25 Sept 2012

ഹസ്ബന്റ്സ് ഇന്‍ ഗോവ - ഭാര്യമാരെ പറ്റിച്ചുകൊണ്ടുള്ള ഭര്‍ത്താക്കന്മാരുടെ സ്ഥിരം കോമാളിത്തരങ്ങള്‍ 4.00/10


കുഞ്ഞളിയന്‍ എന്ന സിനിമയ്ക്ക് ശേഷം കൃഷ്ണ പൂജപ്പുര തിരക്കഥ എഴുതി സജി സുരേന്ദ്രന്‍ സംവിധാനം നിര്‍വഹിച്ചു, ജയസുര്യ, ലാല്‍, ഇന്ദ്രജിത്ത്, ആസിഫ് അലി, കലാഭവന്‍ മണി, റിമ കല്ലിങ്കല്‍, ഭാമ, രമ്യ നമ്പീശന്‍, പ്രവീണ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച സിനിമയാണ് ഹസ്ബന്റ്സ് ഇന്‍ ഗോവ. ഇന്ത്യയിലെ പ്രമുഖ സിനിമ-സീരിയല്‍ നിര്‍മ്മാണ കമ്പിനികളില്‍ ഒന്നായ യു.ടി.വി.മോഷന്‍ പിക്ചേഴ്സ് മോഹന്‍ലാലിന്‍റെ ഗ്രാന്റ്മാസ്റ്ററിനു ശേഷം നിര്‍മ്മിക്കുന്ന രണ്ടാമത്തെ മലയാള സിനിമാകൂടിയാണ് ഹസ്ബന്റ്സ് ഇന്‍ ഗോവ. അനില്‍ നായരാണ് കൊച്ചിയിലും ഗോവയിലുമായി ചിത്രീകരിച്ച ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. മോഹന്‍ലാല്‍-മമ്മൂട്ടി ഒന്നിച്ചഭിനയിച്ച ജോഷിയുടെ നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന സിനിമയിലെ പിച്ചകപൂങ്കാവുകള്‍ക്ക്മപ്പുറം എന്ന തുടങ്ങുന്ന പാട്ട് ഈ സിനിമയിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തുന്നു എന്നത്  ഈ സിനിമയുടെ പ്രത്യേകതകളില്‍ ഒന്നാണ്. എം.ജി.ശ്രീകുമാറാണ് സംഗീത സംവിധാനം. മനോജാണ് ചിത്രസന്നിവേശം.

ഭാര്യമാരെ പേടിച്ചും അനുസരിച്ചും ജീവിക്കുന്ന മൂന്ന് ചെറുപ്പക്കാരാണ് ജെറിയും ഗോവിന്ദും അര്‍ജുനും. വക്കീലായ ജെറിയാണ് ഭാര്യ ടീനയെ അനുസരിച്ച് വീട്ടുജോലികളും ചെയ്തു ദുരിതമനുഭവിക്കുന്ന ഒരു ഭര്‍ത്താവ്. ഭാര്യ അഭിരാമിയെ പേടിച്ചു ദിവസവും അമ്പലങ്ങളായ അമ്പലങ്ങള്‍ തോറും ശയന പ്രദക്ഷിണം നടത്തി കഷ്ടപെടുന്ന മറ്റൊരു ഭര്‍ത്താവാണ് ചാര്‍ടെര്‍ഡക്കൌണ്‍റ്റന്റ് ഗോവിന്ദ്. ഇന്റീരിയര്‍ ഡിസൈനിങ്ങ് ഇഷ്ട ജോലിയായി തിരഞ്ഞെടുത്ത അര്‍ജുന്‍, ഭാര്യ വീണയുടെ നിര്‍ദേശപ്രകാരം ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു. മൂന്ന് തരത്തില്‍ ദുരതമനുഭവിക്കുന്ന ഈ സുഹൃത്തുക്കളായ ഭര്‍ത്താക്കന്മാര്‍ ഭാര്യമാരറിയാതെ ഗോവയിലേക്ക് അടിച്ചുപൊളിക്കാന്‍ പോക്കുന്നു. ആ യാത്രക്കിടയില്‍ ട്രെയിനില്‍ വെച്ച് മറ്റൊരു രീതിയില്‍ ദുരിതമനുഭവിക്കുന്ന സണ്ണി എന്ന സിനിമ ചായഗ്രാഹകനെ പരിച്ചയപെടുന്നു. ബോംബയിലേക്ക് പോകേണ്ടിയിരുന്ന സണ്ണി മൂവരുമായി സൗഹ്രിദത്തിലാവുകയും അവരോടൊപ്പം ഗോവയിലേക്ക് പോവുകയും ചെയ്യുന്നു. ഗോവയിലെത്തിയ ഈ നാല്‍വര്‍ സംഘം ചില കുഴപ്പങ്ങളില്‍ ചെന്ന് ചാടുകയും അതില്‍ നിന്നും കേമികളായ ഭാര്യമാര്‍ ഇവരെ രക്ഷപെടുത്തുന്നതുമാണ് ഈ സിനിമയുടെ കഥ. 

