിലുള്ള സംഭവങ്ങള്‍ എങ്കിലും ഉണ്ണിയ്ക്കും സന്തോഷിനും എഴുതാമായിരുന്നു. യുവാക്കള്‍ക്ക് വേണ്ടിയുള്ള ഘടഗങ്ങളെല്ലാം ചേര്‍ത്തൊരുക്കിയ ആദ്യ പകുതി, അമല്‍ നീരദ് എന്ന ചായഗ്രഹന്റെയും വിവേക് ഹര്‍ഷന്‍ എന്ന ചിത്രസന്നിവേശകന്റെയും രാഹുല്‍ രാജ് എന്ന സംഗീത സംവിധായകന്റെയും കഴിവുകൊണ്ട് പ്രേക്ഷകര്‍ക്ക്‌ ബോറാടിക്കാതെ കണ്ടിരിക്കുവാന്‍ സാധിച്ചു. എന്നാല്‍ സിനിമയുടെ അവസാന രംഗങ്ങളില്‍ കഥ സഞ്ചരിക്കുന്ന വഴിയും കഥാസന്ദര്‍ഭങ്ങളും കണ്ടപ്പോള്‍, ഉണ്ണിയും സന്തോഷും ഈ സിനിമയുടെ തിരക്കഥ രചനയുടെ പാതിവഴിയെ ഉപേക്ഷിച്ചു പോയതാണോ എന്നുവരെ സംശയിച്ചു. മലയാള സിനിമയില്‍ ഇത്തരത്തിലുള്ള ഒരു പരീക്ഷണ ക്ലൈമാക്സ് വ്യതസ്തമാണെങ്കിലും, പ്രേക്ഷകരുടെ പറ്റിക്കുന്ന രീതിയില്‍ ആകണമെന്നില്ലയിരുന്നു. കെട്ടുറപ്പുള്ള തിരക്കഥയാണ് ഏതൊരു സിനിമയുടെയും നട്ടലെന്നു ഓര്‍മ്മപെടുത്തുന്നു.

സംവിധാനം: ബിലോ ആവറേജ്
മമ്മൂട്ടിയുടെ ബിഗ്‌ ബി, മോഹന്‍ലാലിന്‍റെ സാഗര്‍ ഏലിയാസ് ജാക്കി, പ്രിഥ്വിരാജിന്റെ അന്‍വര്‍ എന്നീ സിനിമകള്‍ക്ക്‌ ശേഷം അമല്‍ നീരദ് സംവിധാനം ചെയ്ത സിനിമയാണ് ബാച്ചിലര്‍ പാര്‍ട്ടി. കഴിവുള്ള സാങ്കേതിക വിദഗ്ധരാണ് അമല്‍ നീരദ് സിനിമയെ പ്രേക്ഷകരിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നത് എന്ന സത്യം വീണ്ടും തെളിയിക്കപെട്ടിരിക്കുകയാണ് ഈ സിനിമയിലൂടെ. ഒരു സംവിധായകന്‍ എന്ന നിലയില്‍ നല്ല സാങ്കേതിക മികവോടെ സിനിമയോടെ സിനിമയെടുക്കുവാന്‍ സാധിച്ച അമല്‍, കഥയോ തിരക്കഥയോ മികച്ചത്താക്കുവാന്‍ മറന്നുപോയീ എന്ന് കരുതാം. ബിഗ്‌ ബി എന്ന അമലിന്റെ ആദ്യ സിനിമ പ്രേക്ഷകര്‍ക്ക്‌ ഇഷ്ടമാകുവനുള്ള പ്രധാന കാരണം ആ സിനിമയില്‍ ഒരു കഥയുള്ളത് കൊണ്ടായിരുന്നു. ബാച്ചിലര്‍ പാര്‍ട്ടിയില്‍ പുതുമയുള്ള കഥ തിരഞ്ഞെടുക്കുന്നതിനെക്കാള്‍, മികച്ച വിഷ്വല്‍സ് ഒരുക്കുവാനാണ് സംവിധായകന്‍ ശ്രമിച്ചത്. എന്നിരുന്നാലും, ഈ സിനിമയുടെ ആദ്യപകുതി യുവാക്കള്‍ ആസ്വദിച്ചു എന്നതില്‍ തര്‍ക്കമില്ല. അതിനു പ്രധാന കാരണം ചായഗ്രഹണവും പാട്ടുകളും പശ്ചാത്തല സംഗീതവും കലാസംവിധാനവും ഒക്കെ തന്നെ. സിനിമയുടെ അവസാനത്തെ 30 മിനിറ്റില്‍ സിനിമയില്‍ സംഭവിച്ച കാര്യങ്ങള്‍ ഓര്‍ത്തുകൊണ്ട്‌, ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങള്‍ മനസ്സില്‍ സൂക്ഷിച്ചുകൊണ്ട്‌ സിനിമാകണ്ടിറങ്ങുന്ന പ്രേക്ഷകരെ ഓര്‍ത്തുപോകുന്നു. 

സാങ്കേതികം: ഗുഡ്
അമല്‍ നീരദ് എന്ന സംവിധയകനെക്കള്‍ പ്രേക്ഷകര്‍ക്ക്‌ ഇഷ്ടം അമല്‍ എന്ന ചായഗ്രഹകനെയാണ്. അതിമനോഹരം, അത്യുഗ്രന്‍ എന്നതില്‍ കുറഞ്ഞൊന്നും ഈ സിനിമയുടെ ചായഗ്രഹണത്തെ പറ്റി പറയുവാനില്ല. ഈ സിനിമ പ്രേക്ഷകരെ രണ്ടുമണിക്കൂര്‍ തിയറ്ററില്‍ പിടിചിരുത്തിയെങ്കില്‍, അതിനെ പ്രധാന കാരണം ചായാഗ്രഹണം തന്നെ. ആസിഫ് അലിയും നിത്യ മേനോനും അഭിനയിച്ച കാര്‍മുകിലിന്‍ എന്ന പാട്ടിന്റെ ചിത്രീകരണവും, ഇരുവരും താമസിക്കുന്ന വീടും, അന്ജംഗ സംഗം സഞ്ചരിക്കുന്ന വഴികളും, മൂന്നാര്‍ എന്ന ലൊക്കേഷനും പ്രേക്ഷകര്‍ക്ക്‌ ഒരു വിഷ്വല്‍ സദ്യ തന്നെയായിരുന്നു സമ്മാനിച്ചത്‌. അമലിന്റെ ദ്രിശ്യങ്ങള്‍ കൃത്യമായി സന്നിവേശം ചെയ്ത വിവേക് ഹര്‍ഷനും അഭിനന്ദനം അര്‍ഹിക്കുന്നു. റഫീക്ക് അഹമ്മദ്‌ രചിച്ചു രാഹുല്‍ രാജ് ഈണമിട്ട 4 പാട്ടുകളും മികച്ച നിലവാരം പുലര്‍ത്തിയവയാണ്. "ബാച്ചിലര്‍ ല്യ്ഫാണ് അഭയം എന്നയ്യപ്പ...", "കാര്‍മുകിലിന്‍...", "വിജനസുരഭി..." "കപ്പ കപ്പ പുഴുക്ക്..." എന്നെ ഗാനങ്ങളും അവയുടെ ചിത്രീകരണവും മികച്ച നിലവാരം പുലര്‍ത്തി. ഈ സിനിമയുടെ മറ്റൊരു സവിശേഷത എന്നത് രാഹുല്‍ രാജ് ഒരുക്കിയ പശ്ചാത്തല സംഗീതമാണ്. ഓരോ രംഗങ്ങളും യുവാക്കളെ ത്രില്ലടിപ്പികുവാന്‍ വേണ്ടിയുള്ളതായിരുന്നു ഈ സിനിമയുടെ പശ്ചാത്തല സംഗീതം. അതില്‍ നൂറു ശതമാനു വിജയിച്ചിരിക്കുന്നു രാഹുല്‍ രാജ്. പ്രോഡക്ഷന്‍ ഡിസൈന്‍ നിര്‍വഹിച്ച ജോസഫ്‌ നെല്ലിക്കലും, കലാസംവിധാനം നിര്‍വഹിച്ച പ്രതാപും, ശബ്ദമിശ്രണം നിര്‍വഹിച്ച തപസ് നായകും, വസ്ത്രാലങ്കാരം നിര്‍വഹിച്ച പ്രവീണും, മേയിക്കപ് ചെയ്ത രഞ്ജിത്തും അഭിനന്ദനം അര്‍ഹിക്കുന്നു!

അഭിനയം: എബവ് ആവറേജ് 
മറ്റെല്ലാ അമല്‍ നീരദ് സിനിമകളിലെയും പോലെ അമലിന്റെ ബാച്ചിലേര്‍സിന് വേണ്ടിയുള്ള ഈ പാര്‍ട്ടിയില്‍ ഒരു നീണ്ട താരനിര തന്നെ അണിനിരക്കുനുണ്ട്. ആസിഫ് അലി, ഇന്ദ്രജിത്ത്, റഹ്മാന്‍, കലാഭവന്‍ മണി, വിനായകന്‍, ആശിഷ് വിദ്യാര്‍ഥി, ജോണ്‍ വിജയ്‌, ജിനു ജോസ്, സുനില്‍ സുക്കട, കൊച്ചുപ്രേമന്‍, നിത്യ മേനോന്‍, ലെന, തെസ്നി ഖാന്‍ എന്നിവര്‍ക്കൊപ്പം പ്രിഥ്വിരാജ്, പത്മപ്രിയ, രമ്യ നമ്പീശന്‍ എന്നിവരും ബാച്ചിലര്‍ പാര്‍ട്ടിയിലുണ്ട്. മിതത്വമാര്‍ന്ന അഭിനയം കാഴ്ചവെച്ചു കൊണ്ട് റഹ്മാനും, ഇന്ദ്രജിത്തും അവരവരുടെ റോളുകള്‍ മികവുറ്റതാക്കി. സമീപകാലത്തിറങ്ങിയ ആസിഫ് അലി സിനിമകളെ അപേക്ഷിച്ച് നല്ല അഭിനയമാണ് ആസിഫ് ഈ സിനിമയില്‍ കാഴ്ചവെച്ചിരിക്കുന്നത്. അതുപോലെ തന്നെ, കലാഭവന്‍ മണിയും, വിനായകനും, ആശിഷ് വിദ്യാര്‍ഥിയും, ലെനയും, നിത്യ മേനോനും സുനില്‍ സുക്കടയും ഒക്കെ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിച്ചവര്‍ക്ക് മികച്ച പിന്തുണ നല്‍ക്കി.         