കഥ,തിരക്കഥ: ബിലോ ആവറേജ്
ജയറാമും ജയസുര്യയും ഇന്ദ്രജിത്തും ഒന്നിച്ച ഹാപ്പി ഹസ്ബന്റ്സ് എന്ന സിനിമയുടെ പ്രമേയവുമായി സാമ്യമുള്ള ഒന്നുതന്നെയാണ് കൃഷ്ണ പൂജപ്പുര ഈ സിനിമയ്ക്ക് വേണ്ടിയും രൂപപെടുത്തിയിരിക്കുന്ന കഥ. ദാമ്പത്യ ജീവിതത്തില്‍ ഭാര്യമാരുടെ അമിത സ്നേഹവും സംശയങ്ങളും ഭര്‍ത്താക്കന്മാരെ മാനസികമായ അലട്ടുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് എന്നും, അതില്‍ നിന്നും സ്വയം രക്ഷപെടുവാന്‍ വേണ്ടി ഭാര്യമാര്‍ അറിയാതെ അടിച്ചുപൊളിക്കാന്‍ പോകുന്നതും ഒക്കെ രസകരമായ കഥാതന്തു തന്നെയാണ്. ഇത്തരത്തിലുള്ള ഒരു കഥ ആവര്‍ത്തവിരസതയില്ലാത്ത കഥാസന്ദര്‍ഭങ്ങളിലൂടെ പറഞ്ഞുപോകുന്നുവെങ്കില്‍, ഇതുപോലുള്ള സിനിമകള്‍ ഏതു കാലഘട്ട്ത്തില്‍ ഇറങ്ങിയാലും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കും. ഹസ്ബന്റ്സ് ഇന്‍ ഗോവയുടെ കാര്യത്തില്‍ കൃഷ്ണ പൂജപ്പുരയ്ക്ക് പുതുമ നിറഞ്ഞ കഥാസന്ദര്‍ഭങ്ങള്‍ എഴുതുവാന്‍ സാധിച്ചില്ല. പ്രവചിക്കാനവുന്ന കഥാസന്ദര്‍ഭങ്ങളിലൂടെയാണ് ഈ സിനിമയുടെ കഥയും വികസിക്കുന്നത്. രസകരമാക്കുവാന്‍ സാധ്യത ഏറെയുള്ള കഥാപാത്രമായിരുന്നു ലാല്‍ അവതരിപ്പിച്ച സണ്ണി. അതുപോലെ നമ്പര്‍ 20 മദ്രാസ്‌ മെയില്‍ എന്ന സിനിമയിലെ നാടാര്‍ എന്ന കഥാപാത്രത്തെയും പൂര്‍ണമായി പ്രയോജനപെടുത്തുവാന്‍ തിരക്കഥകൃത്തിനു സാധിച്ചില്ല. ഈ കുറവുകളൊക്കെ ഉണ്ടെങ്കിലും കണ്ടുമടുത്ത കഥയാണെങ്കിലും, കുടുംബത്തിനൊപ്പം കുട്ടികള്‍ക്കൊപ്പം ഒന്നിച്ചിരുന്നു കണ്ടിരിക്കാവുന്ന സിനിമയാണ് ഹസ്ബന്റ്സ് ഇന്‍ ഗോവ.