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. അമല്‍ നീരദിന്റെ ചായാഗ്രഹണം
2. റഹ്മാന്‍, ഇന്ദ്രജിത്ത് എന്നിവരുടെ അഭിനയം
3. രാഹുല്‍ രാജ് ഒരുക്കിയ പാട്ടുകളും, പശ്ചാത്തല സംഗീതവും
4. സിനിമയുടെ ആദ്യ പകുതി
5. സന്നിവേശം, വസ്ത്രാലങ്കാരം, കലാസംവിധാനം 
 


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. കഥ, തിരക്കഥ

2. ക്ലൈമാക്സ് രംഗങ്ങള്‍
3. രണ്ടു അര്‍ത്ഥമുള്ള സംഭാഷണങ്ങള്‍
4. രണ്ടാം പകുതിയിലെ ഇഴഞ്ഞുനീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍
5. സ്ലോ മോഷന്‍ രംഗങ്ങള്‍ 


ബാച്ചിലര്‍ പാര്‍ട്ടി റിവ്യൂ: സാങ്കേതിക മികവോടെയും നടീനടന്മാരുടെ താരമൂല്യം ഉപയോഗിച്ചും അമല്‍ നീരദ് ഒരുക്കിയ 'ബാച്ചിലര്‍ പാര്‍ട്ടി' ബാച്ചിലേര്‍സിനെ ത്രിപ്ത്തിപെടുത്തുമെങ്കിലും, നല്ലൊരു കഥയുടെയോ കെട്ടുറപ്പുള്ള തിരക്കഥയുടെയോ പിന്‍ബലമില്ലാത്തതിനാല്‍ നല്ല സിനിമകളെ സ്നേഹിക്കുന്നവരെയും കുടുംബ പ്രേക്ഷകരെയും നിരാശപെടുത്തും.

ബാച്ചിലര്‍ പാര്‍ട്ടി റേറ്റിംഗ്: 4.20 / 10
കഥ, തിരക്കഥ: 3 / 10 [ബിലോ ആവറേജ്]
സംവിധാനം:
3 / 10 [ബിലോ ആവറേജ്] 
സാങ്കേതികം: 3.5 / 5 [ഗുഡ്]
അഭിനയം: 3 / 5 [എബവ് ആവറേജ്]

ടോട്ടല്‍: 12.5 / 30 [4.2 / 10]


ചായാഗ്രഹണം, സംവിധാനം: അമല്‍ നീരദ്
കഥ, തിരക്കഥ, സംഭാഷണം: ഉണ്ണി ആര്‍. സന്തോഷ്‌ എച്ചിക്കാനം
നിര്‍മ്മാണം: അമല്‍ നീരദ്, വി.ജയസുര്യ
ബാനര്‍: അമല്‍ നീരദ് പ്രൊഡക്ഷന്‍സ്
ചിത്രസന്നിവേശം: വിവേക് ഹര്‍ഷന്‍
വരികള്‍: റഫീക്ക് അഹമ്മദ്‌
സംഗീതം: രാഹുല്‍ രാജ്
പശ്ചാത്തല സംഗീതം: രാഹുല്‍ രാജ്
കല സംവിധാനം: പ്രതാപ് ആര്‍, ജോസഫ് നെല്ലിക്കല്‍
വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ
ശബ്ദ മിശ്രണം: തപസ് നായക്
മേയിക്കപ്: രഞ്ജിത്ത് അമ്പാടി
വിതരണം:
എ.എന്‍.പി. റിലീസ്

9 Jun 2012

വാദ്ധ്യാര്‍


അലസ മനോഭാവത്തോടെ കാര്യങ്ങളെ സമീപിക്കുന്ന, ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി നടക്കാന്‍ ആഗ്രഹിക്കുന്ന, പഴയ തലമുറയുടെ വാക്കുകളെ പുച്ചിക്കുന്ന ഇന്നത്തെ തലമുറയുടെ പ്രതിനിധിയായ അനൂപ്‌ കൃഷ്ണനാണ് വാദ്ധ്യാര്‍ എന്ന സിനിമയിലെ നായകന്‍. ഉപരിപഠനം പൂര്‍ത്തിയാക്കണം എന്ന് ആഗ്രഹിക്കുന്ന അനൂപിന്, നാട്ടിന്‍പുറത്തെ ഒരു സര്‍ക്കാര്‍ സ്കൂളില്‍ അധ്യാപകനായി ജോലി ലഭിക്കുന്നു. അധ്യാപകനാകാന്‍ താല്പര്യമില്ലാത്ത അനൂപിന് അമ്മയുടെ നിര്‍ബന്ധപ്രകാരം ആ ജോലി സ്വീകരിക്കേണ്ടി വരുന്നു. അങ്ങനെ, കുട്ടികളെക്കാള്‍ പക്വതയില്ലാത്ത അനൂപ്‌ സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകനാകുന്നു. തുടര്‍ന്ന് അനൂപിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. അനൂപായി ജയസുര്യ അഭിനയിക്കുന്ന ഈ സിനിമയില്‍ ആന്‍ അഗസ്റ്റിന്‍, മേനക, വിജയരാഘവന്‍, നെടുമുടി വേണു, അനില്‍ മുരളി, അനൂപ്‌ ചന്ദ്രന്‍, സലിം കുമാര്‍, ഹരിശ്രീ അശോകന്‍, ജയകൃഷ്ണന്‍, മണികണ്ടന്‍, കൊച്ചുപ്രേമന്‍, ബിജു കുട്ടന്‍, അനൂപ്‌ ശങ്കര്‍, കല്പന, ഗീത വിജയന്‍, വനിതാ കൃഷ്ണചന്ദ്രന്‍, പൊന്നമ്മ ബാബു, സീമ ജി. നായര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. 

ലക്ഷ്മിനാഥ് ക്രിയേഷന്‍സിന്റെ ബാനറില്‍ എന്‍.സുധീഷ്‌ നിര്‍മ്മിച്ച വാദ്ധ്യാര്‍ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവ എഴുതിയത് നവാഗതനായ രാജേഷ്‌ രാഘവനും, സംവിധാനം ചെയ്തത് നവാഗതനായ നിധീഷ് ശക്തിയുമാണ്. പ്രദീപ്‌ നായര്‍ ചായാഗ്രഹണം നിര്‍വചിച്ച ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ സന്നിവേശം നിര്‍വഹിച്ചത് രഞ്ജന്‍ എബ്രഹാമാണ്. സന്തോഷ്‌ വര്‍മ, രാജീവ്‌ നായര്‍ എന്നിവരുടെ വരികള്‍ക്ക് ആര്‍.ഗൌതം സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. 

 
കഥ,തിരക്കഥ: മോശം
സര്‍ക്കാര്‍ സ്കൂളും, അവിടത്തെ പാവങ്ങളായ കുട്ടികളും, മടിയന്മാരായ അധ്യാപകരും, അവിടെയ്ക്ക് നന്മയുടെ വെളിച്ചവുമായി എത്തുന്ന നായകനും മലയാള സിനിമയില്‍ ഇതിനു മുമ്പും കഥാപാത്രങ്ങളായിട്ടുണ്ട്. അതെ പശ്ചാത്തലത്തില്‍ വീണ്ടുമൊരു കഥ പറഞ്ഞിരിക്കുകയാണ് രാജേഷ്‌ രാഘവന്‍ എന്ന നവാഗത തിരക്കഥകൃത്ത്. ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ കുഴപ്പങ്ങളും, കൂടുതല്‍ ഫീസ്‌ മേടിച്ചു വിദ്യാഭ്യാസ കച്ചവടം നടത്തുന്ന സ്കൂളുകളെ പരിഹസിച്ചുമുള്ള കഥാസന്ദര്‍ഭങ്ങളും പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ടെങ്കിലും, ഈ സിനിമയുടെ മൂല കഥ അഥവാ പ്രമേയം എന്നത് ഒരുപാട് സിനിമകളിലൂടെ പ്രേക്ഷകര്‍ കണ്ടതാണ്. മേല്പറഞ്ഞ വസ്തുതകളെല്ലാം മോഹന്‍ലാല്‍ നായകനായ സിബി മലയിലിന്റെ ദൂരെ ദൂരെ ഒരു കൂട് കൂട്ടാം, ജയരാജ്‌-ശ്രീനിവാസന്‍ ടീമിന്റെ വിദ്യാരംഭം, കഴിഞ്ഞ വര്ഷം റിലീസായ മാണിക്യക്കല്ല് എന്നീ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക്‌ പരിച്ചതമാണ്. അങ്ങനെയുള്ളൊരു സന്ദര്‍ഭത്തില്‍, അതെ കഥാസന്ദര്‍ഭങ്ങള്‍ വീണ്ടും കാണുവാന്‍ പ്രേക്ഷകര്‍ തയ്യാറാവുമെന്ന് രാജേഷ്‌ രാഘവനെ തോന്നുവാനുള്ള കാരണം മനസിലാകുന്നില്ല. ഈ സിനിമയുടെ പരാജയത്തിനൊരു കാരണം ഈ സിനിമയുടെ കഥയും തിരക്കഥയും തന്നെ. 