സംവിധാനം: ബിലോ ആവറേജ്
ഹാപ്പി ഹസ്ബന്റ്സ് എന്ന സിനിമ എത്രത്തോളം രസകരമായി കളര്‍ഫുള്ളായി സംവിധാനം ചെയ്തിട്ടുണ്ടോ, അത്രയും കളര്‍ഫുള്ളായി തന്നെ ഈ സിനിമയും സംവിധാനം ചെയ്തിട്ടുണ്ട് സജി സുരേന്ദ്രന്‍. ഹാപ്പി ഹസ്ബന്റ്സ് സിനിമയില്‍ കുറെ രസകരങ്ങളായ മുഹൂര്‍ത്തങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ട് ആ സിനിമ ഒരു വിജയ സിനിമയായി മാറി. ഹസ്ബന്റ്സ് ഇന്‍ ഗോവയുടെ കാര്യത്തില്‍ രസകരങ്ങളായ മുഹൂര്‍ത്തങ്ങള്‍ ഉണ്ടെങ്കിലും, അവയൊക്കെ ആവര്‍ത്തനവിരസത അനുഭവപെടുന്നവയാണ്. അതുകൊണ്ട് സജി സുരേന്ദ്രന് പകരം പ്രിയദര്‍ശന്‍ ഈ സിനിമ സംവിധാനം ചെയ്താലും ഇതില്‍ കൂടുതലൊന്നും സംഭവിക്കാന്‍ പോകുന്നില്ല. നാടാര്‍ എന്ന കഥാപാത്രത്തെ ഒരു ആവശ്യവുമില്ലാതെ ഈ സിനിമയില്‍ വീണ്ടും ഉപയോഗിച്ചിരിക്കുന്നു. അതുപോലെ പിച്ചകപ്പൂങ്കവുകള്‍ക്ക് എന്ന സൂപ്പര്‍ ഹിറ്റ്‌ ഗാനം രണ്ടാമാത് സംഗീതം നല്‍ക്കി ഈ സിനിമയില്‍ ഒരു പ്രധാന ഗാനമായി ഉള്പെടുത്തിയിരിക്കുന്നു. മേല്പറഞ്ഞ രണ്ടും പ്രേക്ഷകരെ ഒരു രീതിയിലും രസിപ്പിക്കുന്നില്ല. രണ്ടും പാഴയിപോയ ശ്രമങ്ങള്‍ മാത്രം. ഹിന്ദി സിനിമ മസ്തിയുടെ കഥയുമായി സാമ്യമുള്ള ഒന്നാണ് സജി സുരന്ദ്രനും കൃഷ്ണ പൂജപ്പുരയും ഇത്തവണെയും തിരഞ്ഞെടുത്തിരിക്കുന്നത്. എന്നാണാവോ ഇവര്‍ രണ്ടുപേരും ചേര്‍ന്ന് ഇവരുടെ തന്നെ ഒരു ശ്രിഷ്ടി മലയാള സിനിമയാക്കുന്നത്.

സാങ്കേതികം: എബവ് ആവറേജ്
അനില്‍ നായരുടെ കളര്‍ഫുള്‍ ദ്രിശ്യങ്ങളാണ് സിനിമയുടെ മാറ്റുകൂട്ടുന്നതില്‍ പ്രധാന പങ്കുവഹിച്ച ഘടകം. കൊച്ചിയിലെയും ഗോവയിലെയും ദ്രിശ്യങ്ങള്‍ കളര്‍ഫുള്ളായി ചിത്രീകരിക്കുവാന്‍ അനില്‍ നായരിന് സാധിച്ചു. സുഹൃത്തുക്കള്‍ ട്രെയിനില്‍ സഞ്ചരിച്ച രംഗങ്ങള്‍ക്ക് കൃത്രിമത്വം തോന്നിപിച്ചത് കാര്യമായൊന്നും സിനിമയുടെ വേഗതയെ ബാധിച്ചിട്ടില്ല. അനില്‍ നായര്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ മനോജാണ് സന്നിവേശം ചെയ്തത്. കഥയുടെ വേഗത നഷ്ടപെടാതെ ചടുലമായി തന്നെ രംഗങ്ങള്‍ സന്നിവേശം ചെയ്യുവാന്‍ മനോജിനു സാധിച്ചു. വയലാര്‍ ശരത്, ഷിബു ചക്രവര്‍ത്തി, രാജീവ്‌ ആലുങ്കല്‍ എന്നിവരുടെ വരികള്‍ക്ക് എം.ജി.ശ്രീകുമാര്‍ സംഗീതം നല്‍കിയിരിക്കുന്നു. പിച്ചക്കപ്പൂങ്കളുകള്‍ക്ക്മപ്പുറം എന്ന സൂപ്പര്‍ ഹിറ്റ്‌ ഗാനത്തിന്റെ പുനാരവിഷ്കരണത്തെക്കാള്‍ മികച്ചു നിന്ന ഗാനം നീല നീല കടലിനു കണ്മണി...എന്ന തുടങ്ങുന്ന ഗാനമായിരുന്നു. പ്രദീപ്‌ രംഗന്റെ മേക്കപ്പും, കുമാര്‍ ഇടപ്പാളിന്റെ വസ്ത്രാലങ്കാരവും, പ്രസന്നയുടെ  നൃത്ത സംവിധാനവും സിനിമയ്ക്കുതക്കുന്നവയാണ്.