സംവിധാനം: മോശം
നവാഗതനായ നിധീഷ് ശക്തി സംവിധാനം നിര്‍വഹിച്ച ആദ്യ സിനിമ സംരംഭം സമ്പൂര്‍ണ പരാജയമാണ് എന്ന് എഴുതുന്നതില്‍ ഖേദിക്കുന്നു. കണ്ടുമടുത്ത കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും പുതുമ നല്‍കിയില്ലെങ്കിലും, വ്യതസ്തമായ രീതിയില്‍ ഈ സിനിമയുടെ കഥ അവതരിപ്പിക്കുവാന്‍ നിധീഷിന് കഴിഞ്ഞിരുന്നുവെങ്കില്‍, ഈ സിനിമ പ്രേക്ഷകര്‍ സ്വീകരിക്കുമായിരുന്നു. ഈ സിനിമയുടെ ദൈര്‍ഘ്യം രണ്ടു മണിക്കൂറില്‍ താഴെ കൊണ്ടുവരുകയും പ്രേക്ഷകരെ ബോറടിപ്പിക്കാതെ വിട്ടതുമാണ് ഒരു സംവിധായകന്‍ എന്ന നിലയില്‍ നിധീഷ് ചെയ്ത ഏറ്റവും മികച്ച കാര്യം

സാങ്കേതികം: ബിലോ ആവറേജ്
പ്രദീപ്‌ നായരാണ് വാദ്ധ്യാര്‍ എന്ന സിനിമയ്ക്ക് വേണ്ടി ദ്രിശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. നാട്ടിന്‍പുറത്തെ സ്കൂളും പരിസരവും പകര്‍ത്തി വെച്ചിരിക്കുന്നു എന്നല്ലാതെ ഒരു ചായഗ്രഹകാന്‍ എന്ന നിലയില്‍ പുതിയതൊന്നും ഈ സിനിമയിലില്ല. രഞ്ജന്‍ എബ്രഹാം ആണ് ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ സന്നിവേശം നിര്‍വഹിച്ചിരിക്കുന്നത്. രാജീവ്‌ നായര്‍, സന്തോഷ്‌ വര്‍മ എന്നിവരുടെ വരികള്‍ക്ക് ആര്‍. ഗൌതം സംഗീതം നല്‍കിയിരിക്കുന്നു. അനൂപ്‌ ശങ്കര്‍ പാടിയ വാ വാ വാദ്ധിയാരെ എന്ന തമിഴ് റീമിക്സ് ഗാനം ഉള്‍പ്പടെ രണ്ടു ഗാനങ്ങളുണ്ട് ഈ സിനിമയില്‍. 

അഭിനയം: ആവറേജ്  
ജയസുര്യയുടെ തന്നെ മുന്‍കാല സിനിമകളായ കുഞ്ഞളിയന്‍, പയ്യന്‍സ് എന്നീ സിനിമകളെ ഓര്‍മ്മപെടുത്തുന്ന അഭിനയമാണ് വാദ്ധ്യാരിലേത്. സജി സുരേന്ദ്രന്റെ കുഞ്ഞളിയന് ശേഷം ജയസൂര്യ നായകനായി അഭിനയിക്കുന്ന ഈ സിനിമയില്‍ , മലയാളികള്‍ക്ക് ഏറെ സുപരിചിതയായ മേനക സുരേഷ്കുമാര്‍ സ്കൂളിലെ പ്രധാന അധ്യാപികയുടെ വേഷത്തിലെത്തുന്നു. ആന്‍ അഗസ്റ്റിന്‍ നായികയാവുന്ന ഈ സിനിമയില്‍ ഒരു നീണ്ട താരനിര തന്നെ അണിനിരക്കുന്നുണ്ട്. കുറെ നാളുകള്‍ക്കു ശേഷം വിജയരാഘവന് ലഭിച്ച നല്ല വേഷമാണ് ഈ സിനിമയിലെത്. ചെറിയ വേഷമാണെങ്കിലും നെടുമുടി വേണുവും, സലിം കുമാറും, അനൂപ്‌ ചന്ദ്രനും അവരവരുടെ റോളുകള്‍ നന്നായി അവതരിപ്പിച്ചു.
 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. വാ വാ വാദ്ധ്യിയാരെ എന്ന റീ മിക്സ് ഗാനം
2. 2 മണിക്കൂറിനുള്ളില്‍ സിനിമ അവനസാനിക്കുന്നു