അഭിനയം: എബവ് ആവറേജ്

ഇവര്‍ വിവാഹിതരായാല്‍, ഹാപ്പി ഹസ്ബന്റ്സ്, ഫോര്‍ ഫ്രെണ്ട്സ്, കുഞ്ഞളിയന്‍ എന്നീ സിനിമകള്‍ക്ക്‌ ശേഷം സജി സുരേന്ദ്രന്‍ സംവിധാനം ചെയുന്ന അഞ്ചാമത്തെ സിനിമയായ ഹസ്ബന്റ്സ് ഇന്‍ ഗോവയിലും ജയസൂര്യ നായകതുല്യമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്‌. തുടര്‍ച്ചയായി ഒരേ സംവിധായകന്റെ അഞ്ചു സിനിമകളിലും നായകനാകുവാനുള്ള ഭാഗ്യം ജയസൂര്യക്ക് ലഭിച്ചു. ഗോവിന്ദ് എന്ന കഥാപാത്രത്തെ രസകരമായ രീതിയില്‍ തന്നെ ജയസൂര്യ അവതരിപ്പിച്ചിട്ടുണ്ട്. ഏറെ നാളുകള്‍ക്കു ശേഷം ഇന്ദ്രജിത്തിന് ലഭിച്ച രസകരമായ കഥാപാത്രമാണ് ഈ സിനിമയിലെ ജെറി. കോമഡി  കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന ഇന്ദ്രജിത്തിന്റെ തനതായ ശൈലിയില്‍ ജെറിയെ അവതരിപ്പിച്ചിട്ടുണ്ട്. സോള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ എന്ന സിനിമയിലെ പോലെ  മറ്റൊരു തരികിട കഥാപാത്രവുമായി ആസിഫ് അലിയും തനിക്കു ലഭിച്ച വേഷത്തോട് നീതിപുലര്‍ത്തി. ഒരല്പം അമിതാഭിനയം കാഴ്ച്ചവെച്ചുകൊണ്ട് സണ്ണി എന്ന കഥാപാത്രമായി ലാലും മോശമാക്കിയില്ല. നീതിമാനായ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ കലാഭവന്‍ മണിയും സിനിമയുടെ യോജിച്ചു പോകുന്ന രീതിയില്‍ അഭിനയിച്ചിട്ടുണ്ട്. നമ്പര്‍ 20 മദ്രാസ്‌ മെയിലിലെ നാടാര്‍ എന്ന കഥാപാത്രമായി ഇന്നസെന്റ് ഈ സിനിമയിലൂടെ വീണ്ടുമെത്തുന്നുണ്ട്. പ്രവീണ, റിമ കല്ലിങ്കല്‍, ഭാമ, രമ്യ നമ്പീശന്‍, സരയൂ, ലീന മരിയ, മായ ഉണ്ണി എന്നിവരാണ് ഈ സിനിമയിലെ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 


സിനിമയുടെ പ്ലസ് പോയിന്റ്സ്:
1.കളര്‍ഫുള്‍ ലോക്കെഷന്‍സ്
2.അനില്‍ നായരിന്റെ ചായഗ്രഹണം

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.ലോജിക്കില്ലാത്ത കഥ
2.പ്രവചിക്കാനവുന്ന കഥസന്ദര്‍ഭങ്ങള്‍ 
3.തമാശയ്ക്ക് വേണ്ടി ഉണ്ടാക്കപെട്ട രംഗങ്ങള്‍
4.നാടാറിനെ പോലെ കഥയില്‍ പ്രാധാന്യമില്ലാത്ത കഥാപാത്രങ്ങള്‍ 

ഹസ്ബന്റ്സ് ഇന്‍ ഗോവ റിവ്യൂ: കഥയെപറ്റിയൊന്നും ചിന്തിക്കാതെ കുടുംബപ്രേക്ഷകര്‍ക്ക് ഒരു വട്ടം കണ്ടിരിക്കാവുന്ന സജി സുരേന്ദ്രന്‍-കൃഷ്ണ പൂജപ്പുര ടീമിന്റെ ഹാപ്പി ഹസ്ബന്റ്സ് പോലെയുള്ള മറ്റൊരു സിനിമ.

ഹസ്ബന്റ്സ് ഇന്‍ ഗോവ റേറ്റിംഗ്: 4.00/10
കഥ,തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 3/10[ബിലോ ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 12/30 [4/10]

സംവിധാനം: സജി സുരേന്ദ്രന്‍
കഥ,തിരക്കഥ,സംഭാഷണം: കൃഷ്ണ പൂജപ്പുര
ബാനര്‍: യു.ടി.വി.മോഷന്‍ പിക്ചേഴ്സ്
നിര്‍മ്മാണം: റോണി സക്രൂവാല, സിദ്ധാര്‍ത് റോയ് കപൂര്‍
ചായാഗ്രഹണം: അനില്‍ നായര്‍
ചിത്രസന്നിവേശം:മനോജ്‌
ഗാനരചന: വയലാര്‍ ശരത്, ഷിബു ചക്രവര്‍ത്തി, രാജീവ്‌ ആലുങ്കല്‍ 
സംഗീതം: എം.ജി.ശ്രീകുമാര്‍
മേക്കപ്പ്: പ്രദീപ്‌ രംഗന്‍
വസ്ത്രാലങ്കാരം: കുമാര്‍ എടപ്പാള്‍
നൃത്ത സംവിധാനം:പ്രസന്ന
വിതരണം: യു.ടി.വി. റിലീസ്

No comments:

Post a Comment