സിനിമയുടെ മൈനസ് പോയിന്റ്സ്:
1. തിരക്കഥ, സംഭാഷണങ്ങള്‍
2. സംവിധാനം
3. കഥാസന്ദര്‍ഭങ്ങള്‍, കഥാപാത്രങ്ങള്‍
4. ചായാഗ്രഹണം  

 

വാദ്ധ്യാര്‍ റിവ്യൂ: മോഹന്‍ലാലിന്‍റെ ദൂരെ ദൂരെ ഒരു കൂട് കൂട്ടാം, ശ്രീനിവാസന്റെ വിദ്യാരംഭം, പ്രിഥ്വിരാജിന്റെ മാണിക്യകല്ല്‌ എന്നീ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക്‌ സുപരിചിതമായ കഥയും കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും പുതിയൊരു പശ്ചാത്തലത്തില്‍ കാണുവാന്‍ കുഴപ്പമില്ലത്തവര്‍ക്കു പോലും കണ്ടിരിക്കാന്‍ പ്രയാസമുള്ള സിനിമയാണ് നിധീഷ് ശക്തിയുടെ വാദ്ധ്യാര്‍.
 
വാദ്ധ്യാര്‍ റേറ്റിംഗ്: 2.20 / 10
കഥ,തിരക്കഥ: 1 / 10 [മോശം]
സംവിധാനം: 1 / 10 [മോശം]
സാങ്കേതികം: 2 / 5 [ബിലോ ആവറേജ്]
അഭിനയം: 2.5 / 5[ആവറേജ്]
ടോട്ടല്‍: 6.5 / 30 [2.2 / 10]


സംവിധാനം: നിധീഷ് ശക്തി
കഥ,തിരക്കഥ,സംഭാഷണം: രാജേഷ്‌ രാഘവന്‍
നിര്‍മ്മാണം: എന്‍.സുധീഷ്‌
ബാനര്‍: ലക്ഷ്മി നാഥ് ക്രിയേഷന്‍സ്
ചായാഗ്രഹണം: പ്രദീപ്‌ നായര്‍
ചിത്രസന്നിവേശം: രഞ്ജന്‍ എബ്രഹാം
വരികള്‍: സന്തോഷ്‌ വര്‍മ, രാജീവ്‌ നായര്‍
സംഗീതം: ആര്‍. ഗൌതം

വിതരണം: കലാസംഘം റിലീസ് 

8 Jun 2012

വീണ്ടും കണ്ണൂര്‍

കേരള രാഷ്ട്രീയത്തിലുള്ള ഉള്ളുകളികളും, കണ്ണൂര്‍ എന്ന സ്ഥലത്തിന്റെ രാഷ്ട്രീയ പാരമ്പര്യവും, പുതിയൊരു പ്രത്യേയശാസ്ത്രത്തിന്റെ തുടക്കം കുറിക്കലും ഒക്കെ ചര്‍ച്ചചെയ്യുന്ന സിനിമയാണ് വീണ്ടും കണ്ണൂര്‍. ജയകൃഷ്ണന്‍ എന്ന പത്രപ്രവര്‍ത്തകന്റെ വേഷത്തിലെത്തുന്ന അനൂപ്‌ മേനോനാണ് ഈ സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. 1999ല്‍ കെ.കെ.ഹരിദാസ്‌- റോബിന്‍ തിരുമല ടീമിന്റെ കണ്ണൂര്‍ എന്ന സിനിമയുടെ രണ്ടാം ഭാഗമായ വീണ്ടും കണ്ണൂര്‍ എന്ന ഈ സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് യഥാക്രമം റോബിന്‍ തിരുമലയും കെ.കെ.ഹരിദാസും ചേര്‍ന്നാണ്. കേരളത്തില്‍ നടന്നതും നടക്കാന്‍ സാധ്യതയുള്ളതുമായ കാലികപ്രസക്തിയുള്ള നിരവധി സംഭവങ്ങള്‍ ഈ സിനിമയിലൂടെ ചര്ച്ചചെയ്യപെടുന്നു. രാഷ്ട്രീയത്തില്‍ മുന്നേറുവാനായി ജനപ്രതിനിധികള്‍ ഉപയോഗിക്കുന്ന തന്ത്രങ്ങളും, അതില്‍ സാധാരണക്കാര്‍ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങളും ഒക്കെ ഈ സിനിമയില്‍ കഥാസന്ദര്‍ഭങ്ങളാകുന്നു.

കണ്ണൂരിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയായ മാടായി സുരേന്ദ്രന്റെ ഏക മകനാണ് ജയകൃഷ്ണന്‍. ഡല്‍ഹിയില്‍ നിന്നും പഠനവും ജോലിയും ഒക്കെ കഴിഞു കേരളത്തില്‍ എത്തുന്ന ജയകൃഷ്ണന്‍, കണ്ണൂരിന്റെ ഇന്നത്തെ അവസ്ഥ കണ്ടു ഞെട്ടുന്നു. ഒരിക്കല്‍, ജയകൃഷ്ണന് നേരെയുണ്ടായ ഒരു അക്രമത്തില്‍ നിന്നും അയാള്‍ രക്ഷപെടുന്നു. എന്നാല്‍ അയാള്‍ക്ക് പകരം ആ അക്രമത്തിനിരയാകേണ്ടി വന്ന 5 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ കാലുകള്‍ നഷ്ടപെടുകയും ചെയ്ത സംഭവം അയാളെ മാനസികമായി തളര്‍ത്തുകയും ചെയുന്നു. ഈ ദുരിതങ്ങളില്‍ നിന്നും കണ്ണൂര്‍ നിവാസികളെ രക്ഷിക്കുവാനായി പുതിയൊരു രാഷ്ട്രീയ ആശയം കൊണ്ടുവരാന്‍ ജയകൃഷ്ണന്‍ ശ്രമിക്കുന്നതും, ആ ശ്രമങ്ങള്‍ക്കിടയില്‍ അയാള്‍ അനുഭവിക്കേണ്ടി വരുന്ന പ്രശനങ്ങളുമാണ് ഈ സിനിമയുടെ കഥ. ജയകൃഷ്ണനായി അനൂപ്‌ മേനോനും, മാടായി സുരേന്ദ്രനായി ശിവജി ഗുരുവായൂരും അഭിനയിക്കുന്നു.  

കഥ, തിരക്കഥ: ബിലോ ആവറേജ്
ശക്തമായ ഒരു പ്രമേയം തിരഞ്ഞെടുക്കാന്‍ റോബിന്‍ തിരുമലയ്ക്ക് കഴിഞ്ഞെങ്കിലും, നല്ലൊരു കഥ രൂപപെടുത്തിയെടുക്കുവാനോ പുതുമയുള്ള കഥ സന്ദര്‍ഭങ്ങള്‍ രചിക്കുവാനോ സാധിച്ചില്ല. 6 വര്ഷം മുമ്പ് പുറത്തിറങ്ങിയ ജയറാം നായകനായ സുന്ദര്‍ ദാസിന്റെ പൗരന്‍ എന്ന സിനിമയിലും ചര്‍ച്ച ചെയ്ത വിഷയം പുതിയ കമ്മ്യൂണിസ്റ്റ് ചിന്താഗതികള്‍ കേരളത്തില്‍ വരണമെന്ന് തന്നെയാണ്. ആ സിനിമ ഒരു പരാജയമായത് എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണോ, അതെ കാരണങ്ങള്‍ തന്നെയാണ് വീണ്ടും കണൂരിനെയും ബാധിച്ചിരിക്കുന്നത്. മനോജ്‌.കെ.ജയന്‍-വാണി വിശ്വനാഥ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ കണ്ണൂര്‍ എന്ന സിനിമയുടെ രണ്ടാം ഭാഗം എന്ന വിശേഷണം ഈ സിനിമയ്ക്ക് ആവശ്യമില്ല. 1997ല്‍ കണ്ണൂരില്‍ നടന്ന കാര്യങ്ങളാണ് ആ സിനിമയുടെ കഥയെങ്കിലും, കെ.കെ.ഹരിദാസ്‌ എന്ന സംവിധായകന്റെ കഴിവുകൊണ്ടും റോബിന്‍ തിരുമലയുടെ തിരക്കഥ രചനയാലും ആ സിനിമ ശ്രദ്ധിക്കപെട്ടു. അതെ ചേരുവകളെല്ലാം ചേര്‍ത്തുകൊണ്ട് ഈ കാലഘട്ടത്തില്‍ സിനിമയുണ്ടാക്കവുവാന്‍ ശ്രമിച്ചാല്‍ പ്രേക്ഷകര്‍ സ്വീകരിക്കുകയില്ല എന്നതിന്റെ തെളിവാണ് വീണ്ടും കണ്ണൂര്‍ എന്ന സിനിമയുടെ പരാജയം..


സംവിധാനം: മോശം
രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥപറയുന്ന മലയാള സിനിമകള്‍ പ്രേക്ഷകര്‍ എക്കാലവും സ്വീകരിചിരിച്ചിട്ടുണ്ട്. പക്ഷെ, കഥയും പ്രമേയവും പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നത് നല്ലൊരു സംവിധായകന് മാത്രം സാധിക്കുന്ന കാര്യമാണ്. കണ്ണൂര്‍ എന്ന സിനിമയിലൂടെ ആ നാടിന്‍റെ രാഷ്ട്രീയ പശ്ചാത്തലം മലയാളികള്‍ക്ക് സുപരിചിതമാക്കികൊടുക്കുവാന്‍ സാധിച്ച ഹരിദാസിന്, വീണ്ടും കണ്ണൂര്‍ എന്ന സിനിമ സംവിധാനം ചെയ്തപ്പോള്‍, മേല്പറഞ്ഞ വിഷയങ്ങളിളൊന്നും ശ്രദ്ധപതിപ്പിക്കുവാന്‍ സാധിക്കാതെ പോയി. സിനിമയുടെ ആദ്യപകുതിയിലും രണ്ടാം പകുതിയിലും അനാവശ്യമായ പാട്ടുകള്‍ കുത്തിനിറച്ചു സിനിമയുടെ വേഗത കളഞ്ഞു. അതുപോലെ തന്നെ, സിനിമയുടെ കഥയും പ്രമേയവും ഒക്കെ നശിപ്പിക്കുന്ന വിധം സസ്പെന്‍സ് ഉള്‍കൊള്ളിക്കുവാന്‍ വേണ്ടി മാത്രം കഥാവസാനം ഒരു സസ്പെന്‍സും, സിനിമ പെട്ടന്ന് അവസാനിപ്പിച്ചുകൊണ്ട് ക്ലൈമാക്സും ബോറാക്കി. 
 

 
സാങ്കേതികം: ആവറേജ്
ജിത്തു ദാമോദര്‍ പകര്‍ത്തിയ ദ്രിശ്യങ്ങളും ബിജിത്ത് ബാലയുടെ ചിത്രസന്നിവേശവും റോബിന്‍ തിരുമലയുടെ സംഗീതവുമെല്ലാം ശരാശരി നിലവാരം പുലര്‍ത്തുന്നു. ഒരു ആക്ഷന്‍ മൂടിലുള്ള ത്രില്ലര്‍ സിനിമയ്ക്ക് ആവശ്യമായ രീതിയിലുള്ള വേഗത ഈ സിനിമ നിലനിര്‍ത്തുന്നുന്ടെങ്കിലും, നിലവാരമില്ലാത്ത സംവിധാനത്താല്‍ സാങ്കേതിക വശങ്ങളൊന്നും പ്രേക്ഷകര്‍ ശ്രദ്ധിക്കുന്നതെയില്ല.

അഭിനയം: ആവറേജ് 
വീണ്ടും കണ്ണൂര്‍ എന്ന ഈ സിനിമ രണ്ടു മണിക്കൂര്‍ പ്രേക്ഷകര്‍ കണ്ടിരുന്നുവെങ്കില്‍ അതിനോരെയൊരു കാരണം അനൂപ്‌ മേനോന്‍ എന്ന നടന്റെ സാന്നിധ്യമാണ്. മികച്ച രീതിയില്‍ ജയകൃഷ്ണന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ അനൂപിന് സാധിച്ചിട്ടുണ്ട്. കാതല്‍ സന്ധ്യ നായികയാവുന്ന ഈ സിനിമയില്‍ ശിവജി ഗുരുവായൂര്‍, റിസഭാവ, ടിനി ടോം, ഇര്‍ഷാദ്, രാജീവ്‌ പിള്ള, അരുണ്‍, മനുരാജ്, ബാബു നമ്പൂതിരി, അംബിക മോഹന്‍, സീനത്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

സിനിമയുടെ പ്ലസ് പോയിന്റ്സ്:
1. അനൂപ്‌ മേനോന്‍
2. പ്രമേയം 


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. കഥ, തിരക്കഥ
2. സംവിധാനം
3. ക്ലൈമാക്സ് 


വീണ്ടും കണ്ണൂര്‍ റിവ്യൂ: കാലികപ്രസക്തിയുള്ള നിരവധി സംഭവങ്ങള്‍ ചരച്ചചെയ്യുന്ന സിനിമയാണ് എങ്കിലും, കെട്ടുറപ്പില്ലാത്ത തിരക്കഥയാലും മോശം സംവിധാനത്താലും തിരക്കഥകൃത്തും സംവിധായകനും പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തിക്കാന്‍ ഉദേശിച്ച കാര്യങ്ങളൊന്നും അവരിലേക്കെത്തിയില്ല.

വീണ്ടും കണ്ണൂര്‍ റേറ്റിംഗ്: 3.00 / 10
കഥ, തിരക്കഥ: 3 / 10 [ബിലോ ആവറേജ്]
സംവിധാനം: 1 / 10 [മോശം]
സാങ്കേതികം: 2.5 / 5 [ആവറേജ്]
അഭിനയം: 2.5 / 5 [ആവറേജ്]
ടോട്ടല്‍: 9 / 30 [3 / 10]


സംവിധാനം: കെ.കെ.ഹരിദാസ്
രചന, സംഗീത സംവിധാനം: റോബിന്‍ തിരുമല
നിര്‍മ്മാണം: ലത്തീഫ് തിരൂര്‍
ചായാഗ്രഹണം: ജിത്തു ദാമോദര്‍
ചിത്രസന്നിവേശം: ബിജിത്ത് ബാലാ
ബാനര്‍: ഗോള്‍ഡന്‍ വിങ്ങസ